അങ്ങനെയൊരോ പണിയിൽ പെട്ട് സമയം പോയതറിഞ്ഞില്ല…! നാട്ടിലെ പിള്ളാര് മിക്കവരും ശരത്തേട്ടന്റെ വീട്ടിലും ഇവിടെയും വന്നുപോയോണ്ടിരുന്നു…! അവന്മാരുള്ളൊണ്ട് വലിയ സീൻ ഉണ്ടായിരുന്നില്ല…! ഇരുട്ട് ആവുംതോറും ആളുകളുടെ എണ്ണം കൂടികൊണ്ടിരുന്നു…! അവരെയെല്ലാം സ്വീകരിക്കാനായി അച്ഛൻ ഉമ്മറത്ത് തന്നെ നിൽപ്പുണ്ട്…! ഒരു കാര്യത്തിൽ എനിക്ക് സമാധാനമുണ്ട്, കാരണം മറ്റന്നാൾ എക്സാം തുടങ്ങുന്നത് കാരണം ആരതി കല്യാണത്തിന് വരാൻ സാധ്യതയില്ല…! അവള്ടെ അമ്മ എന്റമ്മയോട് പറയുന്നത് ഞാൻ കേട്ടതാണ്, പഠിക്കാൻ കൊറേണ്ടത്രേ…! ആ പറിയത്തി ഇല്ല്യാത്തത് തന്നെയാണ് നല്ലത്…!
നേരം ഇരുട്ടിയതും അധികം താമസിക്കാതെ വിളമ്പൽ തൊടങ്ങി…! തലേ ദിവസമായോണ്ട് ഇന്ന് ചിക്കൻ കറിയും നെയ്‌ച്ചോറുമാണ് സ്പെഷ്യൽ, അതിന്റെ കൂടെ ചില്ലി ചിക്കനുമുണ്ട്…! ഏതൊരു കല്യാണപ്പന്തലിലേം പോലെ നാട്ടിലെ പിള്ളാരായ ഞങ്ങൾ തന്നെ വിളമ്പാൻ നിന്നു…! ഇടക്കൊരോ ചിക്കൻ പീസും അകത്താക്കാൻ ഞങ്ങളാരും മറന്നില്ല…! ചിലരൊക്കെ വന്ന് ആരോടോ ദേഷ്യമുള്ള പോലെ തിന്നുന്നത് കണ്ടപ്പോ അത്ഭുതം തോന്നി…! അതൊക്കെ പോട്ടെന്ന് വെക്കാം, ഞാൻ ഇതുവരെ കുടുംബത്തിൽ കാണാത്ത ഓരോ പാഴുകള് വന്ന് അവടെ വെള്ളമ്പട ഇവടെ വെള്ളമ്പട ന്നൊക്കെ പറയണകേൾക്കുമ്പോ ചെള്ള നോക്കി ഒന്ന് കൊടുക്കാൻ തോന്നും…! ഇവറ്റകളെയൊക്കെ കല്യാണം വിളിച്ചിട്ടുണ്ടാണാവോ…?
സമയം കഴിയുന്തോറും കഴിക്കാനുള്ള ആളുകളുടെ എണ്ണം കുറഞ്ഞോണ്ടിരുന്നു…! പിന്നെ ഞങ്ങടെ വീട്ടുകാര് ഓരോരുത്തരായി ഇരിക്കാൻ തൊടങ്ങി…! കല്യാണപെണ്ണും കൂട്ടുകാരും കഴിക്കാനായി വന്നതും എന്നെ അവരെല്ലാം കൂടി നിർബന്ധിച്ച് ചേച്ചിടെ അടുത്ത് പിടിച്ചിരുത്തി…! അവൾക്ക് കരയണമെന്നൊക്കെണ്ട്, പക്ഷെ ആളുകൾടെ മുന്നിൽ ആളാവാൻ വേണ്ടി പിടിച്ചിരികണതാ…! ചോറും കറിയുമൊക്കെ വന്ന് ഞങ്ങളെല്ലാവരും കഴിക്കാൻ തൊടങ്ങി…!
“” അതെ, ഇതിവടത്തെ ലാസ്റ്റ് സപ്പറ…! നാളത്തെ സൂപ്പർഫാസ്റ്റിനു പൊക്കോണം…! മനസ്സിലായോ…!? “” ചിക്കൻ കാലിനെ ശാരീരികമായി പീഡിപ്പിച്ചോണ്ടിരുന്ന ചേച്ചിയോട് സ്വകാര്യം പോലെ ഞാൻ പറഞ്ഞതും അവളെന്റെ കയ്യിൽ മെല്ലെ തല്ലി, ശേഷം നിറഞ്ഞു വന്ന കണ്ണ് എന്നെ കാണിക്കാതിരിക്കാൻ വേണ്ടി മുഖം സൈഡിലേക്ക് തിരിച്ചു…!
പിറ്റേന്ന് രാവിലെ നേരത്തെ തന്നെ എണീറ്റു…! ഞാനും പിള്ളാരുമൊക്കെ എന്റെ മുറിയിൽ തന്നെയാണ് കെടന്നത്…! അവന്മാരെ ചവിട്ടി എണീപ്പിച്ച് ഒരുങ്ങാൻ പറഞ്ഞയച്ചു…! കുളിച്ചിറങ്ങിയ ഞാൻ നേരെ താഴെ ചെന്നു, അപ്പഴാണ് പെണ്ണുങ്ങൾക്കുള്ള പൂവ് വാങ്ങാനായി അമ്മ എന്നെ പറഞ്ഞയക്കുന്നത്…! പൂവിന് നേരത്തെ തന്നെ ഓർഡർ കൊടുത്തിട്ടൊള്ളൊണ്ട് വലിയ സീനില്ലാണ്ട് സാനം കിട്ടി…! തിരിച്ചെത്തിയ ഞാൻ കല്യാണത്തിന്റെതായ ബാക്കി തെരക്കുകളിൽ പെട്ടുപോയി…! അതുകൊണ്ട് തന്നെ സമയം പോവുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല…!