മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

കവിത അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

“ഇല്ല കവിതേ… എനിക്കിപ്പോ ഒരു പ്രതീക്ഷയുമില്ല, എല്ലാം എന്റെ തെറ്റാണ്, അർഹിക്കാത്തത് ആഗ്രഹിച്ചത് ഞാനാണ്, സഹോദരനെപോലെ കാണേണ്ടവനെ എന്റെ പാതിയായി കണ്ടു, ആ തെറ്റ് അവനായിട്ട് തിരുത്തി…”

നിള പൊട്ടികരഞ്ഞുപോയി, കവിത അവളെ എങ്ങിനെ അശ്വസിപ്പിക്കും എന്നറിയാതെ ഇരുന്നു, കുറച്ച് കഴിഞ്ഞ് നിളയുടെ കരച്ചിൽ അടങ്ങി,

“നീ പോയി ആ മുഖമൊക്കെ കഴുകി വൃത്തിയായി വാ, ഇപ്പൊ തന്നെ വല്ലാത്ത കോലത്തിലായി…”

കവിത അവളെ ബാത്‌റൂമിലേക്ക് പറഞ്ഞയച്ചു, അപ്പോഴാണ് മേശയുടെ പുറത്ത് നിവർത്തി വച്ചിരുന്ന നിളയുടെ ഡയറി കവിത കാണുന്നത്, അവൾ ഡയറി എടുത്ത് നോക്കി,

നിന്നോടുള്ള പ്രണയം എന്റെ ഹൃദയത്തെ ചുറ്റി വരിയുന്നുണ്ട്…

ആ വേദന സഹിക്കാതെ ഹൃദയം അലറി വിളിക്കുന്നുണ്ട്…

അത് കണ്ട കണ്ണുകൾ തോരാതെ പെയ്യുന്നുണ്ട്…

സഹിക്കാതെ വിരലുകൾ അവയെ സാന്ത്വനിപ്പിക്കുന്നുണ്ട്…

കവിത അത് കണ്ട് ഒന്ന് നെടുവീർപ്പെട്ടു, അവൾ അടുത്ത പേജ് മറിച്ചു

നിളയുടെ വേദന എത്രത്തോളമാണെന്നറിയാൻ…

നീ നിളയായി ജനിക്കണം നിള നീയായും…(കടപ്പാട്)

അപ്പോഴേക്കും നിള ഫ്രഷായി ഇറങ്ങി വന്നു, കവിത ആ പുസ്തകം അടച്ചുവച്ചു

പനിയുടെ ക്ഷീണവും കരഞ്ഞതുകൊണ്ടും അവളുടെ മുഖം വീർത്തിരുന്നു, മൂക്കിൻതുമ്പ് ചുവന്നിരുന്നു, കവിത അവളെ സങ്കടത്തോടെ നോക്കി, പിന്നെന്തെക്കെയോ അവളെ ഓക്കേ ആക്കാനായി വാതോരാതെ പറഞ്ഞുകൊണ്ടിരുന്നു, കവിതയുടെ സാമീപ്യം അവൾക്കും ഒരാശ്വാസമായിരുന്നു,

“ഡീ.. നമ്മുടെ ലക്ഷ്മിടീച്ചർക്ക് പകരം പുതിയ ആള് വന്നു, നീയൊന്ന് കാണണം ഒരു ചുള്ളൻ സാറ്, അഭിറാം എന്നാണ് പേര്, വന്നപ്പോൾ തന്നെ എല്ലാരും അയാളുടെ ഫാനായി, ഈ ഞാൻപോലും… ഇപ്പൊ ഞാനെന്റെ ചേട്ടനെ ഡിവോഴ്സ് ചെയ്ത് അഭിസാറിനെ വളച്ചാലോ എന്നാണ് ആലോചിക്കുന്നത്…”

കവിത ചിരിയോടെ പറഞ്ഞു, നിളയും പതിയെ ചിരിച്ചു

“അല്ലെങ്കി നീ വേണേ നോക്കിക്കോ, നെനക്ക് പറ്റിയ കൂട്ടാ… സാഹിത്യം…”

അവൾ പറഞ്ഞു, നിളയവളെ കൂർപ്പിച്ച് നോക്കി, അത് കണ്ട് കവിത പൊട്ടിച്ചിരിച്ചു

കുറച്ചുകഴിഞ്ഞ് കവിത പോകാനിറങ്ങി

“ദേ… കഴിഞ്ഞതാലോചിച്ചു കരഞ്ഞിരിക്കരുത്, നമ്മളാഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടണമെന്നില്ല, ഇതെല്ലാം ദൈവ നിശ്ചയമാണ്, അപ്പു നിനക്കുള്ളതാണെങ്കി അവനെ നിനക്ക് തന്നെ കിട്ടും അല്ല മറിച്ചാണെങ്കി അതാലോചിച്ചു ഇരിക്കരുത് പറഞ്ഞേക്കാം… പിന്നേ നാളെമുതൽ അങ്ങെത്തിയേക്കണം…”

കവിത ഉപദേശം പോലെ പറഞ്ഞിട്ട് പോയി,

നിളയ്ക്ക് അല്പം ആശ്വാസം തോന്നി, അവൾ പിന്നീട് പതിയെ പഴയ താളത്തിലേക്ക് തിരികെ വന്നു… എങ്കിലും അപ്പൂനെ ഓർക്കുമ്പോൾ ഹൃദയത്തിൽ നിന്നും രക്തം പൊടിഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *