മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

“അനന്തു ഇതാണോ നിനക്കെന്നോടുള്ള സ്നേഹം, അപ്പൊ ഇവനെന്നെ തല്ലിയാലും അനന്തു കണ്ട് നിൽക്കുകയേ ഉള്ളോ,..? അങ്ങനെയെങ്കിൽ നമുക്ക് എല്ലാം ഇവിടെ വച്ചു നിർത്താം… അനന്തൂന് കൂട്ടുകാരാണ് എല്ലാമെന്ന് ഞാനറിഞ്ഞില്ല…”

നന്ദന കരഞ്ഞുകൊണ്ട് പറഞ്ഞു

“എല്ലാം നിർത്തുന്നതാണ് നിനക്ക് നല്ലത്, മേലാൽ ഇവന്റെ ഏഴയലത് കണ്ടുപോകരുത് നിന്നെ…”

ചന്തു പിന്നേം നന്ദനയോട് ദേഷ്യപ്പെട്ടു

“ചന്തു മതിയാക്ക്…”

അപ്പു ഗൗരവത്തോടെ പറഞ്ഞു

“ഇല്ല, ഞാൻ സമ്മതിക്കില്ല, നിന്റെ ജീവിതം ഈ നിൽക്കുന്ന തേവിടിശ്ശിക്ക് തട്ടിക്കളിക്കാൻ ഞാൻ സമ്മതിക്കില്ല…”

ചന്തു വീറോടെ പറഞ്ഞതും അപ്പുവിന്റെ വലതുകൈ അവന്റെ ഇടത് കവിളിൽ പതിഞ്ഞിരുന്നു,

“അപ്പൂട്ടാ…”

നിള ദേഷ്യത്തിൽ ഉറക്കെ വിളിച്ചു, ക്ഷേത്രത്തിലുള്ളവർ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഒരു നിമിഷം എല്ലാവരും ഞെട്ടിപ്പോയിരുന്നു, നന്ദനയുടെ ചുണ്ടിൽ മാത്രം ഒരു പുഞ്ചിരി വിരിഞ്ഞു

“നിർത്തെടാ… നീ പറഞ്ഞു തന്നിട്ട് വേണ്ട ഇവളെ എനിക്ക് മനസ്സിലാക്കാൻ… നീയെന്തൊക്കെ പറഞ്ഞാലും ഇവളെ ഞാൻ സ്വന്തമാക്കും… നീ എന്റെ വെറും കൂട്ടുകാരനാ, അല്ലാതെ എന്റെ ജീവിതത്തിൽ കേറി കളിക്കാൻ ഞാൻ നിന്നെ അനുവദിക്കില്ല…”

അപ്പു ചന്തുവിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“വിഡ്രാ… നീയെന്താ പറഞ്ഞേ ഞാൻ നിനക്ക് വെറും കൂട്ടുകാരൻ മാത്രമാണെന്നോ… എന്നാ നീയും അറിഞ്ഞോ… ഇവളെ നീ കെട്ടില്ല… കെട്ടാൻ ഞാൻ സമ്മതിക്കില്ല… നിനക്ക് ഞാൻ വെറും കൂട്ടുകാരനാണല്ലേ…?, പക്ഷേ നീയെനിക്കങ്ങനല്ല… ഓർമവച്ച കാലം മുതൽ നിന്റെ കൂടെ നടക്കുന്നതാ… എന്റെ മനസ്സിൽ നീയെനിക്ക് ഞാൻ തന്നെയാ, നിനക്ക് നൊന്താൽ എനിക്കും നോവും… നീ നിന്റെ മനസാക്ഷിയെ വഞ്ചിക്കുകയാണിപ്പോ… നിനക്ക് നെഞ്ചിൽ കൈവച്ചു പറയാൻ പറ്റോ നിന്റെ മനസ്സിൽ ഇവളാണെന്ന്… ഇല്ല… ഒരിക്കലും പറ്റില്ല… കാരണം നിന്റെ മനസ്സിൽ ഒരേ ഒരു പെണ്ണേ ഉള്ളു, അവൾക്കേ നിന്റെ ജീവിതത്തിൽ ഇടമുള്ളു അത് ആരാണെന്ന് എനിക്കറിയാം, നിന്റെ കണ്ണിവൾ കെട്ടിയേക്കുവാ അതുകൊണ്ട് നല്ലതും ചീത്തയും നിനക്ക് തിരിച്ചറിയാൻ പറ്റില്ല, പക്ഷേ ഇവളെ കെട്ടാൻ ഞാൻ സമ്മതിക്കില്ല ഇതെന്റൊരു വാശിയായി കൂട്ടിക്കോ…”

അപ്പുവിന്റെ കൈ പിടിച്ച് മാറ്റിയിട്ട് പറയുമ്പോൾ അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഒഴുകിയിറങ്ങിയിരുന്നു

എല്ലാം കണ്ട് ഹൃദയം തകർന്ന് നിൽക്കുന്ന നിളയുടെ കയ്യിൽ പിടിച്ചുകൊണ്ടു ചന്തു പുറത്തേക്ക് പോയി, ഒരു പാവയെപ്പോലെ നിള ചന്തുവിന്റെ പിന്നാലെ നടന്നു, ഒരു നിമിഷത്തെ അവിവേകത്താൽ ചെയ്തുപോയത് അപ്പുവിന്റെ മനസിലും ഉണ്ടായിരുന്നു, അവനും വല്ലാത്ത ഭാവത്തോടെ അവരെ നോക്കി നിന്നു,

Leave a Reply

Your email address will not be published. Required fields are marked *