മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

🪶

എയർപോർട്ടിലെത്തി, ദീപക് അവരെക്കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു, ദീപകിനെ അപ്പു കൈ കാണിച്ചു അകത്തേക്ക് കയറാന്നേരം അപ്പു ചന്തുവിനെ ഇറുകെ കെട്ടിപ്പിടിച്ചു,

“ഡാ… ചെന്നുടനെ വിളിക്കണം… അതുപോലെ മുടങ്ങാതെ എന്നെയും വിളിക്കണം… എന്ത് പ്രശ്നമുണ്ടേലും പറയണം… കേട്ടോ…”

ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ വാക്കുകൾ ഇടറിയിരുന്നു

“വിളിക്കാടാ… അമ്മയേം നിളേച്ചീനേം മാഷിനെമൊക്കെ നോക്കിക്കോളണം… ഞാൻ ചെന്നിട്ട് വിളിക്കാം…”

അപ്പു പറഞ്ഞിട്ട് ഉള്ളിലേക്ക് കയറിപ്പോയി,

ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും അപ്പുവിന്റെ മനസ്സ് വല്ലാതെ വേവലാതിപ്പെടുന്നുണ്ടായിരുന്നു, കേട്ടടുത്തോളം ചെറിയ പ്രശ്നങ്ങളല്ല അവിടെ ഉണ്ടായിട്ടുള്ളത്, കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്, എല്ലാം സെറ്റിൽ ചെയ്യാൻ പറ്റുവോ എന്നറിയില്ല, പറ്റിയില്ലെങ്കിൽ വര്‍ഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരും, തന്റെ ഉറ്റവരെ കാണാതെ എത്രനാൾ… അവന്റെ മനസ്സ് ആശങ്കപ്പെട്ടിരുന്നു, വരാൻ പോകുന്ന വിധിയറിയാതെ അപ്പു സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു,

🪶

ദിവസങ്ങൾ കടന്നുപോയി, അപ്പു അവിടെയത്തിയിട്ട് എല്ലാവരെയും വിളിച്ചിരുന്നു, ഇനി കുറച്ചുദിവസം നല്ല ബിസി ആയിരിക്കുന്നത്കൊണ്ട് ആരെയും വിളിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് അവൻ പറഞ്ഞിരുന്നു, അതിന് ശേഷം അവന്റെ ഒരു വിവരവും ലഭിച്ചില്ല, അവനെ തിരികെ വിളിക്കുമ്പോൾ സ്വിച്ച്ഓഫ് ആയിരുന്നു, ദിവസങ്ങൾ മാസങ്ങളായി… അപ്പുവിന്റെ ഒരു വിവരങ്ങളും ഉണ്ടായില്ല, തിരികെ ബന്ധപ്പെടാൻ പോലും പറ്റിയില്ല, ശോഭയുടെയും നിളയുടെയും മിഴികൾ തോർന്നില്ല, ചന്തു എപ്പോഴും വിഷാദ ഭാവം എടുത്തണിഞ്ഞു നടന്നു, അപ്പുവിന്റെ അടുത്തുള്ള പലരെയും അവർ ബന്ധപ്പെട്ടു പക്ഷേ അപ്പുവിന്റെ യാധൊരു വിവരവും കിട്ടിയില്ല, അപ്പുവിന്റെ അഭാവത്തിൽ ശോഭ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാതായി, നിള എന്നും അവിടെയെത്തി ശോഭയുടെ കാര്യങ്ങൾ മുറക്ക് നടത്തിയിരുന്നു, ശോഭയുടെ മുന്നിൽ ഒരിക്കൽപോലും അവൾ അപ്പുവിനെ ഓർത്ത് കരഞ്ഞില്ല, അപ്പു തിരികെ വരുമെന്ന് ശോഭയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, അപ്പു തനിക്ക് തന്ന വാക്കാണത് അവനത് ഒരിക്കലും തെറ്റിക്കില്ല എന്ന് പറഞ്ഞശ്വസിപ്പിക്കും, നിള ശോഭക്ക് വലിയ ആശ്വാസമായിരുന്നു, നിള മുടങ്ങാതെ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കാൻ കണ്ണന് മുന്നിലും വഴിപാടുകൾ നേർന്നുകൊണ്ടിരുന്നു… നിള അപ്പോഴും ആരും കാണാതെ കണ്ണീർ വാർത്തിരുന്നു തന്റെ അപ്പൂട്ടനെയോർത്ത്…

നിളയ്ക്ക് ആശ്വാസം കവിതയും അഭി മാഷുമായിരുന്നു, ചുരുങ്ങിയ കാലയളവിൽ തന്നെ അഭിയുമായി നിള നല്ലൊരു സുഹൃത്ബന്ധം ഉണ്ടാക്കിയിരുന്നു, രണ്ടുപേരുടെയും അഭിരുചികൾ ഒന്നായിരുന്നു എന്നതായിരുന്നു അതിനുള്ള കാരണം, എങ്കിലും ഇടക്ക് അപ്പുവിനെ ഓർക്കുമ്പോൾ അവളുടെ കണ്ണുകൾ സജലമാകുമായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *