മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

ആ ഭാവത്തിൽ നിന്നും പുറത്തേക്ക് വരാൻ കണ്ടുപിടിച്ച മാർഗമായിരുന്നു നന്ദന… അടുത്തേക്ക് ചെന്നപ്പോളെല്ലാം പണത്തിന്റെ പേര് പറഞ്ഞ് ആട്ടിപ്പായിച്ചു… പിന്നീട് അതൊരു വാശിയായി… പണമുണ്ടാക്കി, അന്ന് ആട്ടിപ്പായിച്ച അവളെ തന്റെ പാതിയാക്കാനുള്ള അവസ്ഥയിലെത്തി… എങ്കിലും നിളേച്ചി ഇപ്പോഴും നെഞ്ചിൽ തന്റെ പ്രണയമായി നിറഞ്ഞു കത്തുന്നു,

നന്ദനയോടുള്ളത് പ്രണയമാണോ…? അറിയില്ല… ഒരു പുരുഷന് സ്ത്രീയോടുള്ള ആകർഷണം മാത്രം… എങ്കിലും സാരമില്ല… നിളേച്ചിയെ കിട്ടാൻ മാത്രം ഭാഗ്യം താൻ ചെയ്തിട്ടില്ല… നിളേച്ചിയെപ്പോലെ ഒരു പെണ്ണിന് താനൊരിക്കലും ചേരില്ല… മറ്റൊരുപെണ്ണുമായി ശരീരം പങ്കുവച്ചെവനാണ് താൻ… ഇനി ഒരിക്കലും അവളെ പ്രണയിച്ചുപോലും കളങ്കപ്പെടുത്താൻ തനിക്കാവില്ല… മറക്കണം എല്ലാം… പക്ഷേ തനിക്കത്തിന് കഴിയോ…? അറിയില്ല… കണ്ണാ… എല്ലാത്തിനും ശക്തി തരണേ…

അവൻ കണ്ണനെനോക്കി മിഴികൂമ്പി പ്രാർത്ഥിച്ചു

വാകച്ചാർത്തിൽ മുങ്ങിനിന്ന കണ്ണൻ അവനെ നോക്കി കള്ളച്ചിരി ചിരിച്ചു…

“കണ്ണാ… ഇവനെന്റെ ജീവനാണ്… ഒരിക്കലും ഒന്നാവില്ല എന്ന് ഉറപ്പായി… എന്നാലും തന്റെ ജീവിതത്തിൽ ഒരു പുരുഷനെയുള്ളു… എന്റെ അപ്പൂട്ടൻ… മറ്റൊരാളെ അവന് പകരമായി കാണാൻ എനിക്കാവില്ല… ന്റെ അപ്പൂട്ടന് നല്ലത് മാത്രം വരുത്തണേ… അവന്റെ വിഷങ്ങളെല്ലാം മാറ്റി തിരികെ തരണേ… ഒരാപത്തും വരാതെ കാത്തോളണേ…”

നിള കണ്ണനോട് പ്രാർത്ഥിക്കുമ്പോൾ രണ്ടു തുള്ളി മിഴിനീർ അവളുടെ കവിൾത്തടങ്ങളെ നനച്ചുകൊണ്ട് ഒഴുകിയിറങ്ങിയിരുന്നു.

ക്ഷേത്രത്തിൽനിന്നിറങ്ങി കാറിനടുത്തെത്തുമ്പോഴും നിള അപ്പുവിന്റെ കയ്യിൽ വിരൽ കോർത്ത് പിടിച്ചിരുന്നു, കാറിലേക്ക് കയറാൻ നേരംപോലും അവൾ ആ കൈവിടാൻ കൂട്ടാക്കിയില്ല… അത് കണ്ട് അപ്പു നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിച്ചു, പിന്നീട് അവൻ അവളെ തന്റെ മാറോട്ചേർത്തു, ഒരു കൊച്ച് കുഞ്ഞിനെപ്പോലെ അവൾ അവനിൽ ചേർന്ന് നിന്നു, തന്റെ ഷർട്ടിലെ നനവ് അറിഞ്ഞ അപ്പു അവളുടെ നെറുകയിൽ ചുണ്ടമർത്തി, അവളെ തന്റെ ശരീരത്തിൽ നിന്നും വേർപെടുത്തി,

“അപ്പൂട്ടാ… എന്ത് പ്രശ്നമുണ്ടെങ്കിലും എന്നേ ഓർമിക്കണം, നിന്നെ കാത്തിരിക്കുന്നവരെ ഓർമിക്കണം… പെട്ടെന്ന് എല്ലാം തീർത്തു ഓടിവരണം… ഞാൻ നിന്നെ കാത്ത് ഇവിടെയുണ്ടാകും… ഞാൻ നീ വരുന്നവരെ കണ്ണനോട് മുടങ്ങാതെ പ്രാർത്ഥിച്ചോളാം…”

നിള അവനോട് പറഞ്ഞു

അപ്പു ഒന്നും മിണ്ടാതെ പുഞ്ചിരിയോടെ തലയാട്ടി, പിന്നീട് കാറിലേക്ക് കയറി, ചന്തു കാർ മുന്നോട്ടെടുത്തു,

തന്നിൽനിന്നും അകന്നുപോകുന്ന തന്റെ പ്രാണനെ നിള നിറക്കണ്ണുകളോടെ നോക്കിനിന്നു, കാർ കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾ മുഖം പൊത്തികരഞ്ഞു, അവളുടെ മിഴികൾ ആർത്തലച്ച് പെയ്തു.

Leave a Reply

Your email address will not be published. Required fields are marked *