മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

ഇതെല്ലാം നോക്കി നിന്ന ചന്തു അവനരികിലേക്ക് നടന്ന് അവന്റെ തോളിൽ കൈ വച്ച്, എന്താ എന്നർത്ഥത്തിൽ അവനെ നോക്കി

“ചന്തു… എനിക്കുടനെ തിരികെപോണം… പറ്റുമെങ്കിൽ ഇന്ന് തന്നെ…”

അപ്പു ടെൻഷനോടെ മുഖത്തെ വിയർപ്പ് അമർത്തി തുടച്ചുകൊണ്ട് അവനോട് പറഞ്ഞുകൊണ്ട് അവനെയും കൂട്ടി കാറിനരികിലേക്ക് നടന്നു,

ചന്തു ഞെട്ടിത്തരിച്ച് അവനെ നോക്കി

“തിരികെപോകാനോ…? എന്താടാ കാര്യം…? നീയെന്തിനാ ഇങ്ങനെ വിയർക്കുന്നെ…?”

ചന്തു ആവലാതിയോടെ അവനോട് ചോദിച്ചു

“എല്ലാം പറയാം നീ വണ്ടിയെടുക്ക്…”

അപ്പു കാറിന്റെ കീ ചന്തുവിന് കൊടുത്തുകൊണ്ട് കാറിലേക്ക് കയറി…

കാർ ടൗണിനടുത്തായുള്ള ഒരു ഇരുനില വീടിന് മുന്നിൽ വന്ന് നിന്നു

അകത്ത് നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു, അയാളുടെ മുഖത്തും ടെൻഷൻ നിറഞ്ഞിരുന്നു,

“ദീപക്… എന്തായി…?”

അപ്പു വെപ്രാളത്തോടെ ആ ചെറുപ്പക്കാരനോട് ചോദിച്ചു

“പ്രശ്നമാണ് സർ… ഉടനെ എന്തെങ്കിലും ചെയ്യണം… അവിടെ എല്ലാ ഓഫീസുകളും സീൽ ചെയ്തു… അറബാബ് ഫാമിലിയോടെ മിസ്സിംഗ്‌ ആണ്…”

ആ ചെറുപ്പക്കാരനും വെപ്രാളപ്പെടുന്നുണ്ടായിരുന്നു,

“എന്താ അടുത്ത നടപടി…?”

അപ്പു ചോദിച്ചു

“നമുക്ക് എത്രേം പെട്ടെന്ന് തിരികെപോണം… ഇന്ന് രാത്രീലത്തേക്ക് ടിക്കറ്റ്സ് അവൈലബിൾ ആണ്…”

ദീപക് പറഞ്ഞു

“എന്നാ ദീപക് വേണ്ട കാര്യങ്ങൾ ചെയ്യ്…”

ദീപക് തലകുലുക്കി

അവിടെ നിന്നുമിറങ്ങുമ്പോൾ ഒന്നും മനസിലാകാതെ നിന്ന ചന്തു അപ്പുവിനെ പിടിച്ച് നിർത്തി

“എന്താ കാര്യം… അത് പറഞ്ഞിട്ട് പോയാ മതി നീ…”

അവൻ അപ്പുവിനോട് കലിപ്പിൽ പറഞ്ഞു

അപ്പു ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി പിന്നീട് പറഞ്ഞു

“അവിടെ കമ്പനിയിൽ ചില പ്രശ്നങ്ങൾ, പ്രശ്നങ്ങൾ എന്ന് പറഞ്ഞാൽ കമ്പനിയുടെ അസ്ഥിവാരം തോണ്ടുന്ന തരത്തിൽ… എന്റെ അറബാബിന്റെ ഭാര്യാസഹോദരൻ കമ്പനിയെ പറ്റിച്ചു മുങ്ങി, കമ്പനിയുടെ ക്ലൈന്റ്സിന്റെ ഡീറ്റെയിൽസ് മറ്റു കമ്പനികൾക്ക് മറിച്ചുകൊടുത്തു… ഇപ്പൊ അത് വലിയ കേസ് ആയി… കമ്പനിയെ ഗവണ്മെന്റ് സീൽ ചെയ്തു… ബോർഡ്‌ മെമ്പർ ആയതുകൊണ്ട് എനിക്കെതിരെയും കേസ് ഉണ്ട്… അതുകൊണ്ട് എനിക്ക് ഉടനെ തിരികെപോണം… പ്രശ്നങ്ങളെല്ലാം തീർക്കണം…”

അപ്പു ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി

“എടാ… വേറെ കുഴപ്പൊന്നുമില്ലല്ലോ…?”

ചന്തു അവനോട് വേവലാതിയോടെ ചോദിച്ചു

“ഇല്ലടാ… കൊഴപ്പൊന്നുമില്ല…”

അപ്പു ചിരിച്ചുകൊണ്ട് അവനോട് പറഞ്ഞു,

“ടാ എന്നാലും…”

ചന്തു പിന്നെയും ചോദിച്ചു

അപ്പു അവനെനോക്കി ഒന്ന് ചിരിച്ചു

“പോണം ചന്തു… എന്നേ ഇന്നത്തെ ഞാനാക്കിയ വലിയ മനുഷ്യനാണ് എവിടെയാണെന്ന് പോലുമറിയാതെ… അദ്ദേഹത്തെയും കുടുംബത്തെയും കണ്ടെത്തണം, സുരക്ഷിതമാക്കണം, എന്നിട്ട് ഞാൻ വരും…”

Leave a Reply

Your email address will not be published. Required fields are marked *