മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

ക്ഷേത്രത്തിന്റെ കോമ്പൗണ്ടിൽ കാർ നിർത്തി നിളയും ചന്തുവും ഇറങ്ങി, വണ്ടി പാർക്ക്‌ ചെയ്യാൻ അപ്പു പോയി,

“നിളേച്ചി… നീ രണ്ടും കല്പ്പിച്ചു തന്നയാ അല്ലെ…?”

ഒരു കുസൃതി ചിരിയോടെ ചന്തു ചോദിച്ചു

അതിന് അവളൊന്ന് പുഞ്ചിരിച്ച് തലതാഴ്ത്തി

“ദേ… ഇന്ന് പറഞ്ഞെല്ലാം സെറ്റ് ആക്കിക്കോണം… പറഞ്ഞേക്കാം…”

അവൻ വീണ്ടും പറഞ്ഞു

“ടാ ചന്തു, എനിക്ക് വല്ലാത്തൊരു ടെൻഷൻ, നീയെന്റെ കൂടെത്തന്നെ നിൽക്കണേടാ…”

അവൾ ഒരപേക്ഷപോലെ അവനോട് പറഞ്ഞു

“ഞാനെന്തിനാ നിളേച്ചി… നീ ചെന്ന് അവനോട് കാര്യം പറ… അന്യനൊന്നുമല്ലല്ലോ, നമ്മുടെ അപ്പുവല്ലേ, മാത്രോല്ല നീയെന്ന് വച്ചാ അവന് ജീവനാ… നിനക്ക് അവനോടുള്ളപോലൊരു ഇഷ്ടം അവന് നിന്നോടുമുണ്ട്… അത് എനിക്കറിയാം…. പിന്നേ നിനക്കും ഉറപ്പുണ്ടല്ലോ നിനക്ക് അവനോടുള്ളപ്പോലൊരിഷ്ടം അവന് നിന്നോടും ഉണ്ടേന്ന്…? പിന്നെന്താ…?”

അവളപ്പോഴും ഒരു ടെൻഷനോടെ ചുറ്റും നോക്കി

“നിളേച്ചി പേടിക്കേണ്ടന്നേ… നമ്മുടെ കണ്ണന്റെ മുന്നിലല്ലേ… എല്ലാം നല്ലതുപോലെ നടക്കും… കണ്ണൻ എല്ലാം നല്ലപോലെ നടത്തിത്തരും… ധൈര്യമായിട്ട് പൊയ്ക്കോ… വേണേൽ ഒരു കുടം വെണ്ണ നേർന്നേക്ക്…”

അവൻ അവളോട് പറഞ്ഞു, അപ്പോഴേക്കും അപ്പുവും അവരുടെ അടുത്തേക്ക് വന്നിരുന്നു, അവർ അകത്തേക്ക് നടന്നു

“നിങ്ങൾ കേറിക്കോ ഞാൻ പിറകെ വന്നേക്കാം…”

ചന്തു അവരോട് പറഞ്ഞു, അത് കേട്ട് നിള അവനെ ദയനീയമായി നോക്കി, അവൻ അവളെ കണ്ണടച്ചു കാണിച്ചു

“അതെന്തിനാ… നമ്മളൊരുമിച്ചല്ലേ വന്നത്, അപ്പൊ ഒരുമിച്ചു കയറാം…”

അപ്പു അവനോട്‌ പറഞ്ഞു, നിള അപ്പോഴും അവനെ കൂടെ വരാൻ കണ്ണുകൾക്കൊണ്ട് ദയനീയമായി അപേക്ഷിച്ചു, പിന്നീട് ഒന്നും മിണ്ടാതെ ചന്തു അവരോടൊപ്പം ക്ഷേത്രത്തിലേക്ക് കയറി,

അകത്ത് കയറി വഴിപാട് കുറിപ്പിച്ച്, കണ്ണന് മുന്നിൽ അവർ കണ്ണടച്ച് തൊഴുതു നിന്നു,

‘എന്റെ കണ്ണാ… ഒരിക്കലും എന്നെ നീ കൈവിട്ടിട്ടില്ല, നിന്റെ മുന്നിൽ എന്റെ അപ്പൂട്ടന്റെ താലിയണിഞ്ഞു അവനാൽ സീമന്തരേഖ ചുവപ്പിച്ച്, എന്റെ അപ്പൂട്ടന്റെ മാത്രമായി എനിക്ക് നിന്നെ തൊഴുത് നിൽക്കണം എന്ന് മാത്രമേ ഇപ്പൊ എനിക്കാഗ്രഹമുള്ളൂ, അത് നീ സാധിച്ചു തരണേ കണ്ണാ….’

നിള കണ്ണടച്ച് നിശബ്ദമായി പ്രാർത്ഥിച്ചു നിന്നു,

തിരുമേനി വഴിപാടിന്റെ പേര് വിളിക്കുമ്പോഴാണ് അവൾ കണ്ണ് തുറന്നത്, പൂജിച്ചു വാങ്ങിയ ഏകമുഖ രുദ്രാക്ഷ മാല കണ്ണനെ നോക്കി തൊഴുതുകൊണ്ട് നിള അപ്പുവിന്റെ കഴുത്തിൽ ഇട്ടുകൊടുത്തു, അപ്പുവെന്ന് സ്വർണത്തിൽ എഴുതിയിരിക്കുന്നത് കണ്ട് അവന്റെ കണ്ണൊന്നു തിളങ്ങി, അപ്പു അതിശയത്തോടെ ആ മാലയിൽ നോക്കി നിൽക്കുമ്പോൾ, അവന്റെ നെറ്റിയിൽ നിള വരച്ച ചന്ദനത്തിന്റെ തണുപ്പ് പടർന്നിരുന്നു

Leave a Reply

Your email address will not be published. Required fields are marked *