മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

നന്ദന അനിഷ്ടത്തോടെ പറഞ്ഞു, അത് കേട്ടതും അപ്പുവിന് ദേഷ്യം വന്നിരുന്നു, എങ്കിലും അതടക്കി അവൻ പറഞ്ഞു

“ആ സെന്റിമെന്റ്സ്… അതൊന്നുകൊണ്ടാ ഞാനിപ്പോ ഇവിടെ വരെ എത്തിയത്, നന്ദനയുടെ മുന്നിൽ ഇപ്പൊ ഇങ്ങനെയിരിക്കാൻ കഴിയുന്നതുപോലും… താൻ പറഞ്ഞ യോഗ്യത ഉണ്ടായതുപോലും അവരോടുള്ള ആ സെന്റിമെന്റ്സ് കൊണ്ടാ…”

അവൻ അല്പം ഗൗരവത്തിൽ തന്നെപറഞ്ഞു, അത് കേട്ട് നന്ദനയുടെ മുഖമല്പം മങ്ങി, പിന്നീട് അത് ഒളിപ്പിച്ച്, അവൾ അവനെ നോക്കി ചിരിച്ചു

“അനന്തൂ… ഞാൻ ചുമ്മ പറഞ്ഞതാ… അത് കാര്യാക്കണ്ട… പിന്നേ… നമ്മുടെ കാര്യം ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛന്റെ ഭാഗത്ത്‌ നിന്ന് എതിർപ്പൊന്നുമില്ല, എന്റെ ഇഷ്ടമാണ് അച്ഛന്റേം ഇഷ്ട്ടം, മാത്രല്ല അനന്തു തന്ന പണം കൊണ്ട് കടം തീർത്തത് അച്ഛന് അനന്തൂനോട് ഒരു ഇമ്പ്രെഷൻ തോന്നിയിട്ടുമുണ്ട്…”

അവൾ പുഞ്ചിരിയോടെ പറഞ്ഞു

“ഞാനും അമ്മയോട് ഉടനെ തന്നെ പറയുന്നുണ്ട്… എന്റെ ആഗ്രഹത്തിനോന്നും അമ്മ എതിര് നിക്കില്ല…”

അവനും പറഞ്ഞു

“കല്യാണം കഴിഞ്ഞ് എനിക്ക് അനന്തൂനോടൊപ്പം ഗൾഫിലേക്ക് വരണം, എന്നിട്ട് അവിടെ സെറ്റിൽ ചെയ്യാം നമുക്ക്…”

നന്ദന അപ്പുവിനോട് ഉത്സാഹത്തോടെ പറഞ്ഞു

“അപ്പൊ അമ്മയെ ഒറ്റയ്ക്ക് നിർത്താനോ…? അതൊന്നും ശരിയാവില്ല… താൻ അമ്മയോടൊപ്പം നാട്ടിൽ നിന്നാ മതി, ഞാനും അവിടുത്തെ ബിസിനെസ്സ് നോക്കി നടത്താൻ എന്റെ പി എ യോട് പറഞ്ഞിട്ട് നാട്ടിൽ സെറ്റിൽ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്…”

അപ്പു പറഞ്ഞു, അത് കേട്ട് നന്ദനയുടെ മുഖം മങ്ങി

“അമ്മയ്ക്ക് ഇവിടെയൊരു വേലക്കാരിയെയോ ഹോം നഴ്സിനെയോ നിർത്താം… അതല്ലേ നല്ലത്…”

അവൾ പറഞ്ഞു, അത് കേട്ട അപ്പുവിന്റെ മുഖം കറുത്തു,

“നന്ദന… എനിക്കീ ലോകത്ത് സ്വന്തമായെന്ന് പറയാൻ വളരെ കുറച്ചുപേരെ ഉള്ളു, അവരെ ഒരിക്കലും എന്ത് കാരണത്താലും എനിക്ക് മാറ്റി നിർത്താൻ പറ്റില്ല, അവരുടെ മുഖത്തുണ്ടാകുന്ന ഏതൊരു ഭാവമാറ്റവും എന്നേ അത്രമേൽ വേദനിപ്പിക്കും, അതുകൊണ്ട് എനിക്കെന്റെ പ്രീയപ്പെട്ടവരോടൊപ്പം ജീവിക്കാനാണ് ഇഷ്ടം… അതിനി എന്ത് കാരണത്താലായാലും ശരി… ഞാൻ പറയുന്നത് നന്ദനക്ക് മനസ്സിലാകുന്നുണ്ടോ…?”

അവൻ ദേഷ്യമടക്കി പതിയെ പറഞ്ഞു, നന്ദന ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു, അവളുടെ ഉള്ളിൽ നിറയുന്ന ദേഷ്യത്തെ അടക്കിക്കൊണ്ട്,

🪶

അന്ന് രാത്രി ഭക്ഷണം കഴിക്കാനായി അപ്പു ഡൈനിംഗ് ടേബിളിൽ ചെയർ വലിച്ചിട്ടിരുന്നു,

ശോഭ അവന് ചോറ് വിളമ്പി, വെള്ളചീര തോരനും അയലക്കറിയും രസവും, അവൻ രുചിയോടെ വാരിയുണ്ടു…

“എന്തൊക്കെപ്പറഞ്ഞാലും ശോഭക്കുട്ടീടെ കൈപ്പുണ്യം… ഹോ… ഒരു രക്ഷേമില്ല…”

അവൻ ശോഭയെ ഒന്ന് പുകഴ്ത്തി,

Leave a Reply

Your email address will not be published. Required fields are marked *