അവൻ ഗൗരവത്തോടെ പറഞ്ഞുകൊണ്ട് പണിയിലേക്ക് തിരിഞ്ഞു,
“എനിക്ക് നിന്നോടൽപ്പം സംസാരിക്കാനുണ്ട്…”
അപ്പു അവനോട് പറഞ്ഞു
“എന്ത് കാര്യം… ഇന്നലത്തെന്റെ ബാക്കിയാണെങ്കി എനിക്ക് താല്പര്യമില്ല…”
ചന്തു പറഞ്ഞു
“ചന്തു പ്ലീസ്… ഒരഞ്ചുമിനിറ്റ്…”
ചന്തു അവനെയൊന്ന് നോക്കി അവന്റെ മുന്നിൽ നിന്നു,
അപ്പു ഒരു നിമിഷം വാക്കുകൾ കിട്ടാതെ നിന്നു, പിന്നീട് മുന്നിലെ ചായക്കട നോക്കി പറഞ്ഞുതുടങ്ങി
“ചന്തു… നിനക്കോർമ്മയുണ്ടോ മോഹനേട്ടന്റെ ചായക്കടയീന്നാ നമ്മള് പണ്ട് സ്കൂളിലേക്ക് പോകുമ്പോ പുളിമുട്ടായിയും നാരങ്ങ മുട്ടായിയുമൊക്കെ വാങ്ങുന്നത്… ഞാൻ വാങ്ങി ഒളിപ്പിച്ചു വയ്ക്കും… നിളേച്ചിക്ക് കൊടുക്കാൻ…”
അപ്പു അതോർത്തു ചിരിയോടെ പറഞ്ഞു,
“അച്ഛൻ മരിച്ചേപ്പിന്നെ കുറേക്കാലം വിശപ്പ് തീർത്ത് ഉണ്ടിട്ടില്ല ഞാൻ… ആരുമില്ലായിരുന്നു ഞങ്ങക്ക്… എന്റെ നിളേച്ചി അല്ലാതെ, അപ്പോഴും നീയോടി വീട്ടിലേക്ക് വരും… നിക്കറിന്റെ പോക്കെറ്റിൽ ഒളിപ്പിച്ച പലഹാരങ്ങളുമായിട്ട്… ഓർമ്മയുണ്ടോ നിനക്കതൊക്കെ…?”
അപ്പു എല്ലാം കേട്ട് ദൂരേക്ക് വിഷമത്തോടെ നോക്കിനിൽക്കുന്ന ചന്തുവിനോട് ചോദിച്ചു, അവൻ ഒന്നുമിണ്ടാതെ അപ്പുവിനെ നോക്കി
“അന്നും ഇന്നും ഇനി എന്നും എനിക്ക് നല്ലൊരു കൂട്ടുകാരനായി, എനിക്ക് വേണ്ടി എന്തും ചെയ്യുന്ന എന്റെ സഹോദരനായി… നീയും നിളേച്ചിം അല്ലാതെ എനിക്കാരാ ഉള്ളത്… നിങ്ങളൊക്കത്തന്നെയാ എന്റെ ലോകം… ആ നിന്നെയാ ഞാനന്ന് തല്ലിയത്… സോറിഡാ… അറിയാതെ പറ്റിപ്പോയതാ… ഞാൻപറയാൻ പാടില്ലാത്തതും ചെയ്യാൻ പാടില്ലാത്തതും ചെയ്തുപോയി, നിനക്കെന്നോട് ക്ഷമിക്കാൻ പറ്റോ…?”
അവസാനം അപ്പുവിന്റെ വാക്കിടറിപ്പോയി
ചന്തുവിന് അവന്റെ നിൽപ്പും ഭാവവും കണ്ട് പാവം തോന്നി
“അതിന് പകരമായി നിനക്കെന്നെ ദേഷ്യം തീരുന്നവരെ തല്ലിക്കോ…”
അപ്പു അവനെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു
ചന്തുവും വല്ലാത്ത ഒരവസ്ഥയിലായിരുന്നു… അവനും അപ്പുവിനെ ചേർത്തുപിടിച്ചു
“അയ്യേ… എന്താടാ ഇത്… എനിക്ക് നിന്നോട് പിണക്കോന്നുല്ല… നിനക്ക് എന്നേ തല്ലാനുള്ള അവകാശവും അധികാരവും ഉണ്ട്… പിന്നെന്താ…?”
ചന്തു പറഞ്ഞു, അത് കേട്ട് അപ്പുവിന്റെയും മനസ്സ് നിറഞ്ഞു
🪶
കോഫിഷോപ്പിൽ ഇരിക്കുകയായിരുന്നു അപ്പുവും നന്ദനയും, അപ്പു നിളയെയും ചന്തുവിനെയും പറ്റി ഉത്സാഹത്തോടെ പറയുന്നത് മനസ്സിൽ നിറഞ്ഞ അനിഷ്ടം മുഖത്ത് വരാതെ കേട്ടിരിക്കുകയായിരുന്നു നന്ദന,
“ഇന്നാ ഞാൻ മനസ്സറിഞ്ഞു ഒന്ന് ചിരിക്കുന്നത്, നല്ലപോലെ ശ്വാസം വിടുന്നത്…”
അപ്പു രാവിലത്തെ കാര്യങ്ങളെല്ലാം പറഞ്ഞുകൊണ്ട് ദീർഘശ്വാസം വിട്ടു
“അനന്തൂന് എല്ലാരോടും വല്ലാത്ത സെന്റിമെന്റ്സ് ആണ്… അതാ കുഴപ്പം, പോണോരൊക്കെ പോട്ടെന്നു വയ്ക്കണം, അതാ വേണ്ടത്…”