മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

“അയ്യേ… എന്താടാ ഇത്…? കരയുന്നോ…? നിന്നെ ഒറ്റപ്പെടുത്താൻ എനിക്ക് കഴിയോ…? എന്റെ പ്രാണനല്ലേ നീ…? ചന്തുവിന്റെ പിണക്കമൊക്കെ മാറും… നീയവനോട് സംസാരിച്ചാൽ മാത്രം മതി… ചെല്ല് പോയി മുഖം കഴുകി വാ…”

നിള അവനെ ബാത്‌റൂമിലേക്ക് പറഞ്ഞുവിട്ടു

അവനെക്കണ്ട നിളയുടെ ഉള്ളിൽ പ്രണയത്തിന്റെ ഉറവ പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു, എങ്കിലും അവളത് ഒളിപ്പിക്കാൻ വൃതാ ശ്രമിക്കുന്നുണ്ടായിരുന്നു, അവന്റെ നെഞ്ചോട് ചേർന്ന് നിന്ന് തന്റെ വേദന പൊട്ടിക്കരഞ്ഞു തീർക്കാൻ അവൾ ഉള്ളാലെ മോഹിച്ചു,

“പാടില്ല… അപ്പൂട്ടൻ അവനിന്ന് മറ്റൊരാളുടേതാണ്… തന്നെ താൻ തന്നെ ഒളിപ്പിക്കേണ്ടിയിരിക്കുന്നു…”

അവൾ മനസ്സിൽപറഞ്ഞു, അപ്പോഴേക്കും അപ്പു ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നിരുന്നു, അവൾ അവനെ കണ്ണ് ചിമ്മാതെ നോക്കിനിന്നു,

“വാ നിളേച്ചി… ഞാൻ കൊണ്ടാക്കാം…”

അവൻ അവളുടെ അടുത്ത് വന്ന് പറഞ്ഞു, അവന്റെ വാക്കുകളാണ് അവളെ ബോധത്തിൽ നിന്നും ഉണർത്തിയത്,

“വേണ്ടടാ… എനിക്ക് കണ്ണനെ തൊഴണം… അത് കഴിഞ്ഞ് ഞാൻ പോയ്കോളാം…”

അവൾ പറഞ്ഞു

അപ്പുവിന്റെ മുഖം മങ്ങി, അത് ശ്രദ്ധിച്ച നിള പതിയെ പുഞ്ചിരിച്ചു

“അല്ലേ വാ… എന്നെയൊന്ന് അമ്പലത്തിലാക്കിത്താ…”

അവൾ പറഞ്ഞു

അത് കേട്ട് അപ്പു ഉത്സാഹത്തോടെ അവൾക്കൊപ്പം നടന്നു,

🪶

ക്ഷേത്രത്തിലേക്ക് അപ്പു വന്നില്ല, നിള കണ്ണന് മുന്നിൽ കണ്ണടച്ച് കൈകൂപ്പി നിന്നു,

“ന്റെ കണ്ണാ… അവനെ മറക്കാൻ എന്നെക്കൊണ്ട് കഴിയുന്നില്ല, മറ്റൊരു തരത്തിൽ കാണാനും കഴിയുന്നില്ല, ഒരുപാട് മോഹിച്ചുപോയി കണ്ണാ ഞാനവനെ… എന്നാണോ എപ്പോഴാണോ എന്റെ മനസ്സിൽ കയറികൂടിയതെന്ന് എനിക്കറിയില്ല… അവന്റെ മുന്നിൽ പിടിച്ച് നിൽക്കാനുള്ള ശക്തി തരണേ കണ്ണാ…”

അവൾ രണ്ടുതുള്ളി കണ്ണീരിന്റെ ശക്തിയിൽ കണ്ണനോട് പറഞ്ഞു,

കണ്ണനോടുള്ള അവളുടെ പരിഭവം എന്നപോലെ ആ സമയം ക്ഷേത്രത്തിലെ ഉച്ചഭക്ഷിണിയിൽ നിന്നും മയിൽ‌പീലിയിലെ ഗാനം ഒഴുകിവന്നു

“ഒരു ജന്മം കായാവായ് തീര്‍ന്നെങ്കിലും

മറുജന്മം പയ്യായി മേഞ്ഞെങ്കിലും

യദുകുല കന്യാ വിരഹങ്ങൾ തേങ്ങുന്ന

യാമത്തിൽ രാധയായ് പൂത്തെങ്കിലും കൃഷ്ണാ…

പ്രേമത്തിൻ ഗാഥകൾ തീര്‍ത്തെങ്കിലും

എന്റെ ഗുരുവായൂരപ്പാ നീ കണ്ണടച്ചൂ

കള്ളച്ചിരി ചിരിച്ചൂ പുല്ലാങ്കുഴൽ‍ വിളിച്ചൂ…”

അവൾ ഒരു നിമിഷം ആ ഗാനത്തിന്റെ വരികൾ ശ്രദ്ധിച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,

പിന്നീട് പ്രസാദം വാങ്ങി തിരികെ നടന്നു

“കുട്ടി ഒന്ന് നിൽക്കൂ…”

പുറകിൽ നിന്നും ഒരു വിളി കേട്ട് നിള തിരിഞ്ഞു നിന്നു,

അവൾ നോക്കുമ്പോൾ അൻപത് വയസോളം പ്രായം വരുന്ന ഒരു സ്ത്രീ അവളുടെ അടുത്തേക്ക് വരുന്നുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *