മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

🪶

എപ്പോഴത്തെയും പോലെ അതിരാവിലെതന്നെ നിള എഴുന്നേറ്റ് ഫ്രഷായി അടുക്കളയിൽ കയറി ചായ ഇട്ട് മാഷിന് കൊടുത്തു, ഉമ്മറത്ത് ന്യൂസ്‌പേപ്പറുമായിരുന്ന മാഷ് അവളുടെ പ്രസന്നമായ മുഖം കണ്ട് ആശ്വസിച്ചു,

പ്രാതൽ ഉണ്ടാക്കി കഴിക്കാൻ ഇരിക്കുമ്പോഴാണ്, അപ്പുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നത്, കാറിൽ നിന്നിറങ്ങി അപ്പു അകത്തേക്ക് വന്നു, അവനെക്കണ്ട നിള ഒരു നിമിഷം ഉള്ളിൽ പൊട്ടിയ വേദന തിരിച്ചറിഞ്ഞു, അവൾക്ക് അവനെ നോക്കാൻ പോലും കഴിഞ്ഞില്ല, ആ മുഖത്ത് നോക്കിയാൽ താൻ പൂട്ടിവച്ചിരിക്കുന്ന വികാരങ്ങൾ ശക്തിയായി പുറംതള്ളും എന്നവൾക്ക് അറിയാമായിരുന്നു,

“അപ്പു… വാടോ… ഭക്ഷണം കഴിക്കാം…”

മാഷിന്റെ സന്തോഷത്തോടെയുള്ള ശബ്ദം കേട്ടാണ്, നിള ചിന്തയിൽ നിന്നുണർന്നത്, അപ്പു ചിരിച്ചുകൊണ്ട് നിളയെതന്നെ നോക്കി ഡെയിനിങ് ചെയർ വലിച്ച് ഇരുന്നു, നിള അവനെ നോക്കാതെ അവനും മാഷിനും ഭക്ഷണം വിളമ്പി, അവളുടെ ഓരോ ഭാവങ്ങളും സാകൂതം വിക്ഷിച്ചുകൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവളുടെ അവഗണന അവനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടായിരുന്നു, ഭക്ഷണം അവന്റെ തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു, കഴിച്ചു കഴിയും വരെ നിള അവനരികിലേക്ക് വന്നിരുന്നില്ല,

സ്കൂളിലേക്ക് പോകാൻ ഒരുങ്ങി കണ്ണാടിയിൽ നോക്കുമ്പോഴാണ് വാതിൽക്കൽ അപ്പു വന്ന് നിൽക്കുന്നത് നിള കണ്ണാടിയിൽ കാണുന്നത്, അവൾ ഒരു നിമിഷം നിശബ്ദയായി, അപ്പു അകത്തേക്ക് കയറി വന്നു

“നിളേച്ചി…”

അവൻ പതിയെ വിളിച്ചു

അവൾ അവന് നേരെ തിരിഞ്ഞു, അവന്റെ കണ്ണിലെ നീർതിളക്കം അവളുടെ നെഞ്ചിലൊരു വേദനതീർത്തു,

“എന്താടാ… എന്താ അപ്പൂട്ടാ കരയുന്നെ…?”

അവൾ വെപ്രാളത്തോടെ അവനരികിൽ വന്ന് അവനെ ചേർന്ന് നിന്ന് ചോദിച്ചു

അപ്പു ഒന്നും മിണ്ടാതെ കണ്ണ് അമർത്തി തുടച്ചു,

“എന്നെ എല്ലാരും ഒറ്റപ്പെടുത്തുകയാണല്ലേ…? നീയും ചന്തുവും കാണിക്കുന്ന അകൽച്ച എന്റെ ചങ്ക് പറിച്ചെടുക്കുന്ന വേദനയാണ്… തെറ്റ് എന്റെ ഭാഗത്താണ്… ഒരേ ആത്മാവ് പോലെ നടക്കുന്ന എന്റെ ചന്തുവിനെ ഞാൻ തല്ലാൻ പാടില്ലായിരുന്നു, എല്ലാം എന്റെ തെറ്റാണ്… ഈ കഴിഞ്ഞ രണ്ട് ദിവസം ഞാനെങ്ങനാ തള്ളിനീക്കിയതെന്ന് എനിക്കറിയില്ല… ഞാനവന്റെ കാല് പിടിച്ച് മാപ്പ് പറഞ്ഞോളാം, എന്നോട് പിണങ്ങല്ലേ നിളേച്ചി…”

അവനൊരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞുകൊണ്ട് പറഞ്ഞു

അവൾക്കും വല്ലാത്ത വേദന തോന്നി, തന്റെ പ്രാണന്റെ കണ്ണിലെ വേദന അവളിലേക്കും പകർന്നു, അവളെല്ലാം ഒരു നിമിഷം വിസ്മരിച്ചു, ഇപ്പോൾ അവളുടെ മുന്നിൽ ചിണുങ്ങിക്കരയുന്ന അവളുടെ കുഞ്ഞ് കളിക്കൂട്ടുകാരൻ മാത്രമായി അവൻ, അവളുടെ മനസ്സിൽ അവനോട് പ്രണയത്തേക്കാളേറെ വാത്സല്യം നിറഞ്ഞു വന്നു, അവളുടെ കണ്ണിലും ഒരുറവ പിറവിയെടുത്തു, അവൾ അവന്റെ കൈകളിൽ ചേർത്ത് പിടിച്ചു

Leave a Reply

Your email address will not be published. Required fields are marked *