മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ]

Posted by

അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ മാഷ് അവളെത്തന്നെ ശ്രദ്ധിച്ചു, ഭക്ഷണം കഴിക്കുമ്പോൾ പോലും വായടക്കാതെ വർത്തമാനം പറയുന്നവളാണ് ഇപ്പൊ ഒന്നും മിണ്ടാതെ ഭക്ഷണം കൊത്തിപ്പെറുക്കുന്നത്, മാഷ് ചിന്തിച്ചു, ഭക്ഷണം കഴിഞ്ഞ് അടുക്കളയൊതുക്കി നിള മുറിയിലേക്ക് പോകാൻ നിന്ന നിളയെ ഉമ്മറത്തിരുന്ന മാഷ് അടുത്തേക്ക് വിളിച്ചു, അവൾ മാഷിടുത്തായി ഉമ്മറപ്പടിയിൽ ഇരുന്നു, മാഷ് അവളെ ഒന്ന് നോക്കി പിന്നേ പതിയെ സംസാരിച്ചു തുടങ്ങി,

“ന്റെ വാവേടെ മനസ്സിൽ എന്താണ് എന്ന് മാഷ് ചോദിക്കുന്നില്ല, പറയേണ്ടതായിയുന്നെങ്കി മോളെപ്പോഴേ മാഷിനോട് പറഞ്ഞേനെ, നിനക്ക് മൂന്ന് വയസ്സുള്ളപ്പോഴാ നിന്റമ്മ നമ്മളെ വിട്ടുപോയത്, എല്ലാരും പറഞ്ഞു, ഉള്ളത് ഒരു പെൺകുട്ടിയാണ് എന്നെക്കൊണ്ട് ഒറ്റയ്ക്ക് നോക്കാൻ പാടാണ്, അതുകൊണ്ട് നിനക്ക് വേണ്ടിയെങ്കിലും ഒരു കല്യാണം കഴിക്കാൻ, എന്നിട്ടും ഒരു വാശിയോടെ ഞാൻ നിന്നെ വളർത്തി, ഒരുപാട് ബുദ്ധിമുട്ടി നിന്റെ വളർച്ചയുടെ പല ഘട്ടങ്ങളിലും, അവിടെയെല്ലാം അസാധാരണമായ പക്വത നീ കാണിച്ചു, എന്റെ മോളെ ഞാൻ വളർത്തിയത് നല്ല രീതിയിൽ തന്നെയാണ് അതിലെനിക്ക് ഒരു സംശയവുമില്ല, പക്ഷേ ഈ മൂന്ന് ദിവസങ്ങൾക്കൊണ്ട് ന്റെ വാവക്കെന്തോ മാറ്റങ്ങൾ വന്നപോലെ മാഷിന് തോന്നുന്നു, അതെന്താണെന്ന് ഞാൻ ചോദിക്കുന്നില്ല, അതെന്തായാലും നല്ല രീതിയിൽ പരിഹരിച്ച് നാളെമുതൽ നീയെന്റെ പഴയ ചുണക്കുട്ടിയാവണം, അല്ല മോൾക്ക് ഒറ്റയ്ക്ക് പരിഹരിക്കാനാവാത്ത കാര്യമാണെങ്കിൽ മാഷിനോട് പറയണം, എന്ത് പ്രശ്നമായാലും ഞാനുണ്ടാകും ന്റെ വാവയുടെ കൂടെ…”

മാഷ് അവളെ നോക്കി പറഞ്ഞു

നിള ഒന്നും മിണ്ടാതെ തലകുനിച്ചിരുന്നു,

“എന്നാ മോള് പോയി ഒറങ്ങിക്കോ… നാളെ സ്കൂളിൽ പോകേണ്ടതല്ലേ….”

മാഷ് അവളോട് പറഞ്ഞു

അവൾ പതിയെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.

🪶

രാവേറെ ചെന്നിട്ടും നിള ഉറക്കം വരാതെ കിടന്നു, ഓർക്കുമ്പോൾ അവൾക്ക് നെഞ്ച് പൊട്ടുമ്പോലെ തോന്നി, അപ്പുവിനോട് അവർക്കുള്ള പ്രണയം അവളുടെ നെഞ്ചിൽ അത്രയ്ക്ക് വേരോടിയിരിന്നുവെന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്,

‘ഇല്ല… മാറണം… മറക്കണം… തന്റെ പ്രണയത്തെ തന്റെ നെഞ്ചിൽത്തന്നെ കുഴികുത്തി മൂടണം, അല്ലെങ്കിൽ തന്നെ ചുറ്റി നിൽക്കുന്ന എല്ലാവർക്കും അതൊരു വേദനയായിരിക്കും, മാഷിനും ശോഭമ്മയ്ക്കും എല്ലാവർക്കും…’

ഉറച്ച തീരുമാനത്തോടെ എപ്പോഴോ നിള നിദ്ര പൂകി,

🪶

അപ്പുവും ഉറങ്ങാതെ കിടക്കുകയായിരുന്നു, ഒരു ദിവസം ആരെയും വിളിക്കാതെയും കാണാതെയും കടന്നുപോയി, പക്ഷേ തന്നെക്കൊണ്ട് കഴിയുന്നില്ല, നിളേച്ചിയും ചന്തുവും അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു, എല്ലാ പിണക്കവും മാറ്റാൻ അവൻ രണ്ടുപേരെയും രാവിലെമുതൽ വിളിക്കുന്നു രണ്ടുപേരും ഫോൺ എടുത്തില്ല, നേരിട്ട് കാണാൻ മനസ്സനുവദിക്കാത്ത പോലെ, ഇനിയും അവർ ഏതെങ്കിലും പറഞ്ഞാൽ തനിക്കത് താങ്ങാൻ കഴിയില്ല എന്നപോലെ, രാത്രി ഭക്ഷണം കഴിക്കുമ്പോളാണ് അമ്മ പറഞ്ഞത് നിളേച്ചിയുടെ പനിയുടെ കാര്യം, ആ സമയം തന്റെ നെഞ്ചോന്ന് പിടച്ചു, അല്ലെങ്കിലും അവൾക്ക് എന്തെങ്കിലും അസുഖമോ മറ്റൊ വന്നാൽ തന്റെ നെഞ്ച് പിടയും, അവളെ കഴിഞ്ഞേയുള്ളൂ ലോകത്ത് തനിക്കാരും, അവൻ വെറുതെ താൻ ജീവനെപ്പോലെ കൊണ്ട് നടക്കുന്ന ബ്രൗൺ പുറംച്ചട്ടയുള്ള ഡയറിയിലേക്ക് നോക്കി, അവന്റെ നെഞ്ചിൽ മഞ്ഞു വീണ സുഖം തോന്നി… അസുഖമാണെന്നറിഞ്ഞിട്ട് അവളെ വിളിച്ചു നോക്കി, ഫോൺ സ്വിച്ഓഫ്… നാളെത്തന്നെ ചെന്ന് രണ്ടുപേരുടെയും പിണക്കം മാറ്റണം… അവൻ ചിന്തിച്ചുകൊണ്ട് ഉറങ്ങാൻ കിടന്നു…

Leave a Reply

Your email address will not be published. Required fields are marked *