ആഹ് സാർ പറഞ്ഞിരുന്നു. ഒരു അഞ്ച് മിനുട്ടേ ഞാൻ ഈ ഭക്ഷണം ഒന്ന് കഴിച്ചോട്ടെ , ഇങ്ങള് ആ കസേരയിലേക്ക് ഇരിക്ക്. മേശയ്ക്ക് അരികിലായി വച്ചിരിക്കുന്ന മറ്റൊരു കസേര ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.
നീ ഫുഡ് കയിച്ചിനേനോ ?
ആഹ് മാഡം ഞാൻ കഴിച്ചിട്ടാ ഇറങ്ങിയെ.
വീണ്ടും അരുൺ മാഡം എന്ന് വിളിച്ചപ്പോൾ അവൾ അവനെയൊന്ന് തറപ്പിച്ചു നോക്കി..
സോ .. സോറി ചേച്ചീ..
ലേഖയും അരുണും ഒരുമിച്ച് പൊട്ടി ചിരിച്ചു. ലേഖ ഭക്ഷണം കഴിച്ചു കൈ കഴുകി, അവന് അഭിമുഖമായി ഒരു കസേര വലിച്ചിട്ട് ഇരുന്നു.
എവിടാ ഇന്റെ സ്ഥലം ?
കതിരൂരാ ചേച്ചി. ഇങ്ങളോ ?
ഞാൻ മട്ടന്നൂർ..
പഠിപ്പൊക്കെ കഴിഞ്ഞോ ?
ഞാൻ ഡിഗ്രി കംപ്ലീറ്റ് ചെയ്തു പിന്നെ ഒന്നു രണ്ടു വർഷം ബാംഗ്ലൂർ ഒരു ബേക്കറിയിൽ ജോലിചെയ്തു . അവിടം മടുത്തപ്പോൾ കുറച്ചുനാൾ വീട്ടിലിരുന്നു. അതിനിടെ ആണ് ഇങ്ങനെ ഒരു ജോലി ചങ്ങായി തരപ്പെടുത്തി തന്നത്.
അപ്പോ ഈട മടുക്കുമ്പോൾ ഇതും ഒയിവാക്കി പോകുമായിരിക്കും അല്ലേ?
അങ്ങനെ ചോയിച്ചാ.. ചെലപ്പോ …
ആഹ് ..
പൊരെല് ആരൊക്കെ ഇണ്ട് ?
അച്ഛനും അമ്മേം ചേട്ടനും , ഏട്ടൻ തലശ്ശേരി ഒരു ഫിനാൻസ് കമ്പനായിലാ… ഇങ്ങളെ വീട്ടിലോ.
ഭർത്താവും ഒരു മോളും. അദ്ദേഹം കോൺട്രാക്ടർ ആണ് മോള് ആറിൽ പഠിക്കുന്നു.
വാ ഞാൻ ഇതൊക്കെ ഒന്ന് കാണിച്ച് തെരാം ലേഖ എഴുന്നേറ്റ് പുസ്തകങ്ങൾ അടക്കി വെച്ച ഷെൽഫിനടുത്തേക്ക് നടന്നു പുറകിലായി അരുണും..
ഈ ഷെൽഫിൽ എല്ലാം ബാലസാഹിത്യമാണ്, ഇവിടെ നോവൽ , ഇതിൽ കഥകൾ, ദാ ഇത് ആത്മകഥയും ജീവചരിത്രങ്ങളും അങ്ങനെ ഒരോ ഷൈൽഫും അതിലെ പുസ്തകങ്ങളും അവൾ അവനു പരിചയപ്പെടുത്തി കൊടുത്തു.
പുതിയ പുസ്തകങ്ങളുടെ സ്റ്റോക്ക് വരുമ്പോൾ അത് എടുത്തു വയ്ക്കണം, പിന്നെ അത് കമ്പ്യൂട്ടറിൽ എൻട്രി ചെയ്യണം അത് പോലെ തന്നെ വിൽക്കുന്നതിന്റെയും ഡാറ്റ ഇതിൽ ഉണ്ടായിരിക്കണം . മേശയുടെ മുകളിലിരിക്കുന്ന കമ്പ്യൂട്ടർ ചൂണ്ടിക്കാട്ടി ലേഖ പറഞ്ഞു.