ന്നാ പോകാ.. അവർ കോളേജിന്റെ ഗേറ്റ് കടന്നപ്പോൾ ഓട്ടോക്കാരൻ ലേഖയോട് ചോദിച്ചു.
ആ .. എന്നും പറഞ്ഞ് അവൾ ഓട്ടോയിലേക്ക് കയറി. അപ്പോളും അവളെ വേട്ടയാടികൊണ്ടിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. എന്തിനാവും അവനോട് അമ്മയെ വിളിച്ചുകൊണ്ട് വരാൻ പറഞ്ഞത്.
ഇങ്ങക്ക് ഏട്യാ എറങ്ങണ്ടെ ? അവളുടെ ചിന്തയെ വിച്ഛേദിച്ചു കൊണ്ട് ഡ്രൈവറുടെ ചോദ്യമെത്തി.
സ്റ്റാന്റിന്റെ ആട നിർത്തിയാൽ മതി.
കൂത്തുപറമ്പ് സ്റ്റാന്റിന്റെ അടുത്തായി ഓട്ടോ കാരൻ വണ്ടി നിർത്തി, അയാൾ ചോദിച്ച പൈസയും കൊടുത്ത് അവൾ റോഡ് മുറിച്ചുകടന്നു. കൈയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കിയപ്പോൾ സമയം പത്ത് ആകുന്നേ ഉള്ളു. അവൾ ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു.. ബാഗിൽ നിന്നും താക്കോലെടുത്ത്
പുസ്തക കട എന്നെഴുതിയ ഷോപ്പിന്റെ ഡോർ തുറന്ന് അവൾ അകത്തേക്ക് കയറി…
ശനിയാഴ്ച അവസാനം വന്ന കസ്റ്റമർ വലിച്ചിട്ട കുറച്ച് പുസ്തകങ്ങൾ മേശയുടെ മുകളിൽ കിടപ്പുണ്ടായിരുന്നു അവൾ അതെടുത്ത് ഒതുക്കി വെച്ചു.. കസേരയിലേക്ക് ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ വെള്ള ജുബ്ബയുമിട്ട് നരച്ച താടിയും തടവി ഡോർ തുറന്ന് ഒരാൾ അകത്തേക്ക് കയറി വന്നു. അയാളെ കണ്ട് അവൾ എഴുന്നേറ്റു നിന്നു..
പുതിയ പുസ്തകങ്ങൾ ഇന്ന് വരുമെന്നല്ലേ പറഞ്ഞത് ലേഖേ ,
അതേ മാത്യുച്ഛായ.
ആ.. ഞാൻ ഒന്ന് കോട്ടയം വരെ പോകുവാണ് രണ്ട് ദിവസം കഴിഞ്ഞേ വരുള്ളു. ഇത് അയ്യായിരം രൂപയുണ്ട് കൈയ്യിലുള്ള പൊതി അവൾക്ക് നേരെ നീട്ടി, പുസ്തകം കൊണ്ട് വരുമ്പോൾ കൊടുത്തേക്ക് . എന്തേലും ബാലൻസ് ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ പറഞ്ഞാൽ മതി
ഓക്കെ അച്ഛായ …
അയാൾ അവിടെയുള്ള ഓഫീസ് മുറിയിലേക്ക് കയറി എന്തൊക്കെയോ ഫയൽസ് എടുത്ത് പുറത്തേക്കിറങ്ങി.