” അമ്മക്കറിയില്ലല്ലേ..? ദൂരദർശിനി ഒക്കെ ഉണ്ട്, ഇവിടിരുന്നു കിളികളെയും ജന്തുക്കളെയൊക്കെ നോക്കി ഓരോന്ന് പഠിക്കാറുണ്ട് സിദ്ധുവേട്ടൻ.. ”
അവൾ കാര്യമായിത്തന്നെ പറഞ്ഞു കൊടുത്തു… സിദ്ധു ചമ്മി നാറി ഇരുന്നു ചായ കുടിച്ചു … സംഗതി ലക്ഷ്മിയമ്മ വിശ്വസിച്ചെങ്കിലും അവൾ പറയുന്നത് എന്താണെന്നു സിദ്ധുവിന് അറിയാമല്ലോ…
” അതെയോ..!! നന്നായി മോനെ… അവനവനു താൽപ്പര്യമുള്ളത് ചെയ്യണം, കണ്ടു പഠിക്കെടീ.. ”
അവർ ആത്മാർഥമായി പറഞ്ഞു.. സിദ്ധു കുറച്ചു ദേഷ്യത്തോടെ സിതാരയെ നോക്കി…
” ഓ… വേണ്ട, സിദ്ധുവേട്ടൻ താൽപ്പര്യത്തിൽ ചെയ്തോട്ടെ …നമ്മളെ വിട്ടാൽ മതിയേ.. ”
അവൾ ഇടങ്കണ്ണിട്ട് അവനെ നോക്കി, കൈകൂപ്പിക്കൊണ്ട് ലക്ഷ്മിയമ്മയോട് പറഞ്ഞ ശേഷം പടികൾ ഇറങ്ങി പോയി..
” വല്ലാത്ത സാധനങ്ങളാ ലേ മോനെ…? ഇപ്പൊ വലുതായപ്പൊ നാക്കും കൂടി… ”
അവൻ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല..
അവർ കുടിച്ചു കഴിഞ്ഞ അവന്റെ ചായക്കപ്പ് വാങ്ങി എഴുന്നേറ്റു..പിന്നെ മെല്ലെ പടികൾ ഇറങ്ങി താഴേക്ക് പോയി…സിദ്ധു തലയിണ വെച്ചു ചാരിയിരുന്നു..
അധികം വൈകാതെ വീണ്ടും ഒരു കൊലുസിന്റെ ശബ്ദം പടി കയറി വന്നു… അത് ആരാണെന്നു അറിയുന്നത് കൊണ്ടു തലതിരിച്ചു നോക്കാൻ പോയില്ല..
” ദാ…. ഇപ്പോ ഇതേ ഉള്ളൂ, ഇനി വേണെങ്കിൽ ലൈബ്രറിയിൽ നിന്ന് എടുത്ത് തരാം.. ”
ഏതോ ഒരു ബുക്ക് നീട്ടിക്കൊണ്ട് സിതാര പറഞ്ഞു..
അവൻ അത് വാങ്ങിച്ച് നോക്കി..
എസ് കെ പൊറ്റക്കാടിന്റെ ‘ ഒരു ദേശത്തിന്റെ കഥ ‘ ആയിരുന്നു അത്…ഒന്ന് പെട്ടെന്ന് മറിച്ചു നോക്കിയശേഷം അവൻ അത് കിടക്കയിലേക്കിട്ടു..
” നിനക്ക് എന്നോട് ഒരു നന്ദിയൊക്കെ പറയാം ”
സിതാരയുടെ മുഖത്തേക്ക് നോക്കികൊണ്ട് സിദ്ധു പറഞ്ഞു… എന്തിനെന്ന ഭാവത്തിൽ പുരികം ചുളിഞ്ഞ അവൾ ഓഹ് എന്ന് പുച്ഛത്തോടെ തലയാട്ടി….