“എടി മഴ പെയ്യുവോ..?”
“അത..! ഞാൻ അപ്പോഴേ പറഞ്ഞതാ.. ബസിനു പോകാമെന്നു..”
അവനവളെ ചൂട് പിടിപ്പിക്കാൻ വേണ്ടി പറഞ്ഞു.
“കുരിപ്പേ.. ഒന്ന് മിണ്ടാതിരിക്ക്..മഴയൊന്നും പെയ്യില്ല..ഞാൻ ചുമ്മാ ചോദിച്ചതാ..”
“പെയ്യും.. പെയ്യും…”
“ഇല്ലെന്ന്..”
“പിന്നെ മഴ ഏട്ടന്റെ ബന്ധുവാണോ ഇത്ര തറപ്പിച്ചു പറയാൻ..”
“ഹൊ ഈ കുരിപ്പിനെ കൊണ്ട്..”
“ആ ഇപ്പൊ ഞാൻ കുരിപ്പായി.. ആയിക്കോട്ടെ..”
“എൻറെ പൊന്നേ… അങ്ങനെ പറഞ്ഞതല്ല.. നിന്നെ മഴ നനയാതെ ഞാൻ നോക്കിക്കോളാം..”
“ഏട്ടനെന്റെ മേലേ കൈ വിടർത്തി നിൽക്കുമോ..?”
“ഹൊ ഏതു നേരത്താണാവോ ഇതിനെ കൊണ്ടു വിടാൻ തോന്നിയത്..”
അവന്റെ പിടപ്പ് കണ്ട് ആമിക്ക് ചിരി പൊട്ടി. ചെറുതായി വീശുന്ന തണുത്ത കാറ്റിനെ കടന്നു കൊണ്ട് അവരുടെ പൾസർ 150 ബൈക്ക് മുന്നോട്ട് കുതിച്ചു.
“ആ ജങ്ഷനിൽ എന്റെ മാമന്മാർ ഉണ്ടാകും..”
“അയ്യോ..”
“ഹ.. അപ്പോ നല്ല പേടിയുണ്ടല്ലേ…”
“അതൊന്നുമല്ല.. നീ വേറെ വഴി പറയ്..”
“അതിനു മുന്നേയുള്ള വലത്തോട്ടുള്ള റോഡിലേക്ക് കേറിക്കോ..”
“ഹൊ ഭാഗ്യം…”
“ഏട്ടനല്ലേ പറഞ്ഞേ വഴികളൊക്കെ പഠിച്ചു എന്ന്..”
“അത്.. പെട്ടെന്ന് മറന്നു പോയതാ..”
“പിന്നേ…. വലിയ വർത്താനം മാത്രമേ ഉള്ളുവല്ലേ..”
“പോടീ..”
“പോടാ…”
അവരാ റോഡിലേക്ക് കയറി മുന്നോട്ടേക്ക് പോയി. അന്തരീക്ഷത്തിൽ ഇരുട്ട് പടർന്നു തുടങ്ങി. കാർമേഘത്തിന്റെ നിറം കൂടെ ആയപ്പോൾ തണുത്ത കാറ്റ് വീശുന്ന കുളിരുള്ള അന്തരീക്ഷം അവർക്കു ചുറ്റിലും വിരിഞ്ഞു. ചെറു വിളക്കുകൾ കത്തി തുടങ്ങി.
“എന്താ കാറ്റല്ലേ….?”
“അത് ഞാൻ നിന്നെ കൊണ്ടു വിടുന്നത് കൊണ്ടാണ്.”
“പിന്നേ..”
“തണുക്കുന്നുണ്ടേൽ കുറച്ചു അടുത്തേക്കിരുന്നോ..”
“അയ്യട..! എനിക്ക് തണുക്കൊന്നൊന്നുമില്ല..”
അപ്പോഴാണ് കാറ്റിന്റെ പ്രഭാവത്തിൽ സ്ഥാനം മാറി വന്ന മഴത്തുള്ളികൾ അവർക്ക് ചുറ്റും വന്ന് വീണത്. ക്രമേണ അതൊരു മഴയായി പ്രാപിച്ചു. അവർ രണ്ടാളും അന്തം വിട്ടു പോയി.