“സോറി..”
“മ്മ്.. ഇന്ന് ശ്രീ ലീവാണല്ലേ..?”
“അപ്പോ അറിയുന്നുണ്ടല്ലേ..?”
“അറിഞ്ഞല്ലേ പറ്റു..”
“എന്തിന്..?”
“കാരണം..എന്റെ മുന്നിലിരിക്കുന്ന സുന്ദരി കുട്ടിയെ ഞാൻ ഇഷ്ടപ്പെടുന്നത് കൊണ്ട്.”
അതവളിൽ അഴകുള്ള നാണമാണ് സമ്മാനിച്ചത്. പക്ഷെ പുറത്ത് കാണിക്കാൻ അവൾ മുതിർന്നില്ല.
“അയ്യട…! എന്നെ എന്തിനാ വിളിപ്പിച്ചത്.. പറ..”
“സംസാരിക്കാൻ..”
“ടൈം കഴിഞ്ഞു.. ഞാൻ പോകുവാ..”
“എന്താ ആമി ഇത്.. ആകെ ഇങ്ങനെയുള്ള ദിവസങ്ങളിൽ അല്ലെ നമുക്ക് സംസാരിക്കാൻ പറ്റുള്ളൂ…”
“അതിനിപ്പോ എന്താ വേണ്ടേ..?”
“ഞാൻ കൊണ്ടു വിടട്ടെ നിന്നെ…?”
“അയ്യോ…!”
“എന്ത് അയ്യോ…?”
“വേണ്ട…ആരെങ്കിലും കാണും..”
“ആര് കാണാൻ..? നീ ഷാൾ വച്ച് തല മൂടി ഇരുന്നാൽ മതി..”
“വേണ്ട പേടിയാകുന്നു..”
“നിങ്ങൾ അങ്ങോട്ട് പോകുന്ന സ്ഥിരം വഴിയിലൂടെ പോകാതിരുന്നാൽ പോരെ…?”
“അതിനു ഏട്ടന് അങ്ങോട്ടേക്കുള്ള വഴികളൊക്ക അറിയുമോ..?”
“അറിഞ്ഞില്ലെങ്കിൽ പഠിച്ചല്ലേ പറ്റു.. കാരണം അങ്കത്തിന് ഇറങ്ങിയില്ലേ..?”
“എന്ത് അങ്കം..”
“നിന്നെ സ്നേഹിക്കുന്നത് തന്നെ അങ്കമല്ലേ.. നിന്റെ വീട്ടുകാരെ പേടിക്കണം. നിന്റെ കാമുകനെ പേടിക്കണം. വേണ്ടേ..?”
“പിന്നെയെന്തിനാ എന്നെയിങ്ങനെ ഇഷ്ടപെടുന്നേ..?”
“അതിന് ഉത്തരമില്ല മോളു… ഇഷ്ടം തോന്നാൻ, അത് മനസ്സിൽ നിറയാൻ നിമിഷങ്ങളെ വേണ്ടു..”
“ഓ ഭയങ്കര സാഹിത്യം..”
“നീ വാടി പെണ്ണേ..”
ഓഫീസിലെ ബാക്കി സ്റ്റാഫുകളൊക്കെ പോയതിന് ശേഷം പതുക്കെയാണ് അവർ ഇറങ്ങിയത്. പാർക്കിങ്ങിലേക്ക് പോയി റിതിന്റെ ബൈക്കിൽ കയറി.
“ഏട്ടന് കാറോ മറ്റോ കൊണ്ടു വന്നൂടെ..”
“എന്തെ..?”
“അപ്പൊ എന്നെയാരും കാണില്ലല്ലോ..”
“ഓഹ്… നാളെ കൊണ്ടു വരാട്ടോ..”
“പോടാ..”
അവളവന്റെ ബൈക്കിനു പുറകിൽ കയറി ഷാൾ കൊണ്ട് തലയിൽ മൂടി ഉമ്മച്ചികുട്ടി ഇരിക്കുന്നത് പോലെയിരുന്നു. അവനത് നോക്കി ചിരിച്ചു കൊണ്ടാണ് വണ്ടി എടുത്തത്. പുറത്തേക്കിറങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത നല്ല കനത്ത മഴക്കാറുണ്ട്.