“ഞാൻ…ഞാ… സോറി ഏട്ടാ…ഞാൻ അറിയാതെ…”
“ആമീ പ്ലീസ് കരയല്ലേ…”
അവനവളുടെ മുഖം പിടിച്ചുയർത്തി. ആമിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ചുവപ്പ് പടർന്നു. കണ്മഷി കവിളിലേക്ക് പരന്നോഴുകി വന്നിട്ടുണ്ട്. പാറിയ മുടിയിഴകൾ അലങ്കോലമായി കിടക്കുന്നു. പണ്ടു മുതലേ കരയുമ്പോൾ ചുവക്കുന്ന മൂക്കും തുടുത്തു.
“എന്താ ആമി ഇത്…?”
കരഞ്ഞു തുടുത്ത ആമിയുടെ ആഴത്തിലുള്ള മുഖഭാവം കാണുന്നത് ഇതാദ്യം. ശ്രീയുടെ ഉള്ളൊന്നു നീറി. വീണ്ടും അവളെ മാറോടാണച്ച് തലയിൽ മുത്തം നൽകി. പിന്നീടാണ് ഇതൊക്കെ കണ്ടു നിൽക്കുന്ന റിതിനെ അവൻ ശ്രദ്ധിക്കുന്നത്. ആമിയെ വേർപെടുത്തി ശ്രീ അവന്റെ നേരെ നടന്നു. പതറി നിൽക്കുന്ന അവനെ നോക്കി ഒരു പുഞ്ചിരി നൽകി തോളിൽ തട്ടി.
“കല്യാണത്തിന് വരണം…”
അത്ര മാത്രം പറഞ്ഞവൻ തിരിച്ചു വന്ന് ആമിയെയും കൂട്ടി പുറത്തിറങ്ങി. റിതിൻ ഒന്നും മിണ്ടാനാവാതെ നിന്ന നിൽപ്പായിരുന്നു.
ലിഫ്റ്റിൽ നിന്നിറങ്ങി ശ്രീയുടെ കൂടെ പാർക്കിങ്ങിലേക്ക് നടക്കുന്ന ആമിയുടെ കണ്ണുനീർ നിലച്ചില്ല.
“ആമി.. കണ്ണു തുടക്ക്.. പ്ലീസ്…”
അത് കേട്ടവൾ നൊമ്പര മുഖത്തോടെ കണ്ണു തുടച്ച് അലങ്കോലമായ മുടിയിഴകൾ ഒതുക്കി ശ്രീയുടെ ബൈക്കിൽ കയറി അവനെ കെട്ടി പിടിച്ചിരുന്നു. ഇപ്പോഴും ആമിയുടെ ചിന്ത അവൾ റിതിയോട് ലവ് യൂ പറഞ്ഞിട്ട് ഇറങ്ങിയത് മാത്രം ശ്രീ കണ്ടുള്ളു എന്നാണ്. ഉള്ളിൽ നടന്നതൊന്നും അറിഞ്ഞില്ലെന്നാണ് ധാരണ. ബൈക്ക് ഓടി തുടങ്ങി.
“എടി കല്യാണം വിളിച്ചോ അവനെ..?”
അവൾക്ക് മിണ്ടാനായില്ല.
“ആമീ…”
“ഏട്ടാ.. ഞാൻ… ”
അവൾക്ക് വീണ്ടും കണ്ണുകളിൽ വെള്ളം പൊട്ടി. നേരത്തെയുള്ള കണ്ണീരിന്റെ അലച്ചിലിൽ അവളുടെ നീണ്ടു നേരിയ കൺപോളകൾ തടിച്ചു വന്നിരുന്നു.
“പറയടോ..വിളിച്ചില്ലേ…?”
“ഞാൻ റിതിയെ ഇഷ്ടമാണെന്ന് പറഞ്ഞിറങ്ങുന്നത് ഏട്ടൻ കണ്ടില്ലേ..?”