“അവോയ്ഡ് ചെയ്തില്ല.. റിതി.. ഇതൊന്ന് കേൾക്ക്…”
അവൻ ദേഷ്യം കടിച്ചമർത്തി മൗനമായി തന്നെ ലാപ് ടോപലേക്ക് നോട്ടം മാറ്റി.
“നാളെ എന്റെ കല്യാണ നിശ്ചയമാണ്. ശ്രീയുമായി..”
അവൾ തല കുമ്പിട്ടു കൊണ്ട് പറഞ്ഞു. ആ വാക്കുകൾ അവന്റെ മനസ്സിന്റെ കോണിൽ എവിടെയോ ഇലക്ട്രിക് ഷോക്ക് പൊട്ടി മുളച്ചു ശരീരം മുഴുവൻ വ്യാപിക്കുന്ന പ്രതീതിയുളവാക്കി..
“എന്താ..?”
കേട്ടത് ഒന്നൂടെ ഉറപ്പിക്കാൻ വേണ്ടി അവൻ ചോദിച്ചു.
“സത്യം.. നാളെ നിശ്ചയമാണ്.”
അവന്റെ വായടഞ്ഞു. കണ്ണുകൾ ശ്രദ്ധയുറച്ചില്ല. മൂകമായ മൗനം അവന്റെ മുഖത്ത് പ്രതിധ്വനിച്ചു. റിതിന്റെ അനക്കമില്ലായ്മ കണ്ട് അവൾ തലയുയർത്തി സങ്കടത്തോടെ അവനെ നോക്കി ടേബിളിൽ കൈ വച്ച് വിളിച്ചു.
“ഏട്ടാ….”
“ഹ്മ്മ്.. കോൺഗ്രാറ്റ്സ്…”
ആ മറുപടി അവൾ പ്രതീക്ഷിച്ചതല്ല. റിതിൻ ഇത്ര വരെയും കാണിച്ചത് കള്ള സ്നേഹമാണോ എന്ന ചിന്ത ഒരു വേള അവളുടെ മനസ്സിലൂടെ കടന്നു പോയി. താൻ ദൃഢമാക്കി കൊണ്ടു വന്ന മനസ്സ് ആടി ഉലയുകയാണല്ലോ ഭാഗവാനേ..
“ഏട്ടന് വിഷമമില്ലേ..?”
“ഉണ്ടായിട്ട് എന്താ കാര്യം..?”
“ഇഷ്ടമല്ലാതായോ..?”
“ഇഷ്ടമാണ്.. പക്ഷെ ഞാൻ എന്നും രണ്ടാം സ്ഥാനക്കാരനല്ലേ.. നീ എന്നെ ഇഷ്ടമാണെന്നതിന്റെ എന്തെങ്കിലും വാക്ക് എന്നോട് പറഞ്ഞിട്ടുണ്ടോ..?”
ആമിക്കൊന്നും മിണ്ടാനായില്ല. അപ്പോഴാണ് ഡോറിൽ മുട്ടുന്ന ശബ്ദം. അവൾ കണ്ണുകളിൽ പൊടിഞ്ഞ നനവ് തുടച്ചു കളഞ്ഞ് നേരെയിരിക്കാൻ ശ്രമിച്ചു.
“യെസ്… വരൂ…”
റിതിൻ പറഞ്ഞത് കേട്ട് ദൃശ്യ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. ആമി അവളെ നോക്കിയില്ല.
“എന്താ ദൃശ്യ..?”
“സോറി.. ഡിസ്കഷൻ ആണോ..?”
“നൊ..നീ പറയ്..”
“ചെറിയ ഒരു ഡൌട്ട്.. ആമി ഒന്ന് വരുമോ..?”
“യെസ്.ഷി വിൽ.. യൂ കാൻ ഗൊ ആമി..”
കലങ്ങിയ കണ്ണുകളുമായി ആമിയെഴുന്നേറ്റ് റിതിനെ നോക്കി. അവൻ നോട്ടം കൊടുത്തില്ല. അതേ ചങ്കിടിപ്പോടെ അവൾക്ക് പുറത്തേക്ക് ഇറങ്ങേണ്ടി വന്നു. റിതിൻ തന്നെ നന്നായി ഇഷ്ടപെടുന്നുണ്ടെന്ന് ആമി മനസ്സിലാക്കുകയായിരുന്നു.