ബാലചന്ദ്രൻ മരിച്ചിട്ട് രേഖ ഒരു മാനസിക രോഗിയാവാതിരുന്നത് സ്മിതയുടെ സാമീപ്യം ഒന്നുകൊണ്ട് മാത്രമാണ്. ഭർത്താവ് ഗൾഫിലുള്ള സ്മിത ഏകദേശം മൂന്ന് മാസം രേഖയോടെപ്പമാണ് താമസിച്ചത്. സ്മിതയാണ് രേഖയെ കുറച്ചെങ്കിലും മാറ്റിയെടുത്തത്. ഇന്നലെ വരെ സ്മിത അവളെ ഓരോന്ന് പറഞ്ഞ് സമാധാനിപ്പിച്ചിരുന്നു. സ്മിത എന്ത് പറഞ്ഞാലും രേഖ അവളുടെ മുഖത്തേക്ക് നോക്കി ഒന്നുംമിണ്ടാതെ നിൽക്കും. എങ്കിലും സ്മിത എന്തിനും, ഏതിനും അവൾക്കൊപ്പം നിന്നു. അതാണ് ഇപ്പോൾ രേഖയുടെ മെസേജ് കണ്ടപ്പോൾ സ്മിതക്ക് അൽഭുതം തോന്നിയത്.
“എന്തായാലും എനിക്ക് സന്തോഷമായെടീ…
നീ എനിക്കൊരു മെസേജയച്ചല്ലോ… എന്തെങ്കിലും കാര്യമുണ്ടോടീ…?”
സ്മിത സന്തോഷത്തോടെ ചോദിച്ചു.
“ആ… ചെറിയൊരു കാര്യമുണ്ടെടീ… എനിക്ക് ടൗൺ വരെയൊന്ന് പോണം. നീ… നിൻ്റെ വണ്ടിയുമായൊന്ന് വരാമോ…?”
സ്മിത വീണ്ടും ഞെട്ടി.
ഒന്നാമത് പല തവണ താൻ അവളെ ടൗണിലേക്ക് വിളിച്ചതാണ്. അപ്പോഴോന്നും വന്നില്ല എന്ന് മാത്രമല്ല, അത് കേൾക്കുമ്പോഴേ നിന്ന് കരയും.
പിന്നെ സ്കൂളിൽ നിന്ന് വരുമ്പോൾ തൻ്റെ സ്കൂട്ടിയിൽ കയറാൻ എത്രയോ വട്ടം പറഞ്ഞതാണ്. പക്ഷേ കയറില്ല. അങ്ങോട്ടും ഇങ്ങോട്ടും ഒന്നര കിലോമീറ്റർ നടക്കും. ഇപ്പോഴിതെന്തുപറ്റിയെന്ന് സ്മിതക്ക് മനസിലായില്ല. ഏതായാലും അര മണിക്കൂർ കൊണ്ട് വരാം എന്ന് പറഞ്ഞവൾ ഫോൺ വെച്ചു. ഇന്ന് ഞായറാഴ്ചയായിട്ട് ഒരുപാട് പണിയുണ്ട് വീട്ടിൽ .
എങ്കിലും സാരമില്ല. വേഗം അവളുടെ അടുത്തെത്തണം. എന്തായാലും അവൾക്ക് കാര്യമായെന്തോ പറ്റിയിട്ടുണ്ട്. എപ്പഴും നിരാശയോടെ മാത്രം എന്തെങ്കിലും സംസാരിക്കുന്ന രേഖ ഇന്ന് ചെറിയൊരു സന്തോഷത്തിലാണെന്ന് സ്മിതക്ക് തോന്നി. സ്മിതക്ക് പത്തും, എട്ടും വയസുള്ള രണ്ട് കുട്ടികളാണുള്ളത്. കല്യാണം കഴിഞ്ഞ് വളരെ വൈകിയാണവൾ ഗർഭിണിയായത്. മക്കളെ അമ്മായിയമ്മയെ ഏൽപിച്ച് അവരോട് വിവരം പറഞ്ഞ് അവൾ വേഗം ഒരുങ്ങിയിറങ്ങി.