ചിന്നൻ വിടാനുള്ള ഭാവമില്ല.. സിദ്ധു അത് ശ്രദ്ധിക്കാതെ കട്ടിലിൽ നീണ്ടു നിവർന്നു കിടന്നു..
അവന്റെ മനസു തിളച്ചു മറിയുകയായിരുന്നു. എന്താണ് തനിക്ക് സംഭവിച്ചത്… അഹങ്കാരത്തോടെ താൻ കരുതിയിരുന്നത് വെറുതെയായി, ഫൈറ്റിനിടയിൽ ബോധം പോകുന്നത് ആദ്യമായാണ്..
അവൻ കൈകൾ ഒന്ന് ബലത്തിൽ ചുരുട്ടി പിടിച്ചു..എന്തോ ഒരു കുറവുണ്ട്… സാധാരണ ഉള്ളത്ര ശക്തി കിട്ടുന്നില്ല…
തോൽവി സമ്മാനിച്ച വിഷാദവും, നാട്ടുകാർക്കും ആള് കളിച്ചു നടന്ന വീട്ടുകാർക്കും മുൻപിൽ കൊച്ചായതിന്റെ അപമാനവും കൊണ്ട് സിദ്ധു വെന്തു…
” എടാ ചിന്നാ…. നേരത്തെ കേറ്റിയ സാധനം ബാക്കിയുണ്ടെങ്കിൽ താ…”
അവിടെയുള്ള പടിയിൽ ഇനി എന്ത് വേണമെന്ന് ചിന്തിച്ചിരിക്കുന്ന ചിന്നനോട് സിദ്ധു വിളിച്ചു പറഞ്ഞു…
” ഇനി സാധനവും തേങ്ങാക്കൊലയും ഒന്നും ഇല്ല… ഒരു വട്ടം കേറ്റിയതിന്റെയാണ് ഒറ്റ അടിക്ക് പൂഴി തിന്നത്… ”
നല്ല കലിപ്പിലാണ് മറുപടി… പക്ഷെ സിദ്ധു ശ്രദ്ധിച്ചത് കലിപ്പല്ല, മറുപടിയായിരുന്നു… അതേ, അത് തന്നെ….അവൻ കട്ടിലിൽ നിന്നും ചാടിയെണീറ്റു ചിന്നന്റെ അരികിൽ വന്നു..
” നീയെന്താ പറഞ്ഞത്..? ഇത് കഴിച്ചിട്ടാകുമോ എനിക്ക് ഇങ്ങനെ ആയത്..? ”
സിദ്ധു കുറച്ചു ആകാംഷയോടെയാണ് ഇത് ചോദിച്ചത്..
” എന്റെ തോന്നൽ അങ്ങനാണ്… നീ അമ്പലത്തിലേക്ക് പോകുമ്പോ ചെറുതായി ആടുന്നുണ്ടായിരുന്നു… നിനക്ക് സാധനത്തിന്റെ മന്തപ്പ് ഇറങ്ങീട്ടില്ലല്ലോ എന്ന് ഞാൻ ചിന്തിക്കേം ചെയ്തേർന്നു… ആദ്യായിട്ടല്ലേ അതോണ്ടാവും..
നീ എണീറ്റ് നിന്നു ഒന്ന് കണ്ണടച്ചേ.. …ക്ഷീണമുണ്ടോ അറിയാലോ..”
ചിന്നന്റെ പരീക്ഷണത്തിന് സിദ്ധു തയ്യാറായി..അവൻ കട്ടിലിൽ നിന്നു എണീറ്റു നിന്നു കണ്ണുകൾ അടച്ചു..
രണ്ടോ മൂന്നോ മിനിട്ടുകൾ കൊണ്ടുതന്നെ ഒരു മയക്കം കണ്ണിൽ നിന്നും തലച്ചോറിലേക്ക് കയറി മുഴുവൻ ഇരുട്ടായി… കഠിനമായ അധ്വാനം കഴിഞ്ഞ് വന്നു ക്ഷീണിച്ചു ഉറങ്ങുന്നത് പോലെ ആയിരം കിലോ ഭാരം കണ്ണിനു മുകളിൽ വന്നതായി സിദ്ധുവിന് അനുഭവപ്പെട്ടു..തല കറങ്ങി ഒരു കുഴിയിലേക്ക് എന്ന പോലെ വീഴാൻ തുടങ്ങിയ സിദ്ധുവിനെ ചിന്നൻ ഉറക്കെ വിളിച്ചു…