ആരുമില്ലേ…(ഉറക്കെ വിളിച്ചു ചോദിച്ചു)
ആരാ… (ചോദ്യത്തിന് പുറകെ നൈറ്റി ധരിച്ചൊരു കോലം പുറത്തേക്ക്വരുന്നത് കണ്ടുകൊണ്ട്)
സാവിത്രിയേച്ചീടെ വീട്…
ആ നീയായിരുന്നോ കയറിയിരിക്ക് ഞാൻ കുടിക്കാനെടുക്കാം…(നിറം മങ്ങിയ പ്ലാസ്റ്റിക് കസേര എനിക്കുനേരെ വലിച്ചിട്ടു കൊണ്ട് പറഞ്ഞിട്ടകത്തേക്ക് പോയി)
വന്ന് പോയത് സാവിത്രിചേച്ചിയാണോ ഞാൻ കണ്ട സാവിത്രി ചേച്ചിയിൽ നിന്നും ഒരുപാട് മാറിപോയിരിക്കുന്നു അവർ അവരാണിതെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല
എന്തുണ്ട് വിശേഷം… നീ ഇപ്പൊ എന്ത് ചെയ്യുകയാ… (ചെറിയുള്ളി അരിഞ്ഞിട്ട് പഞ്ചസാര ചേർത്തവെള്ളം എനിക്കുനേരെ നീട്ടി)
(വെള്ളം കൈയിൽ വാങ്ങി ഒരിറക്ക് കുടിച്ചുകൊണ്ട് )നല്ലത്… ഇപ്പൊ ഖത്തറിലാണ് ഒരു വീട്ടിൽ ഡ്രൈവറും അവരുടെ കമ്പനിയുടെ മേൽനോട്ടവും ഒക്കെയായി പോവുന്നു
ശമ്പളമൊക്കെ ഉണ്ടോടാ
ശമ്പളമൊക്കെ നല്ലോണമുണ്ട്
എങ്കിലൊരു പോളിസി എടുക്കണം
അതൊക്കെ എടുക്കാം…
മ്മ്… ഏട്ടന്മാരെ കാണാൻ നാട്ടിൽ വന്ന് തിരിച്ചു പോരുമ്പോ ഞാനന്വേഷിച്ചിരുന്നു നിന്നെ അപ്പൊയറിഞ്ഞത് നീ ഗൾഫിലാണെന്ന് എപ്പോഴാ വന്നേ…
രണ്ടുദിവസമായി… അന്വേഷിക്കാൻ എന്നെ ഓർമയുണ്ടായിരുന്നോ…
നിന്നെ മറക്കാൻ പറ്റുമോടാ…കൊച്ചിലെ എന്നെരക്ഷിക്കാൻ മേലേടത്തെ ചന്ദ്രന്റെ മേൽ പാമ്പിനെ പിടിച്ചിട്ടാവനല്ലേ നീ… അത് മറക്കാൻ കഴിയുമോ എനിക്ക്…
എന്നെ കൊലപാതക കുറ്റത്തിന് ജയിലിൽ കേറ്റാനാണോ പരിപാടി…അതൊക്കെ ഇപ്പോഴും ഓർത്തിരിക്കുവാണോ…
എനിക്ക്നല്ല ഓർമ്മകൾ തന്ന രണ്ട് പുരുഷന്മാരെ ഉള്ളൂ ഒന്ന് ഉണ്ണിയേട്ടനും ഒന്ന് ഒരിക്കൽ മാത്രം എന്റെ മുന്നിൽ വന്ന നീയുമാണ്… പുറത്തുനിന്ന് കാണുന്നവർക്കെന്താ വലിയവീട്ടിലെ ഏക പെൺ തരി നാല് ആങ്ങളമാരും ഇട്ടുമൂടാനുള്ള സ്വത്തും…നിനക്കറിയോ…ഏട്ടന്മാർക്ക് പോലും എന്റെ ശരീരത്തിലായിരുന്നു കണ്ണ് തരം കിട്ടുമ്പോയൊക്കെ എന്റെ ശരീരതിൽ പിടിക്കും… പേടിച്ചിട്ട് ഞാൻ എപ്പോഴും അമ്മക്ക് അരികിലെ നിൽക്കുള്ളൂ… സ്വന്തം വീട്ടിൽ വാതിലടക്കാതെ ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയായിരുന്നു… ഒരുദിവസം രാത്രി ആരോ വാതിലിൽ മുട്ടിയശേഷം ഉറങ്ങാൻ പോലും പേടിയായി… ഞാനൊളിചോടുന്നതിന്റെ തലേദിവസം കോളേജ് വിട്ട് വീട്ടിൽ വന്നപ്പോ അമ്മ അമ്പലത്തിൽ പോയിരുന്നു വീട്ടിൽ ജോലിക്കാരികളെ മാത്രമേ കണ്ടുള്ളൂ ഞാൻ കുളിക്കാനായി മുറിയിൽ കയറി ദാവണി ഊരി പുറകിൽ ആളനക്കം തോന്നി തിരിഞ്ഞുനോക്കുമ്പോ എന്നെ ആർത്തിയോടെ നോക്കുന്ന അച്ഛനെ കാണുന്നത് അടുത്തേക്ക് വന്ന അച്ഛനെ തള്ളിമാറ്റി പുറത്തേക്കോടി കൈയിലെ ദാവണിയും വാരിചുറ്റി ജോലിക്കാർക്കിടയിൽ ചെന്ന് നിൽക്കുമ്പോഴും എന്റെ പേടി മാറിയിരുന്നില്ല… അന്നത്തെ രാത്രി എങ്ങനെയോ വെളുപ്പിച്ചു പിറ്റേന്ന് കാലത്ത് ഉണ്ണിയേട്ടനോട് എന്നെ ഇന്നുതന്നെ എങ്ങോട്ടെങ്കിലും കൊണ്ടുപോവുമോ ഇനി ഞാൻ വീട്ടിലേക്ക് പോവില്ല എന്ന് പറഞ്ഞു ഒന്നും മിണ്ടാതെ പോയ ഉണ്ണിയേട്ടൻ അല്പം കഴിഞ്ഞു തിരിച്ചുവന്ന് കോളേജ് സ്റ്റോപ്പിൽ ഇറങ്ങേണ്ട എന്ന് പറഞ്ഞു വടകര എത്തി എന്നെയും കൂട്ടി കോഴിക്കോട് ബസ്സിൽ കയറി അവിടുന്ന് മൂപ്പര് ഒരു ഷർട്ട് വാങ്ങിമാറ്റിയിട്ടു കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ കോയമ്പത്തൂർ അവിടുന്ന് ഡൽഹി പിനെ അവിടെയായിരുന്നു ചേട്ടൻ ദിവസവും ജോലിക്ക് പോയാൽ ജോലികഴിഞ്ഞു നേരെ വീട്ടിൽ വരും വീട്ടിലേക്കുള്ള സാധനങ്ങളെല്ലാം ഞങ്ങൾ ഒരുമിച്ചുപോയി വാങ്ങും അങ്ങനെ പോകെ ആണ് ഞാൻ ഗർഭിണി ആണെന്ന് അറിയുന്നേ അപ്പൊ നല്ല സന്തോഷം തോന്നി എങ്കിലും ചിലവിന് എന്ത് ചെയ്യും എന്ന ഭയം ഞങ്ങൾക്കുണ്ടായിരുന്നു മോള് വയറ്റിൽ നാലാം മാസം ആയപ്പോഴാണ് ചേട്ടൻ മരിക്കുന്നത്