സത്യത്തിൽ വ്യത്യസ്തമായി ചിന്തിക്കുന്ന മകന്റെ ഉള്ളിൽ കുറച്ചു കാറ്റും വെളിച്ചവും കടന്നു വന്നോട്ടെ എന്നായിരുന്നു ആ ചേർക്കലിന്റെ ഉദ്ദേശ്യമെങ്കിലും കുഞ്ഞുവാസുദേവനെ സംബന്ധിച്ചിടത്തോളം അയാൾക്ക് കിട്ടിയ നല്ലൊരു ഗുരു തന്നെയായിരുന്നു വിശ്വമിത്രൻ എഴുത്തച്ഛൻ.. ഒരു ഗുരുവിനു വേണ്ട എല്ലാ ഗുണങ്ങളും അടങ്ങിയ പുള്ളിക്കാരന് ചെറുതെങ്കിലും ഉണ്ടായിരുന്ന ഒരു ബലഹീനതയാണ് ഈ കഥയുടെ തന്തു…
വിശ്വാമിത്രൻ എഴുത്തച്ഛൻ വാസുദേവനിൽ നല്ലൊരു ശിഷ്യനെ കണ്ടു, പുലർച്ചെ 5 മണിക്ക് തുടങ്ങി ഉച്ചക്ക് 12 വരെ നീളുന്നതായിരുന്നു അവരുടെ വിദ്യാഭ്യാസം… അതിൽ സൂര്യനമസ്കാരം മുതലുള്ള യോഗയും സാധാരണ പഠനവും ഉണ്ടായിരുന്നു…. പിന്നെ മറ്റൊന്ന് ജ്യോതിഷം എന്ന വിഷയവും….ഇതെല്ലാം തീരുന്ന ഉച്ചയോടു കൂടി ഗുരുവിന്റെ ഭാര്യയോടൊപ്പം ഭക്ഷണക്കാര്യങ്ങൾക്കുള്ള സഹായി ആയും മറ്റു വീട്ടു ജോലികളിലും അയാൾ സഹായം ചെയ്യേണ്ടി വന്നു…
എങ്കിലും വാസുദേവന് ഗുരുകുലം ഒരു സ്വർഗമായിരുന്നു… അവിടെയുള്ള എന്തും അത് പഠനമാണെങ്കിലും അതിനു ശേഷം ചെയ്യുന്ന ജോലികളാണെങ്കിലും അയാൾ സന്തോഷത്തോടെ ചെയ്തുപോന്നു….കാരണം അയാളുടെ സംശയങ്ങൾക്ക് ഗുരുവിന്റെ കയ്യിൽ ഉത്തരമുണ്ട്… വൈകുന്നേരം അടുത്തുള്ള മലമുകളിൽ ഒറ്റക്കിരുന്നു വാസുദേവൻ പക്ഷികളുടെയും ചെടികളുടെയും ചുരുക്കം ലഭ്യമായ മൃഗങ്ങളുടെയുമെല്ലാം പ്രത്യേകതകൾ പഠിച്ചുകൊണ്ടിരുന്നു….
വാസുദേവന്റെ അറിവിനോടുള്ള ഈ അടങ്ങാത്ത ദാഹം ഗുരു വിശ്വമിത്രന് ആദ്യമെല്ലാം അത്ഭുതമായിരുന്നു…. ഒരു ആരംഭശൂരത്വം ആണെന്ന് കരുതിയിരുന്ന അയാൾ അയാളുടെ കഴിവ് കൊണ്ട് അതിലെ വാസ്തവം തിരിച്ചറിഞ്ഞു.. അതോടെ വാസുദേവന്റെ ഉദ്യമത്തെ അയാൾ സന്തോഷത്തോടെ പ്രോത്സാഹിപ്പിച്ചു… ഒടുവിൽ ഒട്ടേറെ കണക്കുകൂട്ടലുകൾക്ക് ശേഷം എന്നോ ഒരുനാൾ അയാൾക്ക് അയാളുടെ ഗുരുവിൽ നിന്നും പകർന്നു കിട്ടിയ ഒരു അത്ഭുതസിദ്ധി വാസുദേവന് കൂടി പകർന്നു കൊടുക്കാൻ വിശ്വമിത്രൻ തീരുമാനിച്ചു….
മറ്റുള്ളവരുടെ മനസ് നിയന്ത്രിക്കാൻ സാധിക്കുക എന്ന വല്ലാത്തൊരു കഴിവായിരുന്നു അത്.. എന്ന് വെച്ചാൽ എതിര് നിക്കുന്നവരുടെ കണ്ണിലൂടെ അവരുടെ ചിന്തകളെ സ്വാധീനിക്കുക, അത് വഴി അവരെ താൻ വിചാരിക്കുന്ന ഏതൊരു പ്രവൃത്തിക്കും സന്നദ്ധരാക്കാം….. ഇങ്ങനെയൊരു കഴിവ് പകർന്നു കൊടുത്താൽ ലോകത്തിനു ഉണ്ടായേക്കാവുന്ന ഭവിഷ്യത്ത് ഇത് പഠിക്കുന്ന ഓരോ ശിഷ്യനെയും മനസിലാക്കിക്കുക എന്ന വലിയൊരു ജോലി ഓരോ ഗുരുവിലും ഉണ്ട്…. വാസുദേവൻ ഇതൊരു മോശം കാര്യത്തിനായി ഉപയോഗിക്കില്ല എന്ന ബോധ്യം വിശ്വമിത്രന് ഉണ്ടായിരുന്നു…ഇതിലെ മറ്റൊരു കാര്യം ഇത് മറ്റൊരാൾക്ക് പറഞ്ഞുക്കൊടുക്കുന്നതോടെ തങ്ങൾക്കുള്ള ഈ കഴിവ് അവർ മറന്നു പോകും… പിന്നീട് ഒരിക്കലും അവർക്ക് ഇങ്ങനെയൊരു കഴിവ് ശിഷ്യനിൽ നിന്നും തിരിച്ചു സ്വീകരിച്ചാൽ പോലും ലഭിക്കില്ല..