കുറച്ചു സമയം കഷ്ടം വെച്ചു നിന്നതല്ലാതെ അയാൾ ഒന്നും പറഞ്ഞില്ല… ശേഷം പടിയിറങ്ങിപ്പോയി.
കുറച്ചേറേ സമയത്തെ ഉഴിച്ചിലിന് ശേഷം സുശീല അവസാനിപ്പിച്ചു…ക്ഷതമേറ്റ ഭാഗങ്ങളിലെല്ലാം തന്റെ കൈകൾ എത്തിയെന്നുറപ്പാക്കിയ ശേഷം തോർത്ത് ചൂടുവെള്ളത്തിൽ മുക്കി നന്നായി ചൂട് പിടിച്ചുകൊടുത്ത ശേഷമാണ് നിവർന്നു നിന്നത്..
സ്വന്തം എളിക്കു കൈകുത്തി ഒന്ന് പുറകിലേക്ക് സ്‌ട്രെച് ചെയ്ത ശേഷം അവർ കൊണ്ടുവന്ന പാത്രങ്ങൾ എടുക്കാൻ തുടങ്ങി…
” അധികം പ്രശ്നൊന്നും ഇല്ലെന്നേ.. അത് ആ കൽ പടവ് തട്ടിയതിന്റെ ഒരു ചതവായിരുന്നു.. ഞെരമ്പോന്നും പിടച്ചിട്ടില്ല, എല്ലിനും കുഴപ്പമില്ല.. നാളേക്ക് മാറിക്കോളും, വേണേൽ രാവിലെ കൂടി ഒന്ന് ഉഴിഞ്ഞു തരാം..”
ഇനിയൊരു ഉഴിച്ചിലിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്തത്ര അവസ്ഥയിൽ ആയിരുന്നത് കൊണ്ട് സിദ്ധുവിന് മറുപടി ഉണ്ടായില്ല…
” സുശീല ഇന്ന് ഇവിടെ കിടന്നോളു, കുട്ടിക്ക് രാത്രി എന്തെങ്കിലും ആവശ്യം വന്നാൽ ആരെങ്കിലും വേണ്ടേ…!! ”
അവർ താഴേക്ക് പോവാൻ ഒരുങ്ങുന്നതിനിടെ ലക്ഷ്മിയമ്മ പറഞ്ഞു..
” അയ്യോ, അത് മാത്രം പറയരുത്, എന്നെ കൊണ്ടു പറ്റില്ല ലക്ഷ്മിയമ്മേ … ”
അവർ ലക്ഷ്മിയമ്മയോട് കെഞ്ചി..
” ഈ നശിച്ച ശ്വാസം മുട്ട് കാരണം എന്നെ കൊണ്ടു ഒന്നിനും സാധിക്കില്ല , കുട്ടിക്ക് അഥവാ കൂടുതലാവുകയാണെങ്കിൽ ഒന്ന് മൂത്രം ഒഴിപ്പിക്കാൻ കൊണ്ടുപോവാൻ പോലും ഒരാളില്ലാതെ ശെരിയാകില്ല.. ”
” ശങ്കരേട്ടന് ഉറക്കമിളച്ചാൽ നാളെ തീരെ വയ്യാതാകും, ഞങ്ങൾക്കൊക്കെ വയസ്സായില്ലേ കുട്ട്യേ ….ഒന്ന് കേൾക്കൂ.. നാളെ പകൽ പുറംപ്പണിക്ക് വരണമെന്നില്ല, അത് മറ്റാരെങ്കിലും നോക്കിക്കോളും ”
ലക്ഷ്മിയമ്മ വിടുന്ന ലക്ഷണമില്ല..
” അതല്ല, എനിക്കും ഉറക്കം പ്രശ്നമാണ്, പറഞ്ഞില്ലേ ഊരവേദനയുണ്ടെന്നു അതിന്റെ മരുന്ന് കുടിച്ചാൽ ഉറങ്ങിപ്പോവും, രാവിലെ വരെ ഒന്നും അറിയാറില്ല, അതിനിടക്ക് മോനെന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ അറിയുക കൂടി ഇല്ല… അതല്ലാതെ ധിക്കാരം പറയുന്നതല്ലാ.. ”
ലക്ഷ്മിയമ്മ യാചിക്കുന്നത് പോലെ പറയുന്നത് കേട്ടപ്പോൾ സുശീലയും അവരുടെ ബുദ്ധിമുട്ട് പറഞ്ഞുക്കൊടുത്തു… എന്നാൽ സിദ്ധുവിന് ഇതെല്ലാം കേട്ടു ദേഷ്യമാണ് തോന്നിയത്..
” എനിക്ക് വേണ്ടി ആരും ബുദ്ധിമുട്ടണ്ട, ഞാൻ എന്തെങ്കിലും ചെയ്തോളാം.. നിങ്ങൾ രണ്ടാളും പൊക്കോളൂ.. “