” ഈ ശ്വാസം മുട്ട് വെച്ച് ഇങ്ങോട്ട് കേറേണ്ട ആവശ്യമുണ്ടായിരുന്നോ..?
സിദ്ധു മറുപടിക്ക് പകരം പറഞ്ഞത് കേട്ടു ലക്ഷ്മി പുഞ്ചിരിച്ചു..
” എന്റെ വയ്യായ്ക എന്നും എന്റെ കൂടെ ഉള്ളത് തന്നെയല്ലേ, അപ്പൊ അതിനൊരു പുതുമ ഉണ്ടാവില്ല… മോന്റെ കാര്യം അങ്ങനാണോ..?
അവൾ പറഞ്ഞത് കേട്ടു ഞാൻ ആകെ പേടിച്ചുപോയി..അറിഞ്ഞിട്ട് അല്ലെങ്കിൽ കൂടി അവളും ഇതിനൊരു കാരണക്കാരിയാണല്ലോ.. ”
സിതാര കുളത്തിൽ നിന്നും ഓടിവന്നത് അമ്മയോട് ഇത് പറയാൻ കൂടി വേണ്ടി ആയിരുന്നു.. അവന് അത്യാവശ്യം നന്നായി തന്നെ ഉള്ളിലേക്ക് പറ്റിയിട്ടുണ്ടാകുമെന്ന് അവന്റെ അവസ്ഥയിൽ നിന്നും അവളും മനസിലാക്കിയിരുന്നു…
” എവിടെയാ ഇടിച്ചത്..? നോക്കട്ടെ… ”
അവർ ചോദിച്ചപ്പോൾ ആശ്വാസത്തോടെ അവൻ ഇട്ടിരുന്ന ഷർട്ട് അഴിച്ചു ക്ഷതം പറ്റിയ ഭാഗം അവർക്ക് കാണിച്ചുകൊടുത്തു… പടവിൽ ഇടിച്ചു വീണത് കാണാൻ പറ്റുന്ന തരത്തിൽ തന്നെ ചുവന്നു കിടന്നിരുന്നു…അതിലൂടെ വാത്സല്യത്തോടെ അവർ കയ്യോടിച്ചു…
” ഞാൻ ആ സുധയോട് എണ്ണയിട്ട് തിരുമ്മി വെള്ളം കൊണ്ട് ചൂടുപിടിച്ചു തരാൻ പറയാം ട്ടോ, നാളേക്ക് കുറഞ്ഞോളും..”
അവന്റെ തലമുടിയിൽ സ്നേഹത്തോടെ തലോടിക്കൊണ്ട് പറഞ്ഞ ശേഷം അവർ കോണിപ്പടിയിറങ്ങാൻ തുടങ്ങി….
” അതൊന്നും വേണ്ട, ഇത് തന്നെ മാറിക്കോളും… ”
ഉഴിച്ചിലും പിഴിച്ചിലും ഇഷ്ടമില്ലാത്തത് കൊണ്ട് അവൻ ഉറക്കെ പറഞ്ഞു..
” അത് പോരാ… കുട്ടി എതിര് പറയരുത്, വേഗം മാറണമെങ്കിൽ ഇങ്ങനെ ചെയ്യണം.. ”
പറഞ്ഞിട്ടിനി കാര്യമില്ലെന്നു അറിയുന്നതുകൊണ്ട് വെറുതെ തലയാട്ടിക്കൊണ്ട് അവൻ കമിഴ്ന്നു കിടന്നു…വേദനയുണ്ട്, പക്ഷെ അവന്റെ മനസ് അവന്റെ കയ്യിലാരുന്നില്ല..
കാരണം വേദനയോടൊപ്പം തന്നെ സിതാരയുടെ സൗന്ദര്യം അവന്റെ ചിന്തകളെ മഥിച്ചു…അതിനോടൊപ്പം തന്നെ നീതുവും..
ശങ്കരനും ലക്ഷ്മിയും ദിവസത്തിൽ ഭൂരിഭാഗവും ചിറക്കൽ ആയിരുന്നതിനാൽ സിതാരയും ഇരട്ട സഹോദരി നീതുവും ചിറക്കലെ കുട്ടികളെപ്പോലെയാണ് വളർന്നത്… അവിടെ അവർ പൂമ്പാറ്റകളെ പോലെ സന്തോഷത്തോടെ പാറിനടന്നു..
ഇരട്ടകൾ എന്ന് പറഞ്ഞാൽ അവരെ ഒറ്റനോട്ടത്തിൽ മനസിലാക്കാൻ സാധിച്ചിരുന്നില്ല, സിതാരയുടെ ചുണ്ടിനു മുകളിൽ ഉള്ള ഒരു കുഞ്ഞു മറുക് മാത്രമായിരുന്നു അവിടെയുള്ള രക്ഷ, അതും അടുത്ത് വരുമ്പോൾ മാത്രമേ അറിയുകയുള്ളൂ…