എന്നാൽ പുതിയ തലമുറക്കാർ വലിയ ബുദ്ധിയുള്ള, വിദ്യാഭ്യാസമുള്ളവരാണ്. ഒരു പക്ഷെ മലയാളികളുടെ തീവ്ര പരിശ്രമത്തിൽ നിന്നുണ്ടായ കുട്ടികളായിരിക്കും അവർ.
അന്നൊരു ശനിയാഴ്ച ആയിരുന്നു. ആഴ്ചയിലൊരിക്കൽ വീണുകിട്ടുന്ന ഒരു ഒരു ഒഴിവു ദിവസത്തിന്റെ തലേനാൾ. ചുരുക്കി പറഞ്ഞാൽ ഞങ്ങളെപ്പോലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആഘോഷ ദിവസം. മദ്യപിക്കേണ്ടവർ മദ്യപിക്കുന്നു. ചിലർ ചീട്ടു കളിച്ചു നേരം കളയുന്നു. ചിലർ സിനിമ കാണുവാൻ സിനിമാശാലയിൽ പോകുന്നു. ഇതൊന്നുമില്ലാതെ ചിലർ സുഖമായി ഉറങ്ങുന്നു.
മീനമാസം അവസാനിക്കുന്നതിനാൽ ചൂടിന്റെ ശക്തി കൂടി വന്നു. വീട്ടുടമസ്ഥർ എല്ലാം നേരത്തെ തന്നെ ഉറക്കമായിരുന്നു. ഇടയ്ക്കിടെയുള്ള പോലീസ് വാഹനത്തിന്റെ സൈറൺ മുഴങ്ങുന്നതൊഴിച്ചാൽ എല്ലാം നിശബ്ദം.
എന്റെ റൂംമേറ്റ് ആണ് ബെന്നി.
ഞാനും ബെന്നിയും കഴിഞ്ഞ മൂന്നു വർഷങ്ങളായി ഒരുമിച്ചാണ് താമസം. അവന്റെ പഠിത്തമൊക്കെ കഴിഞ്ഞു.
അവൻ നാളെ നാട്ടിൽ പോകുകയാണ്. IIT യിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കി ഡൽഹി ജീവിതം അവസാനിപ്പിക്കുകയാണ്.
അവൻ പോയിക്കഴിഞ്ഞാൽ പിന്നെ ഞാൻ ഒറ്റയ്ക്കാകും. ഇനി ഒരു റൂം മേറ്റ് വേണം. ഒറ്റയ്ക്ക് താമസം രസകരമല്ല.
അടുത്ത് തന്നെ താമസിക്കുന്ന ഒരു സുഹൃത്താണ് മുരളി.
റൂം പാർട്നെർസ് ആരെയെങ്കിലും ഒന്ന് സംഘടിപ്പിക്കുവാൻ ഞാൻ മുരളിയോട് പറഞ്ഞിട്ടുണ്ട്.
അക്കാര്യത്തിൽ അവൻ മിടുക്കനാണ്. ഒരു മദ്യ വിരുന്നു കൊടുത്താൽ മതി.
അന്ന് ഞങ്ങളും ഒരു ഓൾഡ് മോങ്ക് കരുതിയിരുന്നു. ബെന്നി വാങ്ങിക്കൊണ്ടു വന്നതാണ്. അവൻ പോകുവല്ലേ അതിന്റെ ഒരു സങ്കടം മദ്യത്തിൽ ഒതുക്കാനുള്ള ഒരു ശ്രമം. രാത്രി 8 മണിക്ക് തുടങ്ങിയ മദ്യപാനം. അതിൽ പകുതിയോളം കുപ്പിയിൽ അവശേഷിച്ചിരുന്നു. രണ്ടു പെഗ്ഗമാണ് എന്റെ മാക്സിമം ഡോസ്. ബെന്നി അൺ ലിമിറ്റഡ് ആണ്.
അവൻ മദ്യപിച്ചു ഉറങ്ങിക്കഴിഞ്ഞാൽ വലിയ കൂർക്കം വലി ആണ്.
സമയം രാത്രി ഏതാണ്ട് പതിനൊന്നായിക്കാണും. ഇരുൾ വ്യാപിച്ചു. (ഈ സമയത്തൊക്കെ തന്നെയാണ് ഡൽഹി ബാച്ചലേഴ്സ് മലയാളികൾ ഉറങ്ങാൻ കിടക്കുന്നതു ) ഞാനും സുഹൃത്തും ഉറങ്ങാൻ കിടന്നതേ ഉള്ളൂ.
കുറെ കഴിഞ്ഞപ്പോൾ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം. അതൊക്കെ അവിടെ ഒരു പതിവായതുകൊണ്ടു ആദ്യം ഞാൻ മിണ്ടാതെ കിടന്നു. പിന്നെയും മുട്ടിയപ്പോൾ ഞാൻ മനസില്ലാമനസോടെ ചെന്ന് വാതിൽ തുറന്നു.