ചാരുവിനൊരു പ്രോത്സാഹനം നൽകികൊണ്ട് നീതു പറഞ്ഞു…എന്നാൽ ചാരുവാകട്ടെ പെട്ടെന്നെന്തോ ഓർത്തത് പോലെ സീലിങ്ങിലേക്ക് നോക്കി കിടന്നുകൊണ്ട് പറഞ്ഞു
“എനിക്കുറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ലെടി….”
“അതെന്ന…?
സംശയത്തോടെ നീതുവവളെ നോക്കി
“അറിയില്ല… എന്റെയുറക്കമെല്ലാം അവൻ കൊണ്ടു പോയെടി…”
ആദിയെ കുറിച്ചുള്ള ഓർമ്മയിലവളുടെ കണ്ണുകൾ നാണത്തോടെ കൂമ്പിയടഞ്ഞു
“ചാരുവേ… നീ കാര്യമായിട്ടാണോടി…?
പെട്ടെന്ന് അവളുടെ ദേഹത്ത് നിന്നറങ്ങി മാറി കിടന്നുകൊണ്ട് നീതു ചോദിച്ചു… പിറകെയൊരു പയ്യൻ നടക്കുന്നുണ്ടെന്ന് മാത്രമേ നീതുവും അതുവരെ ചിന്തിച്ചിരുന്നുള്ളു.. പക്ഷെ ചാരുവിനും തിരിച്ചൊരിഷ്ടം തോന്നുമെന്ന് ഒരിക്കൽ പോലുമവൾ കരുതിയിരുന്നില്ല….
“മ്മ്… ഇന്നവൻ കോളേജിൽ വന്നിരുന്നു… എന്നെ കാണാൻ വേണ്ടി മാത്രം… സ്റ്റാഫ് റൂമിന്റെ വെളിയിൽ കിടന്നവൻ പരുങ്ങുന്നത് കണ്ടപ്പോഴേ എനിക്ക് തോന്നിയത കക്ഷിയെന്നെ തന്നെ തേടി വന്നതാണെന്ന്…”
“എന്നിട്ടോ…?
ബാക്കിയറിയാനുള്ള ത്വരയോടെ നീതു ഒരു കൈകൊണ്ടു തലക്ക് താങ്ങു കൊടുത്തിട്ട് അവൾക്ക് നേരെ തിരിഞ്ഞു കിടന്നു
“എന്തൊക്കെ പറഞ്ഞാലും ഞാനവന്റെ ക്ലാസ്സ് ടീച്ചർ അല്ലേ… അതുകൊണ്ട് തന്നെ വായിനോക്കാൻ മാത്രമായിരിക്കും അവന്റെയുദ്ദേശമെന്ന് കരുതിയാ ഞാനവിടേക്ക് ചെന്നത്… പാവത്തിനാണേൽ എന്നെ കാണുമ്പോളെ വിയർക്കാനും വിറക്കാനുമൊക്കെ തുടങ്ങുമെടി… ഒന്ന് കളിപ്പിച്ചു വിടാമെന്ന് കരുതി ഞാനും നിന്നു…”
“എന്നിട്ടു കളിപ്പിച്ചോ…?
ഒരാക്കി ചിരിയോടെ നീതു ചോദിച്ചു…
“ഹ്മ്മ്… അവനെ പറ്റിക്കാൻ ചെന്ന എന്റെ മനസ്സെടുത്തവനൊരു കളി കളിച്ചു…!
നാണം നിറഞ്ഞ മുഖവുമായി മുകളിലേക്ക് തന്നെ നോക്കി കിടന്ന ചാരുവിനെ കണ്ട നീതും പിന്നേം ചോദിച്ചു
“തെളിച്ചു പറയെടി പോത്തേ…?
“തെളിച്ചും മറിച്ചും പറയാൻ ഒന്നുമില്ല… അവൻ വന്നെന്നെ ഇഷ്ടമാണെന്ന് പറഞ്ഞു… ഒരുപാട് ഇഷ്ടമാണെന്ന്….. ആള് വീട്ടിലൊക്കെ ചോദിച്ചെന്ന പറഞ്ഞെ… അവർക്കൊക്കെ സമ്മതമാണെന്ന് ഇവനാരെ ഇഷ്ടപ്പെട്ടാലും….”
“ന്നിട്ട് നീയെന്തു പറഞ്ഞു..?
“ഞാൻ എന്ത് പറയാനാ നീതുവെ.. വായിൽ നാവു കിടക്കുന്നുണ്ടോ എന്ന് പോലുമെനിക്ക് അറിയാത്ത പോലെയായി…. അവനെന്റെ കയ്യിൽ പിടിച്ചതൊന്നും ഞാനറിഞ്ഞില്ല…. പിന്നെ നീ പറഞ്ഞത് പോലെ തന്നെ തക്കാളി പോലെ ചുവന്ന കവിളാണെന്ന് പറഞ്ഞവിടെയും തലോടി….”