എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ തിരിച്ചു മുറിയിൽ വന്നിരുന്നു കരഞ്ഞു. ഫോണെടുത്ത് രണ്ടു വട്ടം വിളിച്ചു നോക്കി. അവനെടുത്തില്ല.
തലയ്ക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയി.
മൂന്നാമത്തെ തവണ കാൾ അറ്റൻഡ് ചെയ്തപ്പോൾ ഹലോ പോലും പറയാതെ വിമ്മിക്കരഞ്ഞു.
“ഏട്ടനെവിടെപ്പോയതാ?”
“ഓഫീസിൽ.” വാക്കുകളിൽ കടുപ്പം.
“ഇത്രേം നേരത്തെയോ?”
അവനൊന്നും പറഞ്ഞില്ല.
“നേരത്തെ പോണമെങ്കിൽ പറഞ്ഞൂടായിരുന്നോ? എന്നെ വിളിച്ചുണർത്തിയിരുന്നെങ്കിൽ ഞാൻ കഴിക്കാൻ എന്തെങ്കിലും ആക്കി തന്നേനെല്ലോ…”
“നിനക്ക് ക്ഷീണം കാണുമല്ലോ. കിടക്കട്ടെന്ന് കരുതി.” കൊള്ളിച്ചു തന്നെ അവൻ മറുപടി പറഞ്ഞു.
നാവടഞ്ഞു പോയി പൂജയുടെ. അവൾ പിന്നീടൊന്നും സംസാരിച്ചില്ല. കാൾ കട്ട് ആയപ്പോൾ ഫോണെടുത്ത് കിടക്കയിലിട്ട് തലയിണയിൽ മുഖം പൂഴ്ത്തിക്കിടന്നു.
ഏട്ടന് തന്നോട് ദേഷ്യമാണ്. ദേഷ്യത്തോടെ ഏട്ടനെയിങ്ങനെ കാണാൻ വയ്യ. ഈ കിടപ്പിൽ അങ്ങ് മരിച്ചു പോയാൽ മതിയായിരുന്നു.
ഏട്ടനെ ഫേസ് ചെയ്യാൻ വയ്യ. കുറച്ചു ഗുളിക വാരിത്തിന്നാം. അല്ലെങ്കിൽ വെയിൻ കട്ട് ചെയ്യാം. എന്നാലും വെറുപ്പോടെയുള്ള ഏട്ടന്റെ നോട്ടം കാണാൻ വയ്യ. പക്ഷെ, പിന്നെ ചിന്തിച്ചപ്പോൾ അത് വൃത്തികെട്ട ചിന്തയാണെന്ന് തോന്നിപ്പോയി. തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഏട്ടന്റെ സമാധാനം നഷ്ടപ്പെടും. അങ്ങനെയൊരു നടുക്കടലിൽ തള്ളിയിടാൻ സ്നേഹിക്കുന്നവർ ആരും ആഗ്രഹിക്കില്ല.
എന്നാൽ പിന്നെ ഒരു കത്തെഴുതി വച്ചിട്ട് സ്ഥലം വിട്ടാലോ? വേണ്ട. ഏട്ടൻ പിന്നാലെ വന്ന് കണ്ടു പിടിക്കും. ചിലപ്പോ തല്ലിയെന്നും വരാം.
ഓരോന്നോർത്ത് കരഞ്ഞു കരഞ്ഞ് വീണ്ടും മയങ്ങിപ്പോയി. പിന്നെപ്പോഴോ കണ്ണു തുറക്കുമ്പോൾ തല വേദനിക്കുന്നുണ്ട്. ഫോണെടുത്ത് സമയം നോക്കിയപ്പോൾ ഉച്ച കഴിഞ്ഞു. വിശപ്പൊന്നും തോന്നിയില്ല. ദേഹം കുളിരുന്നെന്ന് തോന്നിയപ്പോൾ പുതപ്പെടുത്തു മൂടി.
പിന്നെയും മയക്കത്തിനിടയിൽ ഏതോ ഗുഹയിൽ നിന്നെന്ന പോലെ വിഷ്ണുവിന്റെ സ്വരം അവൾ കേട്ടു. താൻ വായുവിൽ ഉയരുന്നത് പോലെയും തോന്നി.
പിന്നീട് കണ്ണുതുറക്കുമ്പോൾ കണ്ടത് വേറൊരു മുറിയാണ്. ഒന്നും കൂടി നോക്കിയപ്പോൾ ആശുപത്രിയിൽ ആണെന്ന് മനസ്സിലായി. വലത് കൈയിൽ ട്രിപ്പിടാൻ വേണ്ടി നീഡിൽ കുത്തി വച്ചിട്ടുണ്ട്.
ഒന്നും മനസ്സിലാവാതെ ചുറ്റും നോക്കിയപ്പോൾ റൂമിലെ ടേബിളിൽ വിഷ്ണുവിന്റെ വാച്ച് ഇരിക്കുന്നത് കണ്ടു.
ദേഹം മുഴുവനും ക്ഷീണവും വേദനയുമാണ്. മൂത്രശങ്ക തോന്നിയപ്പോൾ പയ്യെ എഴുന്നേറ്റു. തലകറക്കം പോലെ തോന്നിയപ്പോൾ വീണ്ടും കട്ടിലിൽ ഇരുന്നു പോയി.