പൂജ നടന്നടുത്ത് വന്ന് അവന്റെ ബെഡിൽ ഇരുന്നു.
“ദാ നോക്കിയേ.. മൂന്നാലു പയ്യന്മാരുടെ ഫോട്ടോ ഉണ്ട്.”
അവൻ ഗാലറി തുറന്ന് ഫോൺ അവളുടെ കയ്യിൽ കൊടുത്തു.
പൂജയ്ക്ക് കാര്യങ്ങളുടെ ഗതി മനസ്സിലായി.
എങ്കിലും ഭാവഭേദമില്ലാതെ അവൾ ഫോൺ കയ്യിൽ വാങ്ങിയതിനൊപ്പം അവന്റെ അരികിൽ പയ്യെ കിടന്നു.
താൻ ഒപ്പം കിടക്കുമെന്ന് ഏട്ടൻ പ്രതീക്ഷിച്ചില്ലെന്ന് മുഖഭാവത്തിലൂടെ തോന്നി.
നാല് ചെറുപ്പക്കാരുടെ ചിത്രങ്ങൾ അവൾ സ്വൈപ്പ് ചെയ്തു കണ്ട ശേഷം ഫോൺ തിരികെ കൊടുത്തു.
അഭിപ്രായമറിയാനുള്ള ഏട്ടന്റെ ആകാംഷയോടെയുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ച് മുറിയുടെ മച്ചിൽ നോക്കി വിരൽ ഞൊടിച്ചു കിടന്നു.
“മോളൊന്നും പറഞ്ഞില്ല!”
“എന്ത് പറയാൻ?” അവൾ ഒന്നും അറിയാത്ത ഭാവത്തിൽ ചോദിച്ചു.
“അല്ല ഫോട്ടോ കണ്ടിട്ട്..”
“ഞാൻ എന്ത് പറയാനാ! ഏട്ടൻ നോക്കാൻ തന്നു ഞാൻ നോക്കി.”
“എന്നിട്ട് നിനക്ക് ആരെയും ഇഷ്ടപ്പെട്ടില്ലേ?” തന്നെ കളിയാക്കുകയാണെന്ന് തോന്നിയപ്പോൾ അവനവളെ കൂർപ്പിച്ചു നോക്കി.
“ഇല്ല.”
“അതെന്താ? ദേ ഈ രണ്ടാമത്തെ പയ്യൻ സൂപ്പർ അല്ലേ? നല്ല വെളുത്ത പയ്യൻ.”
“എനിക്ക് വെളുത്ത പയ്യനെ ആണ് ഇഷ്ടമെന്ന് ഏട്ടനോട് ആരാ പറഞ്ഞത്?” അവളുടെ മുഖം കൂർത്തു.
“അല്ല എനിക്കങ്ങനെ തോന്നി. എന്നാ നീ പറ. നിനക്ക് എങ്ങനത്തെ ചെക്കനെ വേണം?”
“എനിക്കോ.. എനിക്ക് കുടിച്ചു കഴിഞ്ഞാൽ നാക്ക് കുഴയാതെ നഗരം നഗരം മഹാസാഗരം…അമ്മേ…” പറഞ്ഞു തീരും മുന്നേ വിഷ്ണു അവളുടെ കയ്യിൽ നല്ലൊരു നുള്ള് കൊടുത്തു.
“സീരിയസ് ആയിട്ട് ചോദിക്കുമ്പോൾ തമാശിക്കുന്നോ? അവളുടെ ഒരു നഗരം നഗരം മഹാസാഗരം…” അവൻ ദേഷ്യപ്പെട്ടപ്പോൾ പൂജ കയ്യും തടവി സങ്കടത്തോടെ അവനെ നോക്കി.
“പോ.” അവൾ പിണങ്ങി മറുവശം തിരിഞ്ഞു കിടന്നു.
രണ്ടു മൂന്ന് മിനിറ്റുകൾക്ക് ശേഷം വിഷ്ണു തലപൊക്കി അവളെ നോക്കി.
നുള്ളിയ ഭാഗത്ത് തിരുമുന്നുണ്ട്. അവൾക്ക് നല്ലോണം വേദനിച്ചെന്ന് മനസ്സിലായി. അവൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണ് നുള്ളുന്നത്. അതും ചെറുതായി ഒന്ന് പിച്ചിയാൽ മതി നല്ലോണം വേദനിക്കുകയും ചെയ്യും കുറച്ചു കഴിയുമ്പോ ആ ഭാഗം നിലിച്ചു കിടക്കും. അതിന്റെ പാട് പോവാൻ ഒരാഴ്ചയും.