യക്ഷി പറഞ്ഞ രണ്ടാമത്തെ നിബന്ധന കൂടി അറിയുവാനുള്ള ആകാംഷയോടു കൂടെ അവൻ ചോദിച്ചു.
അവന്റെ ചോദ്യത്തിന് മറുപടിയായി യക്ഷി പറഞ്ഞു തുടങ്ങി.
” കേളു ഞാൻ പറഞ്ഞ ഈ കാര്യങ്ങൾക്ക് പുറമെ നീ എനിക്കൊരു സത്യം കൂടി ചെയ്തു തരേണ്ടിയിരിക്കുന്നു. നിന്റെ ആവശ്യങ്ങളെല്ലാം സാധിച്ചതിനു ശേഷം നീ യുഗങ്ങളായി കാമ പരവശയായി ഈ കാവിൽ കുടികൊള്ളുന്ന എന്നെ നീ പ്രാപിക്കുക നീ എന്നെ തൃപ്തി പെടുത്തണം അത് എനിക്ക് നീ സത്യം ചെയ്തു തരണം. എന്റെ ഈ രണ്ടു നിബന്ധനകൾ സ്വീകരിക്കുവാൻ നീ തയ്യാറാണെങ്കിൽ നീ ആഗ്രഹിക്കുന്നതെന്തും നിന്റെ കാൽകീഴിൽ ഉണ്ടാവും ”
യക്ഷിയുടെ വാക്കുകൾ സൂക്ഷ്മതയോടെ കേട്ടുനിന്ന കേളുവിൽ ഒരു ഞെട്ടലുണ്ടായി.
അതൊരിക്കലും ഭയത്താലോ അല്ലങ്കിൽ താൻ കേട്ട കാര്യങ്ങളോടുള്ള അതൃപ്തി കൊണ്ടോ ആയിരുന്നില്ല. താൻ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയായിരുന്നു യക്ഷിയിൽ നിന്നും അവൻ കേട്ടത്. അതിപ്പോൾ മയൂരിയുടേതായാലും ആദ്യ കാഴ്ച്ചയിൽ തന്നെ തന്നെ മോഹിപ്പിച്ച അതി സൗന്ദര്യവധിയായ യക്ഷിയുടെ കാര്യത്തിലായാലും ശെരി. അതൊക്കെ കൊണ്ടുതന്നെയാവണം മറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യാതെ കേളു യക്ഷിയുടെ നിബന്ധനകൾക്ക് മറുപടി നൽകിയത്.
” സമ്മതമാണ്. അവിടുന്ന് അരുളുചെയ്തതും ആവശ്യപ്പെട്ടതുമായ രണ്ടു കാര്യങ്ങളും അടിയൻ സ്വീകരിക്കുന്നു. എന്നാണോ എന്റെ പ്രതികാരം എനിക്ക് പൂർത്തിയാക്കുവാൻ സാധിക്കുന്നത് അന്ന് തന്നെ അവിടുന്നിന്റെ രണ്ടാമത്തെ ആവശ്യവും അടിയൻ സാധിച്ചു തന്നിരിക്കും.
ഈ കേളു ഇതാ എന്റെ മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിക്ക് മുന്നിൽ സത്യം ചെയ്യുന്നു അവിടുന്ന് പറഞ്ഞതും അവിടുത്തെ ആവശ്യങ്ങളും മറിച്ചൊന്നും ആലോചിക്കാതെ അടിയൻ ചെയ്തിരിക്കും ഇത് സത്യം ”
ആദ്യത്തെ നിർദ്ദേശം അവൻ സ്വീകരിക്കുന്നതിൽ മയൂരി ഒരു കാരണം മാത്രമായിരുന്നെങ്കിലിം രണ്ടാമത്തെ യക്ഷിയുടെ ആവശ്യം അവൻ സ്വീകരിച്ചതും സത്യം ചെയ്തതും പൂർണമായും യക്ഷിയുടെ വശ്യതയിൽ അവൻ മുഴുകിയതിനാൽ ആയിരുന്നു. പക്ഷെ അതിന്റെ പ്രതിഫലം എന്തായിരിക്കും എന്ന് ആ നിമിഷം അവൻ അറിഞ്ഞിരുന്നില്ല. തന്റെയുള്ളിൽ കുടികൊള്ളുന്ന ഗുരുവിന്റെ താക്കീത് പോലും ആ മായാ വലയത്തിൽ അകപ്പെട്ടിരുന്ന കേളു ശ്രവിച്ചതുപോലും ഇല്ലായിരുന്നു.