അവനും അങ്ങനെ എന്നോട് യാത്ര പറഞ്ഞു പോയതാണ് തിരിച്ചു വരുമ്പോൾ എനിക്ക് വേണ്ടി ഒരു മാനിനെ കൊണ്ട് വരും എന്നും പറഞ്ഞു. ഞാൻ പറഞ്ഞതൊന്നും വക വെക്കാണ്ട് ഇറങ്ങി തിരിച്ചത… അവനത്ര പ്രായം ആയിട്ടില്ലായിരുന്നു…
എന്റെ കണ്ണൻ നല്ല ശക്തിവാനായിരുന്നു കുറച്ചുകൂടെ കാലം അവന്റെ മനസും ശരീരവും മെച്ചപ്പെടാൻ കൊടുത്തിരുന്നേൽ ഇന്ന് എനിക്കെന്റെ കണ്ണൻ ഉണ്ടാകുമായിരുന്നു അവൻ എനിക്കുള്ള മാനും ആയിട്ട് ആ കാട് ഇറങ്ങുമായിരുന്നു…”
ഇത്രയും എങ്ങനെയോ പറഞ്ഞൊപ്പിച്ചു അവൾ തേങ്ങാൻ തുടങ്ങി എനിക്കും എന്തോ പോലെ തോന്നി പക്ഷെ അവളുടെ കൈകൾ എന്നെ വിരിഞ്ഞു മുറുക്കിയാണ് ഇപ്പൊ പിടിക്കുന്നത് എങ്ങനെയെങ്കിലും അവളുടെ അനിയനെ അങ്ങനെ പിടിക്കാൻ കിട്ടിയെങ്കിൽ എന്നാലോചിച്ചു.എനിക്കും വല്ലാണ്ട് സങ്കടം വന്നു. എനിക്കെന്തേലും പറ്റിയ എന്റെ ചേച്ചിയും ഇത് പോലെ ഇരുന്നു കരയും എനിക്കും ഉറപ്പാണ്. “അവൻ വന്നില്ലേ…?”
ഞാൻ കഴിയുന്ന വിധത്തിൽ പയ്യെ ചോദിച്ചു… അവൾക്ക് വാക്കുകൾ കണ്ടു പിടിക്കാൻ കുറച്ചു പാട് പെടേണ്ടി വന്നു എന്നാലും എല്ലാം തപ്പി പിടിച്ചു പറയാൻ തുടങ്ങി. “ഇല്ല… അവൻ വന്നില്ല.. ഞാൻ ഒരു ദിവസം, രണ്ടു ദിവസം, മൂന്നു ദിവസം, ഒരു മാസം, രണ്ടു മാസം…എന്നും രാവിലെ അവനുള്ള ചോറും കറിയും എല്ലാം വച്ചു കാത്തിരിക്കും എന്നിട്ടും അവൻ വന്നില്ല എന്റെ കണ്ണൻ… നിന്നെ അന്ന് ആദ്യമായി കണ്ടപ്പോ ഒരു നിമിഷം ഞാൻ സന്തോഷിച്ചു എന്റെ കണ്ണനാകുമോ എന്ന്…”
അത്രയും പറഞ്ഞു അവൾ നിർത്തി. കണ്ണുനീർ ധാര ധാര ആയി ഒഴുകുന്ന മുഖം എനിക്ക് കാണാമായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ അങ്ങനെ അനങ്ങാതെ കിടന്നു.ഒരുവിധം അവളുടെ കരച്ചിൽ അടങ്ങിയപ്പോൾ ഞാൻ ചോദിച്ചു
“എത്രയായി….?”
അതിനവൾ ചെറിയൊരു ചിരിയിൽ എന്നെ നോക്കിട്ട് പറഞ്ഞു “കുറെ ആയെടാ വർഷങ്ങൾ ആയി മറക്കാൻ മാത്രം പറ്റുന്നില്ല…”
ഇത്രയും പറഞ്ഞു അവൾ പിന്നെയും വിദൂരതയിലേക്ക് നോക്കി ഇരുന്നു.
“കാട്ടിൽ എന്താ മാടൻ ആണോ…?” ഞാൻ ചോദിച്ചത് പയ്യെ ആണെങ്കിലും അവൾ ഒന്ന് ഞെട്ടി. അപ്പോ തന്നെ ചോദിക്കണ്ടാർന്നു എന്നും തോന്നി. പക്ഷെ അവൾ മെല്ലെ എന്നെ നോക്കി ചിരിച്ചു…