സാംസൻ 10 [Cyril] [Climax]

Posted by

എന്റെ മറ്റു രണ്ട് സഹോദരങ്ങളും എന്നോട് പുഞ്ചിരിച്ചു. “പോയിട്ട് വരാം, സാമേട്ട…” ഒറ്റ സ്വരത്തില്‍ പറഞ്ഞിട്ട് അവരും പുറത്തേക്ക്‌ നടന്നു.

“ഹൊ, അങ്ങനെ ഒരു വലിയ പ്രശ്നത്തിന്‌ പരിഹാരം ഉണ്ടായി…!!” അങ്കിള്‍ എന്റെ അമ്മായിയോട് പറഞ്ഞു.

ശേഷം അവരും യാത്രയായി.

“അളിയോ..”

“മച്ചു..”

ഗോപനും നെല്‍സണും എന്നെ വിളിച്ചു.

“ഞങ്ങളും പോവാ, കേട്ടോ..” ഗോപന്‍ പറഞ്ഞു.

“ഇന്നുതന്നെ പോണോ…?” ഞാൻ ചോദിച്ചു.

“ഇന്ന് പോകണ്ട…” ജൂലി അവരോട് പറഞ്ഞു.

“നാളെ സ്കൂളിൽ പോയില്ലെങ്കില്‍ എന്റെ ഈ പ്രിന്‍സിപ്പല്‍ എന്റെ സാലറി കട്ട് ചെയ്യും..” നെല്‍സന്‍ അമ്മായിയെ നോക്കി തമാശ പറഞ്ഞു. “പിന്നെ കൂട്ടുകാർക്കിടയിൽ നന്ദി പറയാൻ പാടില്ല, പക്ഷേ മറ്റേ കാശ് തന്ന്‌ സഹായിച്ചതിന് നന്ദി, അളിയാ. ആദ്യമെ നിന്നോട് ചോദിക്കാത്തതിന് ക്ഷമയും ചോദിക്കുന്നു….” നെല്‍സന്‍ എന്റെ കാതില്‍ രഹസ്യമായി പറഞ്ഞു.

അതുകഴിഞ്ഞ്‌ നെല്‍സനും സുമയും ജൂലിയെ പ്രത്യേകം വിളിച്ചു കൊണ്ടുപോയി. നെല്‍സന്‍ എന്തൊക്കെയോ ജൂലിയോട് പറയുന്നുണ്ടായിരുന്നു. നന്ദിയും ക്ഷമയും പറയുന്നു എന്ന് മനസ്സിലായി. പക്ഷേ ജൂലി അവനെ എന്തൊക്കെയോ കുറ്റം പറയാവുന്നത് പോലെ തോന്നി. അവസാനം നെല്‍സന്‍ ജൂലിയെ നോക്കി കൈ കൂപ്പുന്നത് കണ്ടു. ഉടനെ ജൂലിയും സുമയും പൊട്ടിച്ചിരിച്ചു.

“ശെരി ജൂലി മോളെ, ശരി സാന്ദ്ര മോളെ, ഓക്കെ ഡാ മച്ചു.. ഞങ്ങൾ ഇറങ്ങുവ…” ഗോപനും യാത്ര പറഞ്ഞു.

അതോടെ സുമയും കാര്‍ത്തികയും പുഞ്ചിരിയോടെ യാത്ര പറഞ്ഞിട്ട് ഇറങ്ങാൻ തയാറായി.

അവസാനം എല്ലാവരും പോയ ശേഷം ഞങ്ങൾ വീടൊക്കെ വൃത്തിയാക്കി. ശേഷം അവരവരുടെ റൂമിൽ കേറി.

വാതില്‍ കുറ്റിയിട്ട ഉടനെ ഞാൻ ജൂലിയെ എന്നോട് ചേര്‍ത്തു പിടിച്ചു. അവളും എന്നെ ചേര്‍ത്തു പിടിച്ചു.

“ഇതുപോലത്തെ സന്തോഷം… ഹയ്യോ….!!” ജൂലി ചിരിച്ചു.

എനിക്കും സന്തോഷം അടക്കാൻ കഴിഞ്ഞില്ല.

“സമയം ഒത്തിരി വൈകി കേട്ടോ… നമുക്ക് കിടക്കാം, ചേട്ടാ. ഇനി ഭക്ഷണവും ഉറക്കവും എല്ലാം സമയത്തിന് വേണം. അതാണ് കുഞ്ഞിന്‌ നല്ലത്…” സ്വന്തം വയറിനെ മെല്ലെ തടവി കൊണ്ടാണ് ജൂലി പറഞ്ഞത്.

“എന്നാ വാ, കിടക്കാം.” ഞാൻ അവളെ ബെഡ്ഡിലേക്ക് നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *