“ചേട്ടൻ എന്തിനാ പുറത്തു നില്‍ക്കുന്നേ..? അകത്ത് വരുന്നേ.. ഇവിടെ വന്നിരിക്കു…” കാര്‍ത്തിക പുറത്തേക്ക് വന്ന് എന്റെ കൈ പിടിച്ചു വലിച്ച് ക്കൊണ്ട് അകത്തുള്ള ബെഞ്ചിൽ പിടിച്ചിരുത്തി. എന്നിട്ട് അവളും എന്റെ അടുത്തു തന്നെ ഇരുന്നു.
സുമയും ജൂലിയും സുമയുടെ അമ്മ കിടക്കുന്ന ബെഡ്ഡിൽ ഇരുന്നു.
കാര്‍ത്തികയും സുമയും എന്നോട് സാധാരണയായി വളരെ കൂളായി തന്നെയാണ് കാര്യങ്ങൾ സംസാരിച്ചത്. പഴയത് പോലത്തെ കളിയും ചിരിയും ഉത്സാഹവും എല്ലാം ഉണ്ടായിരുന്നു.
“ഇന്നു വൈകിട്ട് സർജറി നടത്തും. കീ-ഹോൾ സർജറി… സർജറിക്ക് മാത്രം ഒന്നേമുക്കാൽ ലക്ഷം കെട്ടാന്‍ പറഞ്ഞിരിക്കുവാ. പേടിക്കാൻ മാത്രം ഒന്നുമില്ല എന്നാ ഡോക്റ്റര്‍ പറഞ്ഞത്. അഞ്ച് ദിവസത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നും പറഞ്ഞു.” ജൂലിയുടെ ചോദ്യത്തിന് സുമ എന്നെയും ജൂലിയേയും മാറിമാറി നോക്കി ഉത്തരം പറഞ്ഞു.
“കാശ് കെട്ടിയോ…” ജൂലി അല്‍പ്പം കടുപ്പിച്ചാണ് ചോദിച്ചത്.
“ഇല്ല ചേച്ചി. സർജറിക്ക് മുമ്പ് പകുതിയെങ്കിലും അടയ്ക്കണം എന്നാ പറഞ്ഞത്…” സുമ ആരുടെ മുഖത്തും നോക്കാതെ പറഞ്ഞു.
അന്നേരം കാര്‍ത്തികയും ജൂലിയും മുഖാമുഖം നോക്കി. അവരുടെ കണ്ണുകൾ തമ്മില്‍ എന്തോ സംസാരിച്ചു.
അന്നേരം ഞാൻ മെല്ലെ എഴുനേറ്റ് പുറത്തേക്ക് വന്നു. എന്നാൽ ജനൽ വഴി അകത്ത് നടക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.
ഞാൻ പുറത്ത് വന്നതും ജൂലി ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു വലിയ പൊതി എടുത്ത് സുമയുടെ കൈയിൽ പിടിപ്പിച്ചു.
“ഒന്നര ലക്ഷം ഉണ്ട്.” ജൂലി പറഞ്ഞു.
അതുകഴിഞ്ഞ് കാര്‍ത്തിക അവളുടെ ബാഗില്‍ നിന്നും ഒരു പൊതി എടുത്ത് സുമയുടെ കൈയിൽ പിടിപ്പിച്ചു. “ഇതിൽ ഒരു ലക്ഷം ഉണ്ട്..”
ജൂലിയും കാര്‍ത്തികയും കൊടുത്ത കാശ് കണ്ടിട്ട് സുമ ഒന്ന് വിരണ്ടു.
“അയ്യോ ജൂലിയേച്ചി… കാര്‍ത്തി…. ഈ കാശ്…. ഇത്രയും കാശ്…” സുമ വെപ്രാളം പിടിച്ചു കാശിനെ ജൂലിയും കാര്‍ത്തികയുടെയും കൈകളിൽ തന്നെ തിരികെ ഏല്‍പ്പിക്കാൻ ശ്രമിച്ചു.
പക്ഷേ അവർ രണ്ടുപേരും തീയിൽ വാട്ടുന്നത് പോലെ സുമയെ നോക്കിയതും സുമ ആ ശ്രമം ഉപേക്ഷിച്ചു.
“നിങ്ങൾ വസ്തു വാങ്ങി വീട് കെട്ടി കഴിഞ്ഞപ്പോഴേ പൈസക്ക് ടൈറ്റ് ആയെന്ന് അറിയാം. പിന്നെ നെല്‍സന്‍ ചേട്ടന്റെ അനുജത്തിയുടെ കല്യാണം… ഇടക്കിടക്ക് നിന്റെ അമ്മയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ട്രീറ്റ്മെന്റ് നടത്തിയ ചിലവ് — എല്ലാം കൊണ്ടും നിങ്ങള്‍ക്ക് കാശിന്‍റെ ഷോട്ടേജ് ഉണ്ടെന്ന് അറിയാം. പക്ഷേ നെല്‍സണ്‍ ചേട്ടൻ പുറത്തു ആരോടൊക്കെയോ പലിശയ്ക്ക് കാശു ചോദിച്ചു നടന്ന കാര്യം, അത് വല്ലവരും പറഞ്ഞ് അറിഞ്ഞപ്പോ ഞങ്ങൾ എത്ര വിഷമിച്ചു എന്നറിയ്യോ..? നിങ്ങള്‍ക്ക് ബുദ്ധിമുട്ട് വന്നപ്പോ ഇത്രയും അടുപ്പമുള്ള ഞങ്ങളോടൊക്കെ പറയാതെ വേറെ ആരോടൊക്കെയോ ചോദിക്കാൻ പോയതില്‍ എനിക്ക് ശെരിക്കും ദേഷ്യമുണ്ട്, കേട്ടോ.” ജൂലി ദേഷ്യത്തില്‍ സുമയോട് കയർത്തു.