ജൂലിയുടെ കണ്ണില്‍ നിരാശ നിറയുന്നത് കണ്ടു.
“നെഴ്സ് പറഞ്ഞായിരുന്നു തൊടാൻ പാടില്ലെന്ന്…” വിഷമത്തോടെ ഞാൻ നേഴ്സിനെ കുറ്റപ്പെടുത്തി.
“പക്ഷേ.. ഞാൻ.. പറയുന്നൂ… എന്നെ.. തൊടാൻ…” ജൂലി ശാഠ്യം പോലെ പറഞ്ഞു.
ഉടനെ ഞാൻ അടുത്തേക്ക് ചെന്ന് അവളുടെ നെറ്റിയിലും കവിളിലും ഓരോ ഉമ്മ കൊടുത്തിട്ട് അല്‍പ്പനേരം അവളുടെ കവിളോട് കവിൾ ചേര്‍ത്തു നിന്നു. ആരോ വരുന്ന ശബ്ദം കേട്ടതും ഞാൻ വേഗം പിന്നോട്ട് മാറി നിന്നു. ജൂലി സന്തോഷത്തോടെ പുഞ്ചിരിച്ചു.
“എനിക്ക്… ഇത്ര മതി… എല്ലാ.. വേദനയും.. വിഷമവും.. മാറിയ പോലെ തോനുന്നു. ഇപ്പൊ.. എനിക്ക്.. ഉറക്കം… വരുന്നു, ചേട്ടാ….” പറഞ്ഞു കഴിഞ്ഞതും ജൂലി കണ്ണുകൾ അടച്ചു മയങ്ങി.
അല്‍പ്പനേരം നോക്കി നിന്ന ശേഷം ഞാൻ പുറത്തിറങ്ങി നടന്നു.
എന്നും ആറേഴ് വട്ടം ഞാൻ ജൂലിയേ കാണാന്‍ ചെന്നിരുന്നു. ഇരുപത് പ്രാവശ്യമെങ്കിലും എന്റെ കുഞ്ഞിനെയും ചെന്നു കണ്ടു. അതുപോലെ ഇടക്കിടക്ക് അമ്മായിയും ഇളയമ്മയും എന്റെ കുഞ്ഞിനെ കണ്ടിട്ട് വന്നു. പക്ഷേ ജൂലിയെ ഒരു ദിവസം ഒരു പ്രാവശ്യം മാത്രമാണ് അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.
അങ്ങനെ മൂന്ന് ദിവസം കഴിഞ്ഞ് ജൂലിയും മോളെയും റൂമിലേക്ക് മാറ്റി. ഞങ്ങളുടെ സന്തോഷത്തിന് അതിര് ഇല്ലായിരുന്നു. പിഞ്ചു കുഞ്ഞിനെ എങ്ങനെ എടുക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ അമ്മായിയും ഇളയമ്മയും എന്നെ പഠിപ്പിച്ചു. അതിനുശേഷം കുഞ്ഞിനെ എന്റെ മാറോട് ചേര്‍ത്തു പിടിച്ചു കൊണ്ടു ഞാൻ നടന്നു.
കുഞ്ഞിനെ കൊണ്ട് നടക്കുന്നതും.. കരയുമ്പോള്‍ പാട്ട് പാടി കൊടുക്കുന്നതും കണ്ടു ജൂലി ചിരിക്കുമായിരുന്നു. ജൂലി കുഞ്ഞിന് പാല് കൊടുക്കുന്നത് ഞാൻ കൗതുകത്തോടെ നോക്കി നില്‍ക്കും. പക്ഷേ അമ്മായിയും ഇളയമ്മയും ചിരിച്ചുകൊണ്ട് എന്നെ പുറത്തേക്ക് ഓടിക്കുന്നതാണ് പതിവ്.
എട്ട് ദിവസം കൂടി ജൂലിക്ക് ആശുപത്രിയിൽ കിടക്കേണ്ടി വന്നു. എന്റെ കൂട്ടുകാരും മറ്റുള്ളവരും എല്ലാം വന്ന് കുഞ്ഞിനെയും ജൂലിയേയും സന്ദര്‍ശിച്ചിട്ട് പോയി. ദേവി എന്നും വന്നിട്ട് പോയി.
സാന്ദ്ര ദിവസവും നൂറുവട്ടം വീഡിയോ കോൾ ചെയ്ത് കുഞ്ഞിനെ കാണുമായിരുന്നു.
അവസാനം ഡിസ്ചാര്‍ജ് ആയി വീട്ടില്‍ വന്നതിന് ശേഷമാണ് സമാധാനം ലഭിച്ചത്. ഇളയമ്മയും കുറച്ച് ദിവസത്തേക്ക് ഞങ്ങളുടെ കൂടെ നിൽക്കാൻ തീരുമാനിച്ചു.