“അതെനിക്കറിയാം… നിന്നോട് പലവട്ടം ഇവിടെ വന്നു നിൽക്കാൻ പറഞ്ഞിട്ട് കേൾക്കാൻ നീ കൂട്ടക്കാതെ ഇരുന്നപ്പോഴേ എനിക്ക് മനസ്സിലായി നീയവിടെ ഭയങ്കര കംഫര്ട്ടബിള് ആയിരിക്കുമെന്ന്. പിന്നെ നിന്റെ കഴുത്തിനു പിന്നിലെ പാടുകൾ പുതിയ ശീലങ്ങൾ ആവുമല്ലെ?” പുള്ളി പുച്ഛത്തോടെ പറഞ്ഞു.
അച്ചന്റെ അവസാന ഡയലോഗ്, തലയിൽ കൂടം കൊണ്ടടിയേറ്റത് പോലെയായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു നടന്നു.
” ഡാ നിൽക്ക്.. ”
ഞാൻ തിരിഞ്ഞു നോക്കാതെ അവിടെ നിന്നു. അച്ചന്റെ കൈകൾ എന്റെ തോളിലമര്ന്നപ്പോൾ ആണ് ഞാൻ മുഖമുയർത്തിയത്.
“ഇതൊക്കെ നിർത്തി നിനക്കിനിയും നന്നാകാൻ കഴിയും. ഈ ആഡംബരത്തിന്റെയും, ഈസി മണിയുടേയും പിന്നാലെ പോകുന്നത് നിർത്തു ഇല്ലെങ്കിൽ അവസാനം ജീവിതം തന്നെ നഷ്ടമാകും. നീ തന്നെ ആലോചിച്ചു തീരുമാനിക്ക്. ഇനിയും ഇങ്ങനെ ഉപദേശിക്കാൻ ഞാൻ വരില്ല.”
ഇത്രയും പറഞ്ഞ ശേഷം എന്റെ തോളിലൊന്നു തട്ടി പുള്ളി അകത്തേക്ക് നടന്നു. പിന്നെ തിരിഞ്ഞൊന്നു നിന്നു താക്കീത് പോലെ പറഞ്ഞു.
” നിന്റെ മുതലാളിയും കുടുംബവും അവരുടെ ബിസിനസ്സുമൊക്കെ അവസാനം നിന്നെ നീ ആഗ്രഹിച്ചാൽ പോലും തിരിച്ചെത്തിക്കാൻ കഴിയാത്ത വിധം കുരുക്കിലേക്കെത്തിക്കും.. സൂക്ഷിച്ചോ.. ”
ഞാൻ പുറത്തിറങ്ങി ചുമ്മാ തൊടിയിലൂടെയൊക്കെ ഒന്ന് നടന്നു. തലയിലെ തരിപ്പ് മാറുന്നില്ല. ഇനിയിവിടെ നിൽക്കാൻ കഴിയില്ല. എത്രയും വേഗം തിരിച്ചു കൊച്ചിയിലേക്ക് പോകാം.
ഉച്ചയൂണ് കഴിഞ്ഞു ഞാൻ തിരികെ റൂമിലെത്തി ബാഗ് എല്ലാം പാക്ക് ചെയ്തു. ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ അച്ഛനും, അമ്മയും തമ്മിൽ സംസാരിച്ചു. എന്നാൽ അവർ രണ്ടുപേരും എന്നോടൊന്നും മിണ്ടിയില്ല. ഞാൻ അവിടെ ഇരിപ്പുണ്ട് എന്നൊരു തോന്നൽ പോലും രണ്ടു പേർക്കുമില്ലെന്ന് തോന്നിപ്പോയി.
ഈ അവഗണനയൊക്കെ സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്. ഇവരെയൊക്കെ കൊണ്ട് ഒരിക്കലെങ്കിലും ഞാൻ എന്നെ അംഗീകരിപ്പിക്കും.
ബാഗ് തോളിലാക്കി ഞാൻ താഴേക്കിറങ്ങി. രണ്ടുപേരേയും കാണാനില്ല. റൂമിൽ നോക്കി അവിടെയുമില്ല. സിറ്റ്ഔട്ടിൽ നിന്ന് സംസാരം കേൾക്കുന്നുണ്ട്. ഞാൻ പുറത്തേക്കിറങ്ങി. രണ്ടുപേരും വരാന്തയുടെ കോണിൽ എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടിരിക്കുന്നു.