ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കിയിരുന്നു. ഇനി വല്ല ഭാഗം വയ്പ്പുമാണോ?.
” അവര് രണ്ടു പേരും U.S വിസയ്ക്ക് അപേക്ഷിക്കാൻ പോവുകയാണ്. പ്രോസസ്സ് ഒക്കെ കഴിഞ്ഞു അപ്പ്രൂവൽ കിട്ടാൻ ഏതാണ്ട് 2-3 വർഷമെടുക്കുമെന്നാണ് പറഞ്ഞത്. ”
ഓഹ്ഹ് ഇതായിരുന്നോ? അവര് എങ്ങോട്ടെങ്കിലും പോകട്ടെ. ഞാനെന്ത് വേണം? അല്ലെങ്കിൽ തന്നെ അവരുടെ ജീവിതത്തിൽ എനിക്കൊരു റോളും ഇല്ല. അവളെന്നെ വിളിക്കാറും, സംസാരിക്കാറുമില്ല. പിന്നെ അളിയന് ഇങ്ങനെയൊരു അളിയന്നുണ്ടോന്നു പോലും അറിയുമെന്ന് തോന്നുന്നില്ല.
“ഡാ ഞാൻ പറയുന്നത് കേൾക്കുന്നില്ലേ?” എന്റെ അലസത കണ്ടു അച്ചന്റെ സ്വരം മാറി.
” ആ.. ഉണ്ട്.. അവര് അമേരിക്കക്ക് പോകുന്നു..”
“നല്ല കാര്യം. നടക്കട്ടെ. “… ഞാൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു.
” നീ മുഴുവൻ കേൾക്കു.. ” അച്ഛൻ എന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
” അവരുദേശിക്കുന്നത് മൈഗ്രെഷൻ ആണ്. അവരുടെയൊപ്പം നിന്റെ അനിയനും വിസക്ക് വേണ്ടി അപ്ലിക്കേഷൻ കൊടുക്കുന്നുണ്ട്. അവൻ ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത് ഒരു അമേരിക്കൻ ബേസ് കമ്പനിയിലാണല്ലോ.”
ഓഹ്ഹ് അപ്പോൾ സഹോദരങ്ങൾ രണ്ടുപേരും ചേർന്നുള്ള ജോയിന്റ് ഓപ്പറേഷൻ ആണ്.
” ഡാ അവർക്കെല്ലാം ക്വാളിഫിക്കേഷൻ ഉണ്ട്. മിക്കവാറും 2-3 കൊല്ലം കൊണ്ട് അവർക്ക് പോകാൻ സാധിക്കും. 7 കൊല്ലം അവിടെ നിന്നാൽ പി ആറുമാകും.അങ്ങനെയെല്ലാവരും ജീവിതത്തിൽ സെറ്റിൽ ആകും. നിന്റെ ഭാവിയെ കുറിച്ച് ഇനിയെങ്കിലും നല്ലൊരു തീരുമാനം എടുത്തു കൂടെ? ”
ഓഹ് ….. കാർന്നൊരു കറക്കി കുത്തി അവസാനം എത്തേണ്ടിടത്ത് എത്തി. ഇനി മുങ്ങിയില്ലെങ്കിൽ ഉപദേശിച്ചു കൊല്ലും.
“അച്ഛാ എനിക്ക് ഇവിടെ ഇങ്ങനെയൊക്കെ പോയാൽ മതി. വേറെ വലിയ ആഗ്രഹമൊന്നുമില്ല.”
“എവിടെ എങ്ങനെ? വല്ലവന്റെയും തുണിക്കടയിൽ തുക്കടാ ജോലി ചെയ്തു ജീവിക്കുന്നതാണോ നിന്റെ അന്തസുള്ള ജീവിതം?” അച്ഛൻ ദേഷ്യപ്പെട്ടു.
“അതിപ്പോൾ എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സില്ലേ. മാസം മാന്യമായൊരു തുക ആ തുക്കടാ ജോലിയിൽ നിന്ന് കിട്ടുന്നുണ്ട്. പിന്നെ ഞാൻ അവിടെ കംഫർറ്റബിൾ ആണ്.”