കിച്ചണിൽ നിന്നും വറുത്തരച്ച കറിയുടെ മണം. എന്തൊക്കെ പറഞ്ഞാലും അമ്മയുടെ കൈപ്പുണ്യം 🥰.
“ആഹാ, മോന് ഇന്ന് നേരെത്തെ ആണല്ലോ?” അമ്മയുടെ പരിഹാസത്തോടെയുള്ള ചോദ്യം.
കേൾക്കാത്ത ഭാവത്തിൽ ഫ്ലാസ്കിൽ നിന്നും കാപ്പി ഗ്ലാസ്സിലേക്ക് പകർന്നു കൊണ്ട് ഞാൻ തിരികെ നടന്നു.
” ഡാ കഴിക്കാൻ എടുക്കട്ടെ? ”
“ആം ” ഞാൻ ഒന്നു മൂളുക മാത്രം ചെയ്തു.
ആവി പറക്കുന്ന പുട്ടും, കടല കറിയുമായി ഞാൻ യുദ്ധമാരംഭിച്ച നേരത്താണ് പിതാജിയുടെ കടന്നു വരവ്. ഭക്ഷണവുമായി മല്ലിടുന്ന എന്നെ പുള്ളി ഒന്ന് പുച്ഛത്തോടെ നോക്കി. പിന്നെ കൈയിൽ ഇരുന്ന കവറുകൾ അമ്മയുടെ കൈയിൽ കൊടുത്ത ശേഷം ഒരു കസേര വലിച്ചു അവിടെ ഇരുന്നു.
“മൈര്.. മനസമാധാനമായി ഒന്ന് ഭക്ഷണം കഴിക്കാനും ഇങ്ങേരു സമ്മതിക്കില്ലേ?”. ഞാൻ മനസ്സിൽ പറഞ്ഞു.
“ഇന്ന് എന്തേ പത്തരയായപ്പോഴേക്കും എഴുന്നേറ്റത്?” അച്ഛൻ എന്നെ നോക്കി.
കോപ്പ്.. തുടങ്ങി… ഇനി ഇവിടെ ഇരുന്നാൽ ശരിയാവില്ല.. ഞാൻ പാത്രവുമെടുത്ത് എഴുന്നേൽക്കാൻ തുടങ്ങി.
“എന്നോടുള്ള ദേഷ്യം ആഹാരത്തോട് കാണിക്കണ്ട. അവിടെയിരുന്നു കഴിക്കടാ .”
അച്ഛൻ സിറ്റ് ഔട്ടിലേക്ക് നടന്നു കൊണ്ട് പറഞ്ഞു…
“പിന്നെ അമൃതേത്തു കഴിഞ്ഞാൽ ഒന്നിങ്ങോട്ട് വരണം. കുറച്ചു കാര്യങ്ങൾ പറയാനുണ്ട്. ”
പുല്ല്.. ഇനി പുതിയതെന്ത് കുരിശ്ശാണോ? ആഹാരം കഴിക്കാനുള്ള മൂഡും പോയി…. പ്ലേറ്റിലുള്ളത് എങ്ങിനെയൊക്കെയോ കഴിച്ചു തീർത്തു കൈ കഴുകി ഞാൻ വരാന്തയിലേക്ക് നടന്നു.
അച്ഛൻ അവിടെ പത്രവും വായിച്ചു കൊണ്ട് ചാരു കസേരയിൽ കിടപ്പുണ്ട്. ഞാൻ അടുത്ത് ചെന്ന് ഒന്ന് മുരടനക്കി. പുള്ളി ശബ്ദം കേട്ട് പത്രം മാറ്റിയൊന്നു നോക്കി. എന്നെ കണ്ടതും പത്രം മടക്കി ടീപ്പോയിലേക്ക് ഇട്ടു.
“ഇരിക്ക് ” കസേര ചൂണ്ടി പുള്ളി പറഞ്ഞു. ഒപ്പം കണ്ണടയൂരി ടീപ്പോയിലേക്ക് വച്ചു.
ഞാൻ കസേരയിലേക്കിരുന്നു.
“കഴിഞ്ഞ ദിവസം നിന്റെ അളിയനും, പെങ്ങളും കൂടി ഫോൺ വിളിച്ചപ്പോൾ ഒരു കാര്യം പറഞ്ഞു. “