“പ് ഫാ.. നാണമില്ലെടാ നിനക്കിത് പറയാൻ..” പുള്ളി കസേരയിൽ ഇരുന്നു കൊണ്ട് കൈ നീട്ടി ആക്രോശിച്ചു.
“15 ആം വയസ്സിൽ കേട്ട് തുടങ്ങി പോലും. ആ സമയത്ത് എന്റെ സുഹൃത്തുക്കൾ അവരുടെ മക്കളെ കുറിച്ചു അഭിമാനത്തോടെ അധ്യാപകരിൽ നിന്നും കേട്ടപ്പോൾ ഞാനും നിന്റെ അമ്മയും നിന്റെ അദ്ധ്യാപകരുടെ മുന്നിൽ നാണം കെട്ട് തല താഴ്ത്തി നിൽക്കുകയായിരുന്നു. ഓർമയില്ലേ നിനക്ക്. സ്കൂൾ വാർഷികത്തിനു പത്തിൽ പഠിക്കുന്ന മകൻ സ്കൂളിൽ മദ്യപിച്ചു എത്തി തല്ലുണ്ടാക്കിയതിന്. ആ നിന്നെ പിന്നെ ഞാൻ കുറ്റപ്പെടുത്താതെ പൊന്നാട ചാർത്തി ആദരിക്കണോ?”.
ഇതിനിടയിൽ ഭക്ഷണവുമായി എത്തിയ അമ്മ അത് മേശയിലേക്ക് വിളമ്പുന്നതിനിടയിൽ എന്നെ നോക്കി. ആ കണ്ണുകളിലും എന്നോട് ഒരു തരിമ്പ് അലിവും ഉണ്ടായിരുന്നില്ല.
” അതിനു ശേഷം നീ നന്നായോ? പ്ലസ് ടു വിലും, കോളേജിലും നീ എന്തൊക്കെ പ്രശ്നമുണ്ടാക്കി. നിന്റെ സഹോദരങ്ങളായിപ്പോയി എന്ന ഒറ്റക്കാരണം കൊണ്ട് നിന്റെ അനിയത്തിയും, അനിയനും സ്കൂളുകളിൽ നാണം കെട്ടില്ലേ? നീ പഠിച്ച സ്ഥലങ്ങളിൽ പോവില്ലെന്ന് അവർ വാശി പിടിച്ചില്ലേ. പഠിച്ചിറങ്ങിയിട്ട് 5 കൊല്ലമായി. എന്താ നിന്റെ ജോലി? നീ കാരണം കൊണ്ട് ഈ കുടുംബത്തിന്റെ അഭിമാനം തന്നെ ഇല്ലാതായില്ലേ? ആ നിന്നെ ഞാൻ പൂവിട്ടു തൊഴണോ പിന്നെ… ”
അച്ഛൻ എഴുന്നേറ്റു പോയി.. ഒപ്പം അമ്മയും അച്ചന്റെ പിന്നാലെ പോയി. ഞാൻ കുറേ നേരം അവിടെ ഇരുന്നു. പിന്നെ എഴുന്നേറ്റു റൂമിലേക്കു നടന്നു.
കനപ്പെട്ട മനസ്സുമായി ബെഡ്ഡിലേക്ക് വീണു. അച്ഛൻ പറഞ്ഞ പഴയ കാര്യങ്ങളൊക്കെ മനസ്സിലൂടെ കടന്നു പോയി.
ഏകദേശം 11 വർഷങ്ങൾക്ക് മുൻപ്, സ്കൂളിലെ ആനുവേഴ്സറി ഫങ്ക്ഷൻ. അന്നും വലിയ സുഹൃത് ബന്ധമൊന്നുമില്ല. അച്ചുവിനെ പോലെ രണ്ടു പേർ തോമസും, മാർട്ടിനും. മാർട്ടിൻ എവിടുന്നോ കൊണ്ട് വന്ന വൈറ്റ് റം ഞങ്ങൾ കഴിച്ചു.
മണമുണ്ടാകില്ല എന്നായിരുന്നു അത് മാർട്ടിനു കൊടുത്ത അവന്റെ കസിൻ ചേട്ടൻ പറഞ്ഞത്. അത് വിശ്വസിച്ചു ഞങ്ങൾ അത് കുടിച്ചു. ക്ലാസുകൾ തമ്മിൽ ഉണ്ടായ മത്സരത്തിനിടയിൽ നടന്ന വാക്ക് തർക്കം അടിയിൽ കലാശിച്ചു.