“അജൂ… ഡാ …” അമ്മയുടെ വിളിയെന്നെ ചിന്തയിൽ നിന്നുണർത്തി.
“ആ.. അമ്മ… ” ഞാൻ വിളി കേട്ടു. ഒപ്പം ഫോൺ ബെഡ്ഡിലേക്ക് ഇട്ടു കൊണ്ട് റൂമിൽ നിന്നിറങ്ങി.
” നീ കഴിക്കുന്നില്ലേ? ” അമ്മ ചോദിച്ചു.
“ആം ” ഞാൻ മൂളി.
“എന്നാൽ കൈ കഴുകിക്കോളൂ.. ” അമ്മ അടുക്കളയിലേക്ക് നടന്നു കൊണ്ട് പറഞ്ഞു.
ഞാൻ വാഷ് ബേസിനിൽ കൈ കഴുകി ഡൈനിങ് ടേബിളിലേക്ക് എത്തി. അച്ഛൻ അവിടെ ഇരിപ്പുണ്ട്. ഇരിക്കാൻ തുടങ്ങിയ എന്നെ ഒന്ന് നോക്കിപുള്ളി. പിന്നെ കനത്ത ശബ്ദത്തിൽ ചോദിച്ചു.
“ഒരു മാസം കൂടി വീട്ടിൽ വന്നു. പ്രായമായ രണ്ടു പേര് ഇവിടുണ്ട്. എന്നാൽ അവരോട് രണ്ടു വാക്ക്, അതില്ല. വന്നപ്പോൾ മുറിയിൽ കയറി വാതിലടച്ചതാണ്. നീയിനി എന്ന് നന്നാവുമെടാ?”
ഇരിക്കാൻ തുടങ്ങിയ ഞാൻ കസേരയുടെ മുകളിൽ കൈ വച്ചു കൊണ്ട് നിന്നു. മനസ്സിൽ ദേഷ്യം പുകഞ്ഞു വരുന്നുണ്ട്. ഇങ്ങേരുടെ ഈ കുറ്റപ്പെടുത്തൽ കേൾക്കാൻ താല്പര്യം ഇല്ലാത്തത് കൊണ്ടാണ് ഈ വഴി വരാത്തത് തന്നെ.
” ഇരിക്ക്.. ഇരിക്ക്… നിന്ന് കാല് കഴക്കേണ്ട.. ” പുച്ഛ സ്വരത്തിൽ പുള്ളി വീണ്ടും പറഞ്ഞു.
ഞാൻ മറുപടിയൊന്നും പറയാതെ ശക്തിയിൽ കസേര പിന്നിലേക്ക് വലിച്ചിട്ടിരുന്നു.
“ഹ് ഹും… എന്നോടുള്ള ദേഷ്യം കസേരയോടെന്തിനാടാ കാണിക്കുന്നത്?.” പുള്ളി എന്റെ മുഖത്തേക്ക് തുറിച്ചു നോക്കി.
“അച്ഛനെന്തിന്റെ കേടാ? എന്നെ കാണുമ്പോൾ ഇങ്ങനെ കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ലേ നിങ്ങൾക്ക്?” ഞാൻ ചീറി.
“സൂക്ഷിച്ചു സംസാരിച്ചില്ലെങ്കിൽ അടിച്ചു നിന്റെ അണപ്പല്ല് ഞാൻ താഴെയിടും. നിങ്ങളോ? ഇങ്ങനെയാണോടാ സ്വന്തം തന്തയോട് സംസാരിക്കുന്നത്?.”
അച്ഛൻ ദേഷ്യം കൊണ്ട് വിറച്ചു. പുള്ളിയുടെ കണ്ണുകൾ ചുവന്നു. കൈകളിലെ ഞരമ്പുകൾ പിടച്ചു.
ഇനി ഞാൻ വാ തുറന്നാൽ ആ കൈയെന്റെ കരണത്തു പതിയുമെന്ന് ഉറപ്പാണ്. പക്ഷേ മിണ്ടാതെ ഇരിക്കാൻ എന്റെ ഈഗോ സമ്മതിക്കുന്നില്ല.
” പിന്നെ ഞാൻ എന്ത് പറയണം? അച്ഛയെന്തിനാ എപ്പോഴും എന്നെയിങ്ങനെ കുറ്റപ്പെടുത്തുന്നത്? എന്റെ പതിനഞ്ചാം വയസ്സ് മുതൽ ഞാൻ കേട്ട് തുടങ്ങിയതാ ഈ കുറ്റപ്പെടുത്തൽ. ” ഞാൻ പരമാവധി ശബ്ദം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു.