അമ്മയും, അച്ഛനും സന്തോഷത്തോടെ ഇരിക്കുന്നത് കാണുമ്പോൾ മക്കൾക്ക് സന്തോഷമുണ്ടാകേണ്ടതാണ്, പക്ഷേ ഇവിടെ എന്റെ മനസ്സിൽ ആദ്യമുണ്ടായത് അസൂയയാണ് പിന്നെ ആ ലോകത്തിൽ എനിക്കൊരു സ്ഥാനമില്ലല്ലോ എന്നൊരു വിഷമവും.
എന്തോ പറഞ്ഞു ചിരിച്ചു കൊണ്ടു മുഖമുയർത്തിയ അച്ഛൻ അവരെ നോക്കി നിൽക്കുന്ന എന്നെ കണ്ടു. ക്ഷണ നേരം കൊണ്ട് ആ മുഖത്തെ ചിരി മാഞ്ഞു ഗൗരവം നിറഞ്ഞു. അച്ഛന്റെ മുഖം മാറിയത് കണ്ടു എന്തുപറ്റിയെന്ന ഭാവത്തോടെ നെറ്റി ചുളുക്കി അമ്മയും തിരിഞ്ഞു നോക്കി. എന്നെ ക്ണ്ടതോടെ ഓഹ് ഇതാണോ കാര്യമെന്ന് ഭാവത്തിൽ നിസ്സംഗതയാണ് ആ മുഖത്തു കാണാനായത്.
ഞാൻ പതിയെ അവരുടെ അടുത്തേക്ക് നടന്നു.
” അച്ഛാ ഞാൻ ഇറങ്ങുവാ.. ”
“അതിനു നീ ഇന്നലെ വന്നതല്ലെയുള്ളു? പിന്നെന്താ ഇപ്പൊ പോകുന്നത്?”
“അത് നാളെ ഓഡിറ്റ്‌റെ കാണാൻ പോകണം.” ഞാൻ പെട്ടന്ന് വായിൽ വന്നൊരു കള്ളം പറഞ്ഞു.
അച്ഛനത് കേട്ട് പുച്ഛത്തോടെ ചിരിച്ചു കൊണ്ട് അമ്മയെ നോക്കി.
“എന്തിനാ അജൂ നീയിങ്ങനെ കള്ളം പറയുന്നത്? ” അമ്മ ദേഷ്യത്തോടെ ചോദിച്ചു.
” ഞാനെന്തു കള്ളം പറഞ്ഞുവെന്നാണ്? ” ഞാൻ വീണിടത്തു കിടന്നുരുണ്ടു.
എന്തോ പറയാനായി തുടങ്ങിയ അമ്മയെ അച്ഛൻ കയ്യുയർത്തി വിലക്കി. പിന്നെ എന്നോടായി പറഞ്ഞു.
” ഞാൻ പറഞ്ഞത് ഇഷട്പെടാത്തത് കൊണ്ടാണ് നീയിപ്പോൾ പോകുന്നത്. അത് മനസ്സിലാക്കാൻ ഞങ്ങൾക്ക് വലിയ പാടൊന്നുമില്ല. കാരണം ഞങ്ങളാണ് നിന്റെ രക്ഷിതാക്കൾ. ഇനിയിപ്പോൾ ഇറങ്ങുമ്പോൾ ഒരു വഴക്ക് വേണ്ട. നീ പോയി വാ.. ”
ശരിയെന്ന ഭാവത്തോടെ തല കുലുക്കി ഞാൻ തിരിഞ്ഞു.
” ഡാ ഒന്നു നിന്നെ … ” അച്ഛനാണ്.
ഞാൻ തിരിഞ്ഞു പുള്ളിയുടെ മുഖത്തേക്ക് നോക്കി.
പുള്ളി ഇരുന്നിടത്തു നിന്നൊന്ന് എഴുന്നേറ്റ് കൈ വിടർത്തി ശ്വാസം വലിച്ചു വിട്ടു. പിന്നെ കർക്കശ്യം നിറഞ്ഞ പതിവ് ശൈലിയിൽ പറഞ്ഞു.
“ഞാൻ പറഞ്ഞ കാര്യങ്ങൾ കാര്യമായൊന്ന് ആലോചിക്ക്. ചൊല്ലിക്കോട്, തല്ലിക്കോട്, തള്ളിക്കള എന്നതാണ് പണ്ടു കാരണവന്മാർ പറഞ്ഞിരിക്കുന്നത്. അവസാനത്തെത് ചെയ്യിക്കാൻ ഞങ്ങളെ നീ നിർബന്ധിതരാക്കരുത്. ഉം പോയി വാ…”