അവൾ തന്റെ ബാഗും എടുത്ത്, യാത്ര പറഞ്ഞ് ഇറങ്ങി. വാർഡിലെ വാതിൽപ്പടവിൽ മറയും മുൻപ്, അവൾ ബാഗിൽ നിന്നും എന്തോ എടുക്കുന്ന മട്ടിൽ ഒരു നിമിഷം നിന്ന്, ഒരിക്കൽ കൂടി റോഷനെ തിരിഞ്ഞ് നോക്കി. ശേഷം വീണ്ടും നടത്തം തുടർന്നു.
റോഷൻ എന്ത് ചെയ്യണമെന്നറിയാതെ, അഞ്ജു പോയ വഴിക്കും, ആപ്പിൾ തിന്നുന്ന അച്ചുവിനേയും മാറി മാറി നോക്കി. നിമിഷങ്ങൾക്ക് യുഗങ്ങളുടെ ദൂരം….
റോഷൻ അവിടെ ഇരുന്ന്, എന്തു ചെയ്യണമെന്ന് ആലോചിച്ചു… അഞ്ജു സ്കൂട്ടർ എടുക്കും മുൻപ് അവൾക്കരികിൽ ഓടിയെത്താൻ അവന്റെ മനസ്സും ശരീരവും ഒരുപോലെ ധൃതി കൂട്ടി…
“ഞാൻ ഒന്ന് ടോയ്‌ലെറ്റിൽ പോയിട്ട് വരാം…”, റോഷൻ അച്ചുവിനോടായി പറഞ്ഞു. അപ്പിൾ കഴിക്കുന്നതിനിടയിൽ, ഇതിലൊന്നും യാതൊരു ശ്രദ്ധയും കൊടുക്കാതെ അച്ചു തലയാട്ടി.
റോഷൻ എഴുന്നേറ്റ് വാർഡിന് വെളിയിലേക്ക് നടന്നു… അച്ചുവിന്റെ കൺവെട്ടദൂരം കടന്നതും, അടുത്ത നിമിഷം അവനറിയാതെ ഓടാൻ തുടങ്ങി…
ലിഫ്റ്റിനടുത്ത് അവൻ എത്തിച്ചേരും മുന്നേ തന്നെ ലിഫ്റ്റ് പുറപ്പെട്ടിരുന്നു… രണ്ടാമത് ഒന്ന് ചിന്തിക്കാൻ നിക്കാതെ, അവൻ കോണിപ്പടി ലക്ഷ്യമാക്കി ഓടാൻ തുടങ്ങി… ദിവസം എത്രയോ എമർജൻസി കേസുകൾ കൈകാര്യം ചെയ്യുന്ന ആ ആശുപത്രിയിലെ ജീവനക്കാർ, അതിലും വലിയ എമർജൻസി എന്ന വണ്ണമുള്ള അവന്റെ ഓട്ടം കണ്ട്, അമ്പരപ്പോടെ നോക്കി.
കോറിഡോറിലൂടെ ഓടി, കോണിപ്പടിയിലേക്ക് പാഞ്ഞടുത്ത അവൻ പെട്ടന്ന് ആ കാഴ്ച്ച കണ്ടതും ഓട്ടം നിർത്തി; സ്റ്റയറിന് അരികിലുള്ള ബെഞ്ചിൽ, ആരെയോ കാത്തിരിക്കുന്ന അഞ്ജു…
തനിക്ക് മുന്നിൽ വന്നു നിന്ന്, നിർത്താതെ കിതക്കുന്ന റോഷനെ കണ്ട്, അവൾ ഇരുന്നിടത്ത് നിന്നും മെല്ലെ എഴുന്നേറ്റു. അവന്റെ ഷർട്ടിന്റെ മുൻവശം ഓടിയതിനെത്തുടർന്നുള്ള വിയർപ്പിൽ നനഞ്ഞിരിക്കുന്നത് അവൾ കണ്ടു. അഞ്ജു തന്റെ ബാഗിൽ നിന്നും വാട്ടർ ബോട്ടിൽ എടുത്ത് അവന് നേരെ നീട്ടി. റോഷൻ അത് കൈപ്പറ്റി, തന്റെ തത്കാലദാഹം അടക്കി…
ഇരുവരും ആശുപത്രിയുടെ പടികെട്ടുകൾ ഒരുമിച്ച് നടന്നിറങ്ങാൻ തുടങ്ങി… എന്തോ അവർക്കിടയിൽ ഇതുവരെ ഇല്ലാതിരുന്നിരുന്ന ഒരു സ്റ്റാർട്ടിംഗ് ട്രബിൾ കടന്നു കൂടിയിരുന്നു… മറ്റെയാൾ കാണാതെ, ഇരുവരും ഇടയ്ക്കിടെ കണ്ണുകൾ പരസ്പരം നോക്കി, മടക്കി.