“ആ ഭാഗം വിജനമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്.” ഫ്രാങ്ക്ളിൻ ഒരു സിഗററ്റ് കത്തിച്ചു.
“അതെ, ആ കെട്ടിടത്തിലേക്ക് ആരും പോകാറില്ല. പ്രേതബാധയുണ്ടെന്നാണ് പറയുന്നത്. താങ്കൾക്ക് ഇതിലൊന്നും വിശ്വാസമില്ലാത്തതു കൊണ്ടാണ് ആദംസ് താങ്കളെ ഇതിന് തിരഞ്ഞെടുത്തത്. സുഖമായി ഉറങ്ങുക. നാളെ രാത്രി ഉറങ്ങാൻ കഴിഞ്ഞെന്ന് വരില്ല.” നിക്കോളസ് മുറി വിട്ടു പോയി.
അടുത്ത ദിവസം നിക്കോളസ് പറഞ്ഞ സമയത്ത് തന്നെ കുതിരവണ്ടി എത്തി.
നിക്കോളസ് പറഞ്ഞതിലും കഠിനമായിരുന്നു പാറക്കെട്ടിലൂടെയുള്ള യാത്ര. ബംഗ്ലാവിനരികിൽ എത്തിയപ്പോഴേക്കും ഫ്രാങ്ക്ളിൻ തളർന്നു പോയി. ഒരു പരന്ന പാറയലിരുന്ന് ബാക്പാക്ക് തുറന്ന് വെള്ളക്കുപ്പിയെടുത്ത് കുറച്ചു കുടിച്ചു. പിന്നെ തന്റെ കമ്പിളിക്കോട്ടിന്റെ കീശയിൽ നിന്നും കത്തെടുത്ത് തുറന്നു വായിച്ചു. ശ്രദ്ധയോടെ കത്ത് മടക്കി പോക്കറ്റിലിട്ട് ബംഗ്ലാവിനുള്ളിൽ കടന്നു. നൂറ്റാണ്ടുകളായി ആരും തന്നെ അതിനുള്ളിൽ കടന്നിട്ടില്ലെന്ന് ഫ്രാങ്ക്ളിന് തോന്നി. കത്തിൽ പറഞ്ഞ മുറി അയാൾ കണ്ടുപിടിച്ചു. അതിലെ ചിലന്തിവലയും മറ്റും മാറ്റിയപ്പോൾ ഒരു കല്ലറ പോലെ തോന്നിക്കുന്ന ഒരു പേടകം കണ്ടു. വളരെ പ്രയാസപ്പെട്ടു അതിന്റെ മൂടി മാറ്റിയപ്പോൾ വെള്ളിയിൽ തീർത്ത ഒരു പെട്ടി. ആ പെട്ടി ഇന്ത്യയിലെ തെക്കൻ സംസ്ഥാനത്തുള്ള ഒരു ബംഗ്ലാവിലെത്തിക്കണം അതാണയാളുടെ ദൌത്യം.
കൊച്ചിയിൽ വിമാനമിറങ്ങിയ ഫ്രാങ്ക്ളിൻ നേരെ മൂന്നാറിലെത്തി. ടൂറിസ്റ്റിന്റെ വേഷത്തിലാണയാൾ. കത്തിലെ നിർദ്ദേശപ്രകാരം അയാൾ വെള്ളിപ്പേടകവുമായി പഴയ ബംഗ്ലാവിലെത്തി. അമാവാസിയിലെ രാത്രിയാണന്ന്. ബംഗ്ലാവിന്റെ അകത്തുള്ള മുറിയിലെ ടേബിളിൽ വെച്ച് പേടകം അയാൾ തുറന്നു. ചുവന്ന മണ്ണായിരുന്നു അതിനുള്ളിൽ.പിന്നീടെന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് വ്യക്തമായ നിർദ്ദേശമുണ്ടായിരുന്നു. അതനുസരിച്ച് അയാൾ കൊണ്ടുവന്ന ചെറിയ ബാഗിൽ നിന്നും ഒരു കത്തി അയാൾ പുറത്തെടുത്തു. തന്റെ ഇടതു കൈയിലെ തള്ളവിരൽ കത്തി കൊണ്ട് അയാൾ മുറിച്ചു. മുറിവിൽ നിന്നും മൂന്നു തുള്ളി രക്തം പേടകത്തിലെ ചുവന്ന മണ്ണിൽ അയാൾ വീഴ്ത്തിയതും ദിഗന്തം നടുങ്ങുമാറ് ഒരു വെള്ളിടി വെട്ടി. എസ്റ്റേറ്റിലെ ലയങ്ങളിലും പരിസരത്തുമുള്ള നായകൾ ഉച്ചത്തിൽ ഓലിയിടാൻ തുടങ്ങി.
ഫ്രാങ്ക്ളിനെ അമ്പരപ്പിച്ചു കൊണ്ട് പേടകത്തിൽ നിന്നും പുകച്ചുരുളുകൾ ഉയർന്നു. സാവധാനം അതൊരു മനുഷ്യ രൂപം പ്രാപിച്ചു. ആറടിയിലധികം ഉയരമുള്ള കരുത്തനായ ഒരാൾ. അയാൾ ഫ്രാങ്ക്ളിനെ നോക്കി പുഞ്ചിരിച്ചു.