“വളരെ ദൂരം യാത്ര ചെയ്തു വന്നതല്ലേ, അല്പം വിശ്രമിക്കൂ. അലമാരയിൽ മദ്യമുണ്ട്. കൂജയിൽ വെള്ളവും. ഞാൻ എന്തെങ്കിലും കൊടുത്തയക്കാം.” വൃദ്ധൻ നിക്കോളസ് പുറത്തു പോയി.
ഫ്രാങ്ക്ളിൻ മുറിയാകെ നോക്കി. പഴയതെങ്കിലും വൃത്തിയുള്ള മുറി. മുറിയുടെ മൂലയിൽ ഒരു നെരിപ്പോട് എരിയുന്നു. ഫ്രാങ്ക്ളിൻ അലമാരയിൽ നിന്നും മദ്യക്കുപ്പിയെടുത്തു. പ്രാദേശികമായി നിർമ്മിച്ച എന്തോ തരം മദ്യമായിരുന്നു അത്. കുപ്പി തുറന്നു മദ്യം ഗ്ലാസിലൊഴിച്ച് അയാൾ ഗ്ലാസ് കാലിയാക്കി. തന്റെ നീളൻ കമ്പിളിക്കോട്ടഴിച്ച് ഗാംഗറിൽ തൂക്കി. വസ്ത്രം മാറി വീണ്ടും ഗ്ലാസിൽ മദ്യം നിറച്ച് കസേര നെരിപ്പോടിനരികിലിട്ട് ഇരുന്നു. അപ്പോൾ വാതിലിൽ മുട്ടു കേട്ടു.
വാതിൽ തുറന്നപ്പോൾ പതിനേഴ് പതിനെട്ട് വയസ്സ് പ്രായമുളള ഒരു പെൺകുട്ടി. അവളുടെ കയ്യിലെ ട്രേയിൽ ഒരു പാത്രം അടച്ചു വെച്ചത്.
“അത്താഴത്തിന് റൊട്ടിയും കോഴിയിറച്ചിയും ആണ്. വേറെന്തെങ്കിലും വേണോയെന്ന് അപ്പൂപ്പൻ ചോദിച്ചു. കുറച്ചു കഴിഞ്ഞ് അപ്പൂപ്പൻ ഇങ്ങോട്ടു വരാമെന്നു പറഞ്ഞു.” ഒറ്റശ്വാസത്തിലാണ് പെൺകുട്ടി അത് പറഞ്ഞത്.
ഫ്രാങ്ക്ളിൻ അവളുടെ സംസാരം കേട്ട് ചിരിച്ചു പോയി. “എന്താ ന്ന് പേര്?”
“നിലീന.”
“നിലീന അപ്പൂപ്പനോട് വേഗം വരാൻ പറയണം.” ഫ്രാങ്ക്ളിൻ വീണ്ടും നെരിപ്പോടിനരികിൽ ചെന്ന് ഇരുന്നു. നിലീന കൊണ്ടു വന്ന പാത്രത്തിൽ നിന്നും വറുത്ത ഇറച്ചി ചവച്ചു കൊണ്ട് അയാളെ ആദംസ് ഏൽപ്പിച്ച ദൗത്യത്തെക്കുറിച്ച് ആലോചിച്ചു. നിക്കോളസ് എന്ന കിളവൻ എല്ലാം വിശദമായി പറയുമെന്നാണ് ആദംസ് പറഞ്ഞത്.
“മി. ഫ്രാങ്ക്ളിൻ, ഇവിടെ നിന്നും ഏതാണ്ട് അൻപത് മൈലകലെയാണ് ഞാനീ പറഞ്ഞ ബംഗ്ലാവ്. ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ കെട്ടിടം. പണ്ടേതോ നാട്ടു പ്രഭുക്കന്മാർ നിർമ്മിച്ചതാണ്. അതുപോട്ടെ, നാളെത്തന്നെ താങ്കൾ അവിടെ പോകണം. പിന്നീട് ചെയ്യേണ്ടത് ഈ കത്തിലുണ്ട്.” നിക്കോളസ് ഒരു കവർ അയാളെ ഏൽപ്പിച്ചു. “ഈ കത്ത് ബംഗ്ലാവിലെത്തിയ ശേഷമേ തുറക്കാവൂ. ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ഒറ്റക്കുതിരയെ പൂട്ടിയ ഒരു വണ്ടി ഞാനേർപ്പാട് ചെയ്തിട്ടുണ്ട്. പക്ഷേ അത് പാറക്കെട്ടിന് താഴെ വരെ മാത്രമേ പോകൂ. മൂന്നു മൈൽ മുകളിലേക്കു കാൽനടയായി പോകണം. പക്ഷേ സൂക്ഷിക്കണം മഞ്ഞുകാലമാണ്. താങ്കളാ കെട്ടിടത്തിൽ പോയി മടങ്ങി വരുന്നതു വരെ കുതിരവണ്ടിക്കാരൻ കാത്തു നിൽക്കും. വേറെന്തെങ്കിലും സംശയമുണ്ടോ? ” നിക്കോളസ് തന്റെ ഗ്ലാസെടുത്തു.