ഈ സമയത്താണ് നാട്ടിൽ നിന്ന് തൻ്റെ ഫാക്ടറിയിൽ ജോലികിട്ടിയ രാമനും ഭാര്യ രോഹിണിയും പൂനെയിൽ എത്തുന്നത്. സേഫ്റ്റി മാനേജരായി ജോലി കിട്ടിയ രാമനെ ഫാക്ടറിയിൽ വച്ച് കണ്ടപ്പോഴേ ദാസൻ തിരിച്ചറിഞ്ഞു. തൻ്റെ അച്ഛനെ നിരന്തരം പൈസക്ക് വേണ്ടി ബുദ്ധിമുട്ടിച്ച പൂവത്തുങ്കൽ ഗംഗാധരൻ്റെ മകൻ. അച്ഛനെയും അമ്മയെയും രാവിലെ മുതൽ വീടിൻ്റെ മുന്നിൽ നിന്ന് പുലഭ്യം പറയുക ഗംഗാധരൻ്റെ പതിവായിരുന്നു. ഒരിക്കൽ കവലയിലേക്ക് ഇറങ്ങിയ അച്ഛൻ്റെ ഉടുതുണി അയാൾ പറിച്ച് മാറ്റി. ഇതൊക്കെ അയാൾ ചെയ്തത് വെറും പതിനായിരം രൂപക്കാണ്. ധനികനായ അയാൾക്ക് അത് വലിയൊരു തുക പോലും ആയിരുന്നില്ല. ഒരു മനുഷ്യ ജീവിയെ അമ്മാനമാടാൻ കിട്ടിയ അവസരം അയാൾ ഉപയോഗിച്ചു. പണ്ട് തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ച ദാസൻ്റെ അമ്മയോടുള്ള പ്രതികാരം. തൻ്റെ അമ്മയെ അയാൾ വിളിച്ച പേരുകൾ കേട്ട് ദാസന് വന്ന കൈതരിപ്പ് ഇന്നും മാറിയിട്ടില്ല. അവരുടെ ആത്മഹത്യയിൽ അയാളുടെ പങ്ക് ചില്ലറയല്ല എന്നറിഞ്ഞിട്ടും ദാസൻ സൗമ്യമായി രാമനോട് പെരുമാറി. ഒതുങ്ങി പുസ്തകപ്പുഴു ആയി ജീവിച്ചിരുന്ന ദാസനെ നാട്ടിൽ വച്ച് വലിയ പരിചയം ഇല്ലാതിരുന്നത് കൊണ്ട് രാമൻ തിരിച്ചറിഞ്ഞില്ല. മാത്രമല്ല അവൻ്റെ ജീവിത സാഹചര്യങ്ങൾ അവൻ്റെ ശബ്ദവും രൂപവും മാറ്റിയിരുന്നു.
ഒരു മലയാളിയെ കിട്ടിയ സന്തോഷം രാമൻ പ്രകടിപ്പിച്ചു. പണിയൊക്കെ പതിയെ മതിയെന്ന് ദാസൻ തീരുമാനിച്ചു. വൈകിട്ട് ദാസനെ അവരുടെ താൽക്കാലിക വാടക വീട്ടിലേക്ക് രാമൻ ക്ഷണിച്ചു. വീട്ടിൽ വന്ന ദാസൻ അവൻ്റെ ഭാര്യ രോഹിനിയേ കണ്ട് അമ്പരന്നു. അവൻ്റെ കൗമാരത്തെ പ്രണയ സ്വപ്നം. രോഹിണി. നാട്ടുപ്രമാണി കുഞ്ഞിക്കൈമളിൻ്റെ മകൾ. അവളുടെ ശരീരം എന്നും അവന് ഒരു ആവേശം ആയിരുന്നു. നാട്ടിലെ ഒന്നാം നമ്പർ സുന്ദരി ആയതുകൊണ്ട് അവളുടെ ദൃഷ്ടിമണ്ടലത്തിൽ പോലും ദാസൻ പതിഞ്ഞിരുന്നില്ല.
ദാസൻ്റെ അനാഥത്വത്തിൻ്റെ ഉത്തരവാദിത്തം കുഞ്ഞിക്കൈമളിനും അവകാശപ്പെട്ടതാണ്. ദാസൻ്റെ അച്ഛൻ്റെ അവസാന കച്ചി തുരുമ്പ് കൈമൾ തരാമെന്നേറ്റ കടമായിരുന്നു. അതും ഗംഗാധരൻ മുടക്കിയതാണ് അവരെ മരണത്തിലേക്ക് തള്ളി വിട്ടത്. തൻ്റെ സ്വപ്നത്തെ ഗംഗാധരൻ്റെ മകൻ സ്വന്തമാക്കിയിരുന്നു. ഈ മക്കുണൻ എങ്ങനെ ഇവളെ കെട്ടി എന്നോർത്ത് അവൻ കൂടുതൽ അസ്വസ്ഥനായി.