വളരെ പെട്ടെന്ന് കല്യാൺ റാമിൻ്റെ വിശ്വസ്തനായ രവി തൻ്റെ അറിവുകൾ സ്വാമിയുടെ പ്രസ്ഥാനത്തിൻ്റെ വളർച്ചക്ക് ഉപയോഗിച്ചു. ഒരു മണ്ടൻ എംഎൽഎ യുടെ പിൻബലത്തിൽ ഒരു ആശ്രമത്തിൽ ഒതുങ്ങി നിന്ന സ്വാമിജിയെ വളർത്തി മന്ത്രിസഭയുടെ ഭാവി നിർണയിക്കാൻ പോന്ന രാഷ്ട്രീയ ശക്തിയും ആഗ്രഹിക്കുന്നത് എന്തും രോക്കം കാശിന് സ്വന്തമാക്കാൻ കഴിയുന്ന സാമ്പത്തിക ശക്തിയായും മാറ്റുന്നതിൽ രവിയുടെ പങ്ക് ചില്ലറയായിരുന്നില്ല. സ്വാമിയെ കൃത്യമായി മാർക്കറ്റ് ചെയ്യാൻ അവന് സാധിച്ചു. രാഷ്ട്രീയ നേതാക്കൾ, ബോളിവുഡ് സിനിമാതാരങ്ങൾ , കലാകാരന്മാർ അടങ്ങിയ ഭക്തന്മാർ സ്വാമിയുടെ ആശ്രമത്തിൽ നിരന്തര സന്ദർശകരായി. ജീവിതശൈലി പഠിക്കാനും അവരുടെ ഉടമസ്ഥതയിലുള്ള റിസോർട്ടുകളിലെ ചികിത്സകൾക്കുമായി വിദേശികൾ അങ്ങോട്ട് ഒഴുകി .കുമിഞ്ഞ് കൂടിയ പണം റിയൽ എസ്റ്റേറ്റ്ലും സ്വിസ് ബാങ്കിലും മാത്രം സൂക്ഷിക്കാതെ പൊതു സമ്മതിയുള്ള ചാരിട്ടികൾക്ക് സംഭാവന ചെയ്ത് അവൻ സ്വാമിജിയുടെ പേരും മാധ്യമ പിന്തുണയും വർദ്ധിപ്പിച്ചു. ഒരു ഗതിയും പരഗതിയും ഇല്ലാത്ത ഗ്രാമവാസികൾക്ക് സഹായങ്ങൾ ചെയ്തും അവരുടെ കുട്ടികളെ പഠിപ്പിച്ചും ആഞ്ഞാനുവർത്തികളായ വലിയ ഒരു ജന വിഭാഗത്തെ കാൽക്കീഴിൽ കൊണ്ടുവരാൻ അവർക്ക് സാധിച്ചു . അവരുടെ വോട്ടുകൾ സ്വാമിക്ക് തോന്നും പോലെ മറിക്കാവുന്നവ ആയിരുന്നു. സ്വാമിയെക്കുറിച്ചുള്ള മോശമായ ഒരു വാക്ക് പോലും അവർക്ക് സഹിക്കാൻ കഴിയുന്നതയിരുന്നില്ല.
സ്വാമിയുടെ സ്ത്രീകളോടുള്ള ആവേശം ചില്ലറ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും കൈക്കരുത്തിൽ അവയെല്ലാം ദാസൻ ഒതുക്കി. രാഷ്ട്രീയക്കാരും മാധ്യമങ്ങളും അവരെ തൊടാൻ മടിച്ചു. ഇതെല്ലാം ചെയ്യുമ്പോഴും ദാസൻ ഒരിക്കലും സ്വാമിയുടെ ഒപ്പം പരസ്യമായി പ്രത്യക്ഷപ്പെട്ടില്ല.
കല്യാൺ റാം തൻ്റെ വിജയങ്ങളുടെ എല്ലാം കാരണമായ ദാസനെ തൻ്റെ സമനായി തന്നെ കണ്ടു . ഉണ്ടാക്കിയ സ്വത്തിൽ നല്ലൊരു പങ്കും കൂടാതെ ആശ്രമത്തിൽ എത്തിയ പല തരുണി മണികളെയും ദാസനൊപ്പം അയ്യാൾ സന്തോഷത്തോടെ പങ്കിട്ടു .അല്പകാലം കൊണ്ട് തന്നെ സ്വാമിയുടെ ബിസിനെസ്സ് സ്വയം പ്രവർത്തിക്കുന്ന ഒരു യന്ത്രം കണക്കെ സ്മൂത്ത് ആയി. ദൈനംദിന കാര്യങ്ങളിൽ ആരും ഇടപെടേണ്ട ആവശ്യം ഇല്ല എന്ന് മനസ്സിലാക്കിയ ദാസൻ തൻ്റെ പഠനം പൂർത്തിയാക്കാൻ തീരുമാനിച്ചു . എന്തെങ്കിലും കാര്യത്തിന് വിളിച്ചാൽ പെട്ടെന്ന് എത്താൻ കഴിയണം എന്ന നിബന്ധന മാത്രമേ സ്വാമിക്ക് ഉണ്ടായുള്ളൂ. നൈറ്റ് ക്ലാസ്സുകളും മറ്റ് കോഴ്സുകളും 28ആം വയസ്സിൽ ഒരു ഡിഗ്രി സ്വന്തമാക്കാൻ ദാസനെ സഹായിച്ചു. ദാസൻ കാലത്തിനനുസരിച്ച് ബിസിനെസ്സ് മാറ്റുന്നതിൽ വിധക്തനായിരുന്നു. സ്വാമിയുടെ പേരും പ്രശസ്തിയും അയാൾ ഒരു ബ്രാൻഡ് ആക്കി മാറ്റി. ബിസ്ക്കറ്റ്, ഉപ്പ്, ടൂത്ത് പേസ്റ്റ്, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ ആയുർവേദത്തിൻ്റെ ടാഗ് അടിച്ച് അവർ വിൽപ്പനക്ക് ഇറക്കി. വളരെ പെട്ടെന്ന് തന്നെ അത് ഒരു വൻ വിജയം ആയി. കൺസ്യൂമർ ഗുഡ്സ് പ്രൊഡക്ഷൻ കൂടുതൽ ശ്രദ്ധ വേണ്ട ഒന്നാണെന്ന് ദാസൻ തിരിച്ചറിഞ്ഞു. ഫാക്ടറിയിലെ ദൈനം ദിന കാര്യങ്ങൾ നേരിട്ട് മനസ്സിലാക്കാൻ അയാൾ മറ്റാരും അറിയാതെ തൻ്റെ ഫാക്ടറിയിൽ തന്നെ ഒരു സാധാരണ ക്വാളിറ്റി കൺട്രോളർ ആയി ജോലിയിൽ കയറി. ഓരോ ചെറിയ പോരായ്മകളും അടിസ്ഥാന തലത്തിൽ തന്നെ പരിഹരിക്കാൻ അത് ആവശ്യമാണെന്ന് ദാസന് അറിയാമായിരുന്നു. തങ്ങളുടെ കൂടെ പഴകുന്നത് ആരാണെന്ന് അറിയാതെ തൊഴിലാളികളും മറ്റ് ഉദ്യോഗസ്ഥരും ദാസനോട് സൗഹൃദം സ്ഥാപിച്ചു. സ്വന്തം പേരിൽ കണക്കില്ലാത്ത സ്വത്ത് ഉണ്ടായിട്ടും മാസാമാസം കിട്ടുന്ന ശമ്പളത്തിന് എന്തോ ഒരു സുഖം ദാസന് തോന്നി. ആൾമാറാട്ടം അവന് ഒരു വിനോദമായി.