‘അപ്പോൾ എന്നോട് പിണക്കം മാറിയോ..?
അവൾ ഏറെ നേരത്തിനു ശേഷം കുറച്ചു മുഖപ്രസാദം വരുത്തി ചോദിച്ചു
‘ആ കുറച്ചു.. ഞാൻ കാരണം നീ പരീക്ഷ എഴുതാതെ ഇരിക്കേണ്ട.. വാ..’
ഞാൻ ഇരിക്കുന്നിടത്തു നിന്നും എഴുന്നേറ്റു
‘അപ്പോൾ നീ എഴുതുന്നില്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു
‘ഇല്ല..’
ഞാൻ മറുപടി കൊടുത്തു
‘എന്നാൽ ഞാനുമില്ല..’
ഇഷാനിയുടെ മുഖത്തെ തെളിച്ചം പോയി. അവൾ വീണ്ടും ശോകം ആയി
‘നീ ഇവിടെ ഇരുന്നാൽ നിനക്ക് തന്നെ ആണ് നഷ്ടം..’
എനിക്ക് ദേഷ്യം വന്നു തുടങ്ങി. ഈ പെണ്ണിന് കാര്യം മാനസിലാക്കുന്നുമില്ലല്ലോ
‘നമ്മൾ രണ്ട് പേർക്കും ഒരുപോലെ ആണ് നഷ്ടം..’
അവൾ പറഞ്ഞു
‘അല്ല. ഈ എക്സാം ഇല്ലെലോ ഡിഗ്രി ഇല്ലെലോ എനിക്കൊരു ചുക്കുമില്ല. എനിക്ക് ഒരു ജോലി വേണേൽ തന്നെ അതിന് ഇതിന് മുമ്പ് പഠിച്ച സർട്ടിഫിക്കറ്റ്സ് ഉണ്ട്. ഇനി പണിക്ക് പോയില്ലേലും എനിക്ക് ജീവിക്കാം.. എന്റെ അപ്പൻ അതിനുള്ളത് സമ്പാദിച്ചു ഇട്ടിട്ടുണ്ട്.. അതേ പോലെ ആണോ നീ..?
ഞാൻ കുറച്ചു ഹാർഷ് ആയി ചോദിച്ചു. എന്റെ ആ ചോദ്യം പെട്ടന്ന് ഒരു മുള്ള് പോലെ ഇഷാനിയെ വേദനിപ്പിച്ചത് ഞാൻ കണ്ടു. എന്റെ സാമ്പത്തികഭദ്രത അവളെ മനസിലാക്കാൻ പറഞ്ഞതാണ് എങ്കിലും അതിലെ മറ്റൊരു വശമാണ് അവൾ കണ്ടത്. അവൾക്ക് ആരുമില്ല എന്നൊരു വശം കൂടി അതിന് ഉണ്ടായിരുന്നു. പക്ഷെ അതൊരിക്കലും ഞാൻ ചിന്തിച്ചത് അല്ല. അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.. അത് കണ്ടു എനിക്കും സങ്കടം വന്നു
‘ഞാൻ വേറെ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. സോറി.. ശേ..’
എന്റെ നാക്ക് പിഴയിൽ എനിക്ക് സ്വയം പുച്ഛം തോന്നി
‘നീ വാ.. എഴുന്നേൽക്ക്.. ഞാൻ വരാം എക്സാമിന്..’
അവസാനം ഞാൻ തന്നെ തോറ്റു കൊടുക്കാൻ തീരുമാനിച്ചു.
‘സത്യം…?
കണ്ണുകൾ നിറഞ്ഞെങ്കിലും മുഖത്ത് പുഞ്ചിരി വിടർന്നു അവൾ ചോദിച്ചു
‘മ്മ്..’
എനിക്ക് അത്ര സന്തോഷം ഇല്ലായിരുന്നു. എന്നാലും ഞാൻ ചെറുതായ് ചിരിച്ചു. അവൾ എഴുന്നേറ്റ് ബാഗ് എടുത്തു. ഞാൻ വെറും കയ്യോടെ എഴുന്നേറ്റ് വീടിന് പുറത്തേക്ക് നടക്കുന്നത് കണ്ടു ഇഷാനി ചോദിച്ചു