‘ ഞാൻ വരുന്നില്ല. നീ ഇനി എത്ര ദേഷ്യപ്പെട്ടാലും പിണങ്ങിയാലും ഞാൻ വരുന്നില്ല.. മോൾ വാശി കാണിച്ചു ഇവിടെയും ജയിക്കാൻ നോക്കണ്ട..’
ഞാൻ പറഞ്ഞു
‘ആണല്ലോ.. ശരി… എങ്കിൽ ഞാനും പോകുന്നില്ല.. ഇവിടെ ഇരിക്കുവാ നിന്റെ കൂടെ..’
ഇഷാനി എന്റെ അടുത്ത് നിന്നും മാറി ഒരു കസേരയിൽ പോയി ദേഷ്യത്തോടെ കൈ കെട്ടി ഇരുന്നു
‘നീ എന്തിനാ പോകാതെ ഇരിക്കുന്നെ..?
ഞാൻ വെറുതെ ചൊറിയാൻ ചോദിച്ചു. ചൊറിഞ്ഞാൽ ചിലപ്പോൾ ആ കലിപ്പിൽ അവൾ ഇറങ്ങി പൊക്കോളും
‘ഞാൻ കാരണമല്ലേ എല്ലാം. അതല്ലേ നീ ഒന്നും എഴുതാൻ വരാത്തത്. അപ്പോൾ ഞാനും എഴുതുന്നില്ല..’
ഇഷാനി വാശി കാണിച്ചു എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
‘ദേ ഇപ്പോൾ പോയാൽ ഒരു ബസ് ഉണ്ട്. അതിന് പോയാൽ സമയത്തു നിനക്ക് എക്സമിനു കേറാം.. വാശി കാണിച്ചാൽ ഇവിടെ ഇരിക്കത്തെ ഉള്ളു..’
ഞാൻ അവളോട് കാര്യമായി പറഞ്ഞു
‘ഇരുന്നോളാം..’
അവൾ ദേഷ്യത്തിൽ മറുപടി തന്നു.
എങ്കിൽ അവിടെ ഇരുന്നോ എന്ന മട്ടിൽ ഞാൻ അത് കാര്യമാക്കാതെ എണീറ്റ് അടുക്കളയിലേക്ക് പോയി. മാഗി ഒരു പാക്കറ്റ് പൊട്ടിച്ചു കുക്ക് ചെയ്തു. അവളോട് വേണോ എന്ന് ചോദിച്ചു മുന്നിൽ നീട്ടിയപ്പോൾ അവൾ മുഖം തിരിച്ചു. അത് കൊണ്ട് ഞാൻ തന്നെ അത് ഇരുന്നു തിന്നു. സമയം പിന്നെയും നീങ്ങി. എക്സാം തുടങ്ങാൻ പതിനഞ്ച് മിനിറ്റ് കൂടെയേ കാണൂ.. ഇവൾ ആണേൽ അനങ്ങുന്നും ഇല്ല.. എനിക്ക് ഒരു പേടി ആയി തുടങ്ങി. ഇവൾ ഇനി ശരിക്കും പോണില്ലേ..?
‘ദേ ക്ലോക്കിലേക്ക് നോക്കിക്കേ.. പതിനഞ്ച് മിനിറ്റ് കൂടെയേ ഉള്ളു. ഇനി നീ പോയാലും സമയത്ത് എത്തില്ല..’
ഞാൻ അവളെ പേടിപ്പിക്കാൻ നോക്കി
‘അത് നിനക്കും ബാധകം ആണ്..’
അവൾ തിരിച്ചു പറഞ്ഞു
‘ഞാൻ അതിന് പോകാൻ ഉദ്ദേശിച്ചിട്ടില്ല..’
ഞാൻ മറുപടി കൊടുത്തു
‘ഞാനും..’
ഞാൻ കൊടുത്തത്തിലും വേഗം മറുപടി തിരിച്ചു വന്നു.