ഞാൻ ധൃതി വച്ചു റോഡിൽ ഇറങ്ങി. ബസ് ഒന്നും നോക്കി മിനക്കെട്ടില്ല, ഒരു ഓട്ടോ വന്നപ്പോ അതിൽ കൈ കാണിച്ചു കയറി ഹോട്ടലിൽ പോയി ഇറങ്ങി. വിശപ്പ് നല്ലവണ്ണം എന്നെ പരീക്ഷിക്കുന്നുണ്ട് എങ്കിലും ഉള്ളിൽ എരിയുന്ന വിശപ്പിനും മേൽ ഞാൻ നെഞ്ചിൽ എരിയുന്ന പ്രണയത്തിനു സ്‌ഥാനം കൊടുത്തു. അവളെ കണ്ടിട്ടേ ഇനി എനിക്ക് എന്തെങ്കിലും ഇറങ്ങൂ എന്ന് തോന്നി. ഞാൻ വേഗം ബൈക്ക് എടുത്തു കോളേജിൽ ചെന്നു. ഞാൻ ചെന്നപ്പോളേക്കും ലഞ്ച് ബ്രേക്ക് ആയിരുന്നു. ആഷിക്കും ഫാത്തിമയും ഞങ്ങളുടെ ബെഞ്ചിൽ ഒരുമിച്ചു ഇരുന്ന് ഭക്ഷണം കഴിക്കുന്നു. രാഹുൽ വന്നിട്ടില്ല. അവനും ചിലപ്പോ എണീറ്റ് കാണില്ല. ആഷിക്ക് എന്നെ കഴിക്കാൻ വിളിച്ചെങ്കിലും ഞാൻ നിന്നില്ല. ഇഷാനി എവിടെ കാണുമെന്ന് നോക്കി ഞാൻ പുറത്തേക്ക് പോയി. ഭക്ഷണമൊക്കെ കഴിച്ചു ഗ്രൗണ്ടിന് അടുത്ത് ഞങ്ങൾ പണ്ട് സ്‌ഥിരം വന്നിരിക്കാറുള്ള വാകയുടെ ചുവട്ടിൽ ആയിരുന്നു അവൾ. ഞാൻ മെല്ലെ അവളുടെ അടുത്ത് ചെന്നിരുന്നു..
‘എന്താ താമസിച്ചു വന്നെ.. ഞാൻ കരുതി ഇന്ന് വരില്ലെന്ന്..?
അവൾ പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു
‘നല്ല ക്ഷീണം ഉണ്ടായിരുന്നു.. അതാ എണീക്കാൻ താമസിച്ചത്..’
ഞാൻ പറഞ്ഞു
‘ക്ഷീണം ഉണ്ടേൽ ഇന്ന് ലീവ് എടുത്തൂടെയിരുന്നോ..?
‘എടുത്തേനേ.. പക്ഷെ ഇന്ന് എനിക്ക് ലീവ് എടുത്തു അവിടെ ഇരുന്നാൽ ഇരിപ്പ് ഉറയ്ക്കില്ല..’
‘അതെന്താ..?
അവളുടെ മുഖത്ത് ഒരു ഭാവ മാറ്റവും കാണാൻ കഴിയുന്നില്ല. ഈ കാര്യം ആലോചിക്കുമ്പോൾ അവൾക്കൊരു നാണം വരേണ്ടത് ആണല്ലോ എന്ന് ഞാൻ ഓർത്തു
‘നിന്റെ മറുപടി കിട്ടാൻ..! അതിനാ ഫുഡ് പോലും അടിക്കാതെ ഞാൻ ഓടി പിടച്ചു ഇവിടേക്ക് വന്നത്..’
‘അപ്പോൾ ഫുഡ് കഴിച്ചില്ലേ..? കൊള്ളാം.. വാ എണീക്ക് പോയി ഫുഡ് കഴിക്ക്..’
അവൾ എന്നെ ഫുഡ് കഴിക്കാൻ നിർബന്ധിച്ചു
‘അത് ഞാൻ കഴിച്ചോളാം, നീ ആദ്യം നമ്മുടെ കാര്യം പറ..’
‘നമ്മുടെ എന്ത് കാര്യം..?
അവൾ ഒന്നും അറിയാത്തത് പോലെ സംസാരിച്ചു