ഗാലറിയിൽ കരച്ചിൽ കണ്ട് ഉള്ള് തണുപ്പിച്ചപ്പോൾ ആണ് മുതുകിൽ എന്തോ വന്നു വീഴുന്നത് ഞാൻ അറിഞ്ഞത്.. രാഹുൽ ആയിരുന്നു അത്. അവൻ എന്റെ തോളിൽ ആള്ളിപ്പിടിച്ചു ഇരുന്നു. എന്നാൽ അവനെ നിസാരമായി താങ്ങിയത് പോലെ ബാക്കി പത്തെണ്ണത്തിനെയും ഞാൻ താങ്ങിയില്ല.. രാഹുലിന് പുറകെ ഓരോന്നായി എന്റെ മേലേക്ക് എല്ലാം കൂടി ഒരുമിച്ചു വീഴാൻ തുടങ്ങി. ഞാൻ ഏറ്റവും അടിയിലും എല്ലാവരും ഒരു കൂമ്പാരം പോലെ എനിക്ക് മീതെയും.. ശ്വാസം മുട്ടിയെങ്കിലും വിജയത്തിന്റെ ലഹരിയിൽ ഞാൻ ആഹ്ലാദിച്ചു.. കളി പിന്നെ ഒരു ചടങ്ങ് പോലെ ഉണ്ടായിരുന്നുള്ളു. ഒരു മിനിറ്റ് അങ്ങോട്ടും ഇങ്ങോട്ടും ബോൾ തട്ടി വന്നപ്പോളേക്കും ഫൈനൽ വിസിൽ മുഴങ്ങി.. അതോടെ ടീമിൽ പലരും അടക്കി വച്ച കണ്ണീർ പുറത്തു വരാൻ തുടങ്ങി.. ഫൈനൽ ഞങ്ങൾ ജയിച്ചിരിക്കുന്നു.. കോളേജിന്റെ ചരിത്രത്തിൽ ആദ്യമായ് ഞങ്ങൾ കപ്പ് അടിച്ചിരിക്കുന്നു..
ഓടിയെത്തിയ കുട്ടികൾ ഞങ്ങളെ എടുത്തുയർത്തി. എന്നെയും ആരൊക്കെയോ പൊക്കി കൊണ്ട് കുറച്ചു നേരം നടന്നു.. എന്റെ പേരിലൊക്കെ ചാന്റ്സ് മുഴങ്ങുന്നുണ്ടായിരുന്നു അപ്പോളും. വിജയത്തിന്റെ ആ ഉന്മാദത്തിലും മറ്റൊരു കാര്യം ആണ് എന്നെ ത്രസിപ്പിച്ചത്.. കളി ജയിച്ചാൽ ഇഷാനി എന്നോട് പറയാമെന്നു ഏറ്റ കാര്യം.. – എന്നോടുള്ള പ്രണയം. അത് ഞാൻ നേടിയിരിക്കുന്നു.. കൂട്ടം കൂടിയെത്തിയ കുട്ടികളുടെ നടുവിലും ദൂരെ പടവുകളിലും എല്ലാം എന്റെ കണ്ണുകൾ അവളെ പരതി. ആ അന്വേഷണം അവളെ ഓഴിച്ചു കോളേജിൽ എനിക്ക് പരിചിതമായ മറ്റെല്ലാ മുഖങ്ങളും കണ്ടത് പോലെ തോന്നി. വിജയഘോഷത്തിന്റെ തിരക്കുകൾക്ക് ഇടയിൽ ഞാൻ പതിയെ പിൻവലിഞ്ഞു ഫോണിൽ അവളെ വിളിച്ചു. ആദ്യ തവണ ഫോൺ എടുത്തില്ല എങ്കിലും അടുത്ത വട്ടം അവൾ ഫോൺ എടുത്തു
‘നീ എവിടാ …?
ഞാൻ ആകാംക്ഷയോടെ ചോദിച്ചു
‘ഞാൻ ബസിലാണ്..’
അവൾ മറുപടി തന്നു
സന്തോഷത്തിന്റെ കൊടുമുടിയുടെ മഞ്ഞുരുകുന്നത് പോലെ എനിക്ക് തോന്നി. ഇത്രയും കഷ്ടപ്പെട്ട് ചോര നീരാക്കി കളിച്ചത് അവൾക്ക് മുന്നിൽ ജയിച്ചു കാണിക്കാനാണ്. എന്നിട്ടിപ്പോ എന്നെ ഒന്ന് വന്നു കാണുക പോലും ചെയ്യാതെ അവൾ പോയിരിക്കുന്നു.. എന്താ അവൾക്കിത്ര അത്യാവശ്യം…? ഞാനത് വെട്ടി തുറന്നു ചോദിച്ചു