റോക്കി 4 [സാത്യകി]

Posted by

 

അടുത്തേക്ക് വന്ന ബോളിൽ ഒന്ന് നെറ്റി മുട്ടിക്കാനേ എനിക്ക് കഴിഞ്ഞുള്ളു. ബോൾ ഗതി മാറി ഗോൾ പോസ്റ്റ്‌ ലക്ഷ്യമാക്കി പോകുമ്പോൾ ഞാൻ മെല്ലെ താഴേക്ക് വീഴുകയായിരുന്നു.. എന്റെ കണ്ണുകൾ അപ്പോളും ബോളിൽ ആയിരുന്നു. കുരുക്ഷേത്രയുദ്ധത്തിന് മുമ്പ് രണ്ട് അക്ഷഹൗണികളെയും നിശ്ചലമാക്കി കൃഷ്ണൻ അർജുനനു കാണിച്ചു കൊടുത്തത് പോലെ ഗോൾ മുഖം നിശ്ചലമായി ഒരു ഛായാചിത്രത്തിൽ എന്ന പോലെ ഞാൻ എല്ലാവരെയും കണ്ടു. കാണികൾ എല്ലാവരുടെയും കണ്ണുകൾ ബോളിൽ തന്നെ ആയിരുന്നു.. അവരുടെ ശ്വാസം നിലച്ചത് പോലെ ആയിരുന്നു ഇരിപ്പ്.. എതിർ ടീമിലെ കുറച്ചു പേര് അലറി വിളിക്കാൻ തുടങ്ങുന്നത് പോലെ തോന്നി.. മറ്റു ചിലർ എന്തോ അത്യാഹിതം സംഭവിച്ചത് പോലെ ഞെട്ടിക്കൊണ്ട് ഇരിക്കുന്നു.. ഗോൾ കീപ്പർ ബോളിനെ സശ്രദ്ധം വീക്ഷിച്ചു കൊണ്ട് ഇരു കൈകളും വിടർത്തി ചാടുന്നു.. അവന്റെ കൈകൾ ചെറുതായ് ചലിക്കുന്നു.. കണ്ണുകളിൽ ഈ സ്ലോമോഷൻ കാഴ്ച കണ്ട് കൊണ്ടിരിക്കെ എന്റെ കാലുകൾ മെല്ലെ നിലത്തുരസി.. കൈകൾ കുത്തി ഞാൻ താഴെ വീഴുമ്പോളേക്ക് സ്ലോ മോഷൻ അവസാനിച്ചു ബോളും ഗോളിയും തമ്മിലുള്ള പോരാട്ടം മാത്രമായി ഞങ്ങളുടെ ഫൈനൽ മാറിയിരുന്നു.

 

ഗോളിയുടെ കൈകളിൽ പന്ത് തട്ടരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. എന്നാൽ ബോൾ കൈവിരലുകളിൽ തട്ടി. യുഗങ്ങൾക്ക് മുമ്പ് ഈ ഭൂമി ഭരിച്ചിരുന്ന ദിനോസറുകളുടെ വാഴ്ച്ച ഒടുക്കാൻ ഇവിടേക്ക് വന്നു പതിച്ച കൂറ്റൻ ഉൽക്കയെ പോലെ, ഇക്കാലമത്രയും യൂണിവേഴ്സിറ്റി ഫുട്ബോളിന്റെ തമ്പുരാക്കന്മാർ ആയി വിലസിയിരുന്ന എസ് എൻ കോളേജിന്റെ പ്രതാപം അവസാനിപ്പിക്കാൻ പോന്ന ഉൽക്ക ആയിരുന്നു ആ ബോൾ അപ്പോൾ.. അതിന്റെ മിന്നൽ വേഗത്തിനെയും കരുത്തിനെയും കൈവിരലുകളിൽ തട്ടി തെറിപ്പിക്കാൻ ഗോളിക്ക് കഴിഞ്ഞില്ല. വിരലുകളിൽ തലോടി പന്ത് ഉള്ളിലേക്ക് പാഞ്ഞു.. അവരുടെ വല കുലുങ്ങുമ്പോളും അങ്ങിങ്ങായി കുറച്ചു ആക്രോശങ്ങൾ അല്ലാതെ അവിടെ ആകമാനം നിശബ്ദത മൂടിയിരുന്നു..

 

മൈതാനത്തു വീണു കിടന്ന ഞാൻ എണീറ്റപ്പോളും അവിശ്വസനീതയുടെ ആ മൂകത അവിടെ തളം കെട്ടിയിരുന്നു.. അവസാന നിമിഷം അട്ടിമറി വിജയത്തിലേക്ക് ചുവട് വച്ചപ്പോൾ ഗാലറി അടക്കം മൌനത്തിൽ ആയിരുന്നു എന്ന് പറഞ്ഞാൽ ആരും ഒരിക്കലും ആ കഥ വിശ്വസിക്കാൻ പോണില്ല.. നിലത്തു നിന്നും എഴുന്നേറ്റ ഞാൻ ഓടി ഗാലറിക്ക് നേരെ ചെന്ന് നിന്നു.. എസ് എൻ കോളേജിലെ കുട്ടികളാണ് ഈ സൈഡിൽ ഇരിക്കുന്നത്. ഇത്രയും നേരം ഞങ്ങളെ കൂക്കി വിളിച്ചും പരിഹസിച്ചും പാരഡി പാടിയും കളിയാക്കി നശിപ്പിച്ച പിള്ളേർ.. ഇപ്പോൾ ആ തൊണ്ടകൾ ഒക്കെയും നിശബ്ദമാണ്.. ചില മുഖങ്ങളിൽ എനിക്ക് നൈരാശ്യം കാണാം, ചിലതിൽ വേദനയും. അവർക്ക് മുന്നിലായ് മൈതാനത്തു ഒരു ജേതാവിനെ പോലെ ഞാൻ നിന്നു. രണ്ട് കൈകളും മുന്നോട്ടു നീട്ടി മിശിഹായെ പോലെ ഞാൻ അവർക്ക് മുന്നിൽ നിന്നു. അവിടെ ഗാലറിയിൽ ഞങ്ങളുടെ സൈഡിൽ നിന്ന് ആരവം മുഴങ്ങുന്നതിന് മുമ്പ് തന്നെ ഇവിടെ ഇവർ കരഞ്ഞു തുടങ്ങിരിക്കുന്നു. കപ്പ് മോഹിച്ചു പാട്ട് പാടി ബസും പിടിച്ചു ഇവിടെ വന്ന പത്തു നൂറെണ്ണത്തിനെ പച്ചയ്ക്ക് ഇരുത്തി കരയിപ്പിച്ചപ്പോൾ എന്റെ സെലിബ്രേഷൻ പൂർത്തി ആയതു പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *